പ്രതീകാത്മക ചിത്രം
നിയമപരമായി നേരിടുമെന്ന് എൽഡിഎഫ്
പത്തനംതിട്ട: തിരുവല്ല ഈസ്റ്റ് ഓപ്പറേറ്റീവ് ബാങ്ക് ഭരണസമിതി പിരിച്ചുവിട്ട് അഡ്മിനിസ്ട്രേറ്റർ ഭരണം ഏർപ്പെടുത്തിയ ജില്ലാ സഹകരണവകുപ്പ് ജോയിന്റ് രജിസ്ട്രാറുടെ നടപടി നിയമവിരുദ്ധമെന്ന ആരോപണവുമായി ഭരണസമിതിയും എൽഡിഎഫും. ഭരണസമിതിയെ പിരിച്ചുവിട്ട് പത്തനംതിട്ട ജോയിന്റ് രജിസ്ട്രാർ (ജനറൽ) ഓഫീസിലെ അസി. രജിസ്ട്രാർ (പ്ലാനിംഗ്) ഷാജി ജോണിനെയാണ് അഡ്മിനിസ്ട്രേറ്ററായി നിയമിച്ചത്.
ജോയിന്റ് രജിസ്ട്രാറും അഡ്മിനിസ്ട്രേറ്ററായി നിയമിതനായ അസി. രജിസ്ട്രാറും പോലീസ് സുരക്ഷയിൽ ബാങ്കിലെത്തി രേഖകൾ കൈവശപ്പെടുത്തി ചുമതലയേൽക്കുകയായിരുന്നു. ഇതിനെതിരേ ഹൈക്കോടതിയെ സമീപിക്കുമെന്ന് ഭരണസമിതി ചെയർമാനായിരുന്ന ഡോ. ജേക്കബ് ജോർജ് പത്രസമ്മേളനത്തിൽ പറഞ്ഞു.
ഈസ്റ്റ് സഹകരണ ബാങ്ക് ഭരണസമിതി പിരിച്ചുവിട്ട നടപടി ജനാധിപത്യ വിരുദ്ധമാണെന്ന് സിപിഎം ജില്ലാ സെക്രട്ടറി രാജു എബ്രഹാം ആരോപിച്ചു. കേരള സഹകരണ നിയമം വകുപ്പ് 32 പ്രകാരമാണ് ഭരണസമിതിയെ പിരിച്ചുവിട്ട് ഉത്തരവായത്. സഹകരണ സംഘം രജിസ്ട്രാർ വകുപ്പ് 65 (1) പ്രകാരം അന്വേഷണം നടത്തുന്നതിന് ആവശ്യപ്പെട്ട രജിസ്റ്ററുകളും റിക്കാർഡുകളും അനുബന്ധ രേഖകളും നൽകാതെ ബാങ്ക് ഭരണസമിതിയും മാനേജിംഗ് ഡയറക്ടറും ബോധപൂർവം തടസപ്പെടുത്തിയെന്നതാണ് പിരിച്ചുവിടലിനു കാരണമായി പറയുന്നത്.
അതേസമയം ആരോപണങ്ങളെല്ലാം അടിസ്ഥാന രഹിതമാണെന്ന് ഭരണസമിതി പത്രസമ്മേളനത്തിൽ വിശദീകരിച്ചു. ചെയർമാന് പുറമേ വൈസ് ചെയർമാൻ ജോർജ് കുരുവിള, ഡയറക്ടർമാരായ മനുഭായി മോഹൻ, കെ.സതീഷ്, അനിൽ ഏബ്രഹാം എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.
നിലവിലെ ഭരണസമിതിയുടെ കാലാവധി നവംബർ 27ന് അവസാനിക്കാനിരിക്കേയാണ് പിരിച്ചുവിടൽ നടപടി. ദീർഘകാലം യുഡിഎഫ് ഭരണത്തിലായിരുന്ന ബാങ്ക് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് പിടിച്ചെടുക്കുകയായിരുന്നു. ബാങ്കിൽ ഭരണസമിതി നടത്തിയ ചില നിയമനങ്ങൾ തർക്കത്തിലാണ്. ജനറൽ മാനേജർ തസ്തികയിലായിരുന്നയാളെ മാനേജിംഗ് ഡയറക്ടറായി നിയമിച്ച് വൻതുക ശന്പളം നൽകിയത് വിവാദമായിരുന്നു. കേരള ബാങ്കിൽ നിന്നും വിരമിച്ച ഉദ്യോഗസ്ഥനാണ് മാനേജിംഗ് ഡയറക്ടറായത്. റിസർവ് ബാങ്ക് നിർദേശ പ്രകാരമാണ് നിയമനമെന്ന് പറയുന്നുണ്ടെങ്കിലും നടപടിക്രമങ്ങൾ പൂർണമായിട്ടില്ലെന്നാണ് ആരോപണം. 12 പ്യൂൺമാരെ നിയമിച്ചതുമായി ബന്ധപ്പെട്ടും ആക്ഷേപം ഉയർന്നിരുന്നു.
Tags : Nattuvishesham DistrictNews DeepikaNews