വടക്കഞ്ചേരി: പുഴയോരത്തിനും കുളത്തിനും പച്ചപ്പും സംരക്ഷണവുമായി മുളങ്കൂട്ടതുരുത്തുകൾ. മംഗലം പാലത്തിനു താഴെയുള്ള മംഗലം പുഴയോരമാണ് മുളങ്കൂട്ടങ്ങളിൽ പച്ചപ്പണിഞ്ഞു നിൽക്കുന്നത്.
വടക്കഞ്ചേരി ശ്രീരാമ തിയറ്ററിനടുത്തെ പുതുക്കുളവും മുളങ്കൂട്ടങ്ങളാൽ സമൃദ്ധമാണ്. നവകേരളം പദ്ധതിയിൽ ഹരിതകേരള മിഷൻ എട്ടുവർഷംമുമ്പ് നട്ടുവളർത്തിയ വിവിധയിനം മുളംതൈകളാണ് ഇപ്പോൾ പ്രദേശമാകെ ഹരിതാഭചൂടി നിൽക്കുന്നത്. കാടുമൂടി ആളുകൾ മാലിന്യങ്ങൾ നിക്ഷേപിച്ചിരുന്ന പ്രദേശങ്ങൾ ഇന്നിപ്പോൾ പല നിറങ്ങളിലുള്ള മുളകളുടെ കൗതുക പ്രദേശങ്ങളായി മാറി. സായാഹ്ന സവാരിക്കും സായാഹ്നതെന്നലേൽക്കാനുമെല്ലാം പ്രായമായവർ ഉൾപ്പെടെ ഈ പ്രദേശങ്ങളിലെത്തുന്നുണ്ട്.
സാമൂഹ്യ വിരുദ്ധരുടെയും മദ്യപസംഘങ്ങളുടെയും കടന്നുകയറ്റം ഇല്ലാതാക്കാനുള്ള കർശന നടപടികളോടെയാണ് പച്ചതുരുത്തുകളുടെ പരിപാലനം നടക്കുന്നത്.
എട്ടുവർഷം മുമ്പ് അന്നത്തെ പഞ്ചായത്ത് പ്രസിഡന്റായിരുന്ന അനിത പോൾസനും മുൻ മെംബറും ഇപ്പോൾ പഞ്ചായത്ത് പ്രസിഡന്റുമായ സി. പ്രസാദും മംഗലം മെംബർ വിശ്വനാഥനും ഉൾപ്പെടെയുള്ളവരുടെ നേതൃത്വത്തിലുള്ള ഭരണസമിതിയാണ് മുളങ്കൂട്ടതുരുത്ത് എന്ന ആശയത്തിൽ ശ്രീരാമ തീയറ്ററിനടുത്ത് പുതുകുളത്തും മംഗലം പുഴയോരത്തും പുതു ആശയം നടപ്പിലാക്കിയത്.
പുതുകുളത്ത് 140 മഞ്ഞ മുളകൾ നട്ടത് ഇപ്പോൾ അത് 3500 മുളകളായി വളർന്ന് വലിയമുളങ്കാടായി മാറി. കുളവും വശങ്ങൾ കെട്ടി സംരക്ഷിച്ചതോടെ പുതുകുളം അക്ഷരാർഥത്തിൽ ഏറെ നവീനവും മനോഹരവുമായി.
നിരവധിയാളുകൾ കുളിക്കാനും കുട്ടികൾ നീന്തൽ പഠിക്കാനും എത്തുന്നത് ഈ കുളത്തിലാണ്. മംഗലം പാലത്തിനടുത്ത് മുളങ്കൂട്ടതുരുത്തിൽ 200 തൈ നട്ടത് ഇപ്പോൾ മൂവായിരത്തിലധികമായതായി തുരുത്തുകളുടെ പരിപാലകനായ ഹരിത കേരള മിഷൻ കിഴക്കഞ്ചേരി ഡിവിഷൻ റിസോഴ്സ് പേഴ്സനും ജൈവവൈവിധ്യ പരിപാലന സമിതി മുൻ കൺവീനറുമായിരുന്ന കെ.എം.രാജു പറഞ്ഞു.
ജില്ലയിലെ മികച്ച മുളങ്കൂട്ടതുരുത്തുകളായി മംഗലം പുഴയോരത്തെ മുളങ്കൂട്ട പച്ചത്തുരുത്തിനേയും പുതുക്കുളം പച്ച ത്തുരുത്തിനേയും കഴിഞ്ഞ വർഷം തെരഞ്ഞെടുത്തിരുന്നു. 2018 ലും 2019 ലും പ്രളയമുണ്ടായി മംഗലംഡാമിൽ നിന്നും ഉരുൾപൊട്ടിയുള്ള കലക്കുവെള്ളം ഉൾപ്പെടെ പുഴയിലൂടെ കുത്തിയൊഴുകിയപ്പോഴും പുഴയോരം മണ്ണിടിയാതെ സംരക്ഷിച്ചത് ഈ മുളങ്കാടുകളുടെ വേരുപിടുത്തങ്ങൾ തന്നെ.
വേനലിൽ പുഴ വറ്റിയാലും ഈർപ്പം നിറഞ്ഞ പുഴയോരത്തെ മുളങ്കാുകൾ നിരവധി ജലജീവികളും പറവകളും ആവാസ കേന്ദ്രമാക്കും. നാടൻ മത്സ്യസമ്പത്തും അന്യം നിന്നുപോകുന്ന നീർക്കോലിപാമ്പ് ഉൾപ്പെടെയുള്ള കർഷകമിത്ര ജീവികളും മുളങ്കാടിനു താഴെ വെള്ളമുള്ളയിടങ്ങളിൽ താമസക്കാരായുണ്ട്.
Tags : nattu vishesham Mulanguttam trees protect