കൂടരഞ്ഞി : വിദേശ വിസ വാഗ്ദാനം ചെയ്ത് കോടികളുടെ തട്ടിപ്പ് നടത്തിയെന്ന പരാതിയിൽ പ്രതികളുടെ വീടുകളിലേക്ക് ഇരകളുടെ പ്രതിഷേധം.
കോഴിക്കോട് പന്തീരങ്കാവ് കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന ‘ഫ്ലൈഗൻ ഓവർസീസ്’ സ്ഥാപനത്തിന്റെ ഉടമകളായ കൂടരഞ്ഞി കൂമ്പാറ പുഷ്പഗിരി സ്വദേശികളായ സഹോദരങ്ങൾക്കെതിരേയാണ് വിവിധ ജില്ലകളിൽ നിന്നെത്തിയ തട്ടിപ്പിനിരയായവർ പ്രതിഷേധിച്ചത്. തിരുവനന്തപുരം മുതൽ കാസർഗോഡ് വരെയുള്ള ജില്ലകളിൽ നിന്നുള്ള നൂറുകണക്കിന് പേരാണ് തട്ടിപ്പിനിരയായതെന്ന് പരാതിക്കാർ പറഞ്ഞു.
ജീവിതസമ്പാദ്യവും കടം വാങ്ങിയ പണവും നൽകിയവരിൽ പലർക്കും വാഗ്ദാനം ചെയ്ത വിദേശ വിസ ലഭിച്ചില്ലെന്നാണ് ആരോപണം.ഞായറാഴ്ച പുഷ്പഗിരിയിലെത്തിയ ഇരകൾ പ്രതികളുടെ ചിത്രവും ‘നാട്ടുകാരെ സൂക്ഷിക്കുക, ഇവർ കോടികളുടെ തട്ടിപ്പുകാരാണ്’ എന്ന മുന്നറിയിപ്പും അടങ്ങിയ നോട്ടീസുകൾ പ്രദേശവാസികൾക്ക് വിതരണം ചെയ്തു. പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും നഷ്ടപ്പെട്ട പണം തിരികെ ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ടാണ് പ്രതിഷേധം.
പ്രതികൾക്കെതിരേ ശക്തമായ നിയമനടപടി സ്വീകരിച്ച് നീതി ലഭ്യമാക്കുന്നതുവരെ സമരം ശക്തമാക്കുമെന്ന് തട്ടിപ്പിനിരയായവർ അറിയിച്ചു.
Tags : nattu vishesham Multi-crore fraud foreign visas