രാംജക് കൊടുമുടിയുടെ നെറുകയില് എത്തിയ എം. കണ്ണന്, വിനോദ് ജേക്കബ്, പ്രിന്സ് ജേക്കബ്, ഷിജോ ജോസ്.
മൂന്നാര്: കഠിനമായ തണുപ്പും വായുവിന്റെ കുറഞ്ഞ മര്ദവും കാരണം ഹിമാലയത്തിലെ ഏറ്റവും വെല്ലുവിളിനിറഞ്ഞ കൊടുമുടികളിലൊന്നായി കണക്കാക്കപ്പെടുന്ന രാംജക് കൊടുമുടി കീഴടക്കി മൂന്നാര് സ്വദേശികള്. കേരളത്തില്നിന്നുള്ള പര്വതാരോഹണ സംഘം ഇതാദ്യമായാണ് ഈ കൊടുമുടി കീഴടക്കുന്നത്. ഇന്ത്യയില്ത്തന്നെ ഈ കൊടുമുടി വിജയകരമായി കീഴടക്കുന്ന രണ്ടാമത്തെ സംഘമാണ് ഇവര്. മഞ്ഞുപെയ്യുന്ന ഹിമാചല് പ്രദേശിലെ ലാഹോള് താഴ്വരയില് കൊടും തണുപ്പില്, ശ്വാസമെടുക്കാന്പോലും പ്രയാസമുള്ള 6,318 മീറ്റര് ഉയരമാണ് മൂന്നാര് സ്വദിശികളായ നാല്വര് സംഘം കീഴടക്കിയത്.
ദേവികുളം നാഷണല് അഡ്വഞ്ചര് അക്കാദമി മുന് സ്പെഷ്യല് ഓഫീസര് എം. കണ്ണന്, മൂന്നാര് അഡ്വഞ്ചേഴ്സ് മാനേജിംഗ് ഡയറക്ടര് വിനോദ് ജേക്കബ്, എക്സിക്യൂട്ടീവ് ഡയറക്ടര് പ്രിന്സ് ജേക്കബ്, ഡയറക്ടര് ഷിജോ ജോസ് എന്നിവരാണ് സംഘത്തിലുള്ളത്. മൗണ്ടനീയറിംഗ് ഇന്സ്ട്രക്ടര് യോഗ്യതയും മുന്പ് ഹിമാലയത്തിലെ നിരവധി കഠിനപാതകള് കീഴടക്കി പരിചയസമ്പത്തുമുള്ള പര്വ്വതാരോഹകരായ ഇവര് കഴിഞ്ഞ ഏതാനും മാസങ്ങളായി രാംജക് കീഴടക്കാനുള്ള കഠിന് പരിശ്രമത്തിലായിരുന്നു.
4,700 മീറ്റര് ഉയരത്തില് കല്ലും മണ്ണുംനിറഞ്ഞ പ്രദേശത്ത് ആദ്യ ബേസ് ക്യാമ്പ് ഉറപ്പിച്ചുകൊണ്ടാണ് അവര് യാത്ര തുടങ്ങിയത്. അവിടെനിന്നു മുന്നോട്ട് പോകുന്തോറും തണുപ്പിന്റെ തീവ്രതകൂടി. 5,100 മീറ്ററിലെ ക്യാമ്പ് ഒന്നില്നിന്ന് പിന്നീട് പൂര്ണമായും മഞ്ഞുപാളികള് മൂടിയ പാതയിലൂടെയായിരുന്നു യാത്ര. ഒടുവില് 5,800 മീറ്റര് ഉയരത്തില് സമ്മിറ്റ് ക്യാമ്പും സ്ഥാപിച്ച് തണുത്തുറഞ്ഞ രാത്രിയെ അതിജീവിച്ച് അവര് ലക്ഷ്യസ്ഥാനത്തെത്തി. 2026 സെപ്റ്റംബര് 10ന് രാവിലെ കൃത്യം എട്ടിനാണ് കൊടുമുടിയുടെ നെറുകയില് ഇവര് എത്തിയത്. മുമ്പ് ഷിറ്റീദര്, ഫ്രണ്ടഷിപ്പ്, മൗണ്ട് സി.ബി 14, മൗണ്ട് ഷിന്കുന് ഈസ്റ്റ് എന്നീ കൊടുമുടികള് വിജയകരമായി കീഴടക്കിയ മികച്ച പര്വ്വതാരോഹണ പരിചയവും ഈ സംഘത്തിനുണ്ട്. ഈ അനുഭവസമ്പത്തും പരിശീലനവുമാണ് കഠിനമായ രാംജക് ദൗത്യം പൂര്ത്തിയാക്കാന് ഇവരെ പ്രാപ്തരാക്കിയത്.
എന്നാല്, ഈ കൊടുമുടികയറ്റം അവരുടെ കഥയുടെ ആമുഖം മാത്രമാണ്. ഇതുവരെ ആരും കയറാത്ത ഒരു ഹിമാലയന് കൊടുമുടി, വിര്ജിന് പീക്ക് പര്യവേക്ഷണം ചെയ്യുകയാണ് സംഘത്തിന്റെ അടുത്ത ലക്ഷ്യം. അതിനുശേഷം ലോകത്തിന്റെ നെറുകയായ മൗണ്ട് എവറസ്റ്റിന്റെ മുകളില് ഇന്ത്യന് ദേശീയ പതാക ഉയർത്തുക എന്ന വലിയ സ്പ്നത്തിലേക്കാണ് ഇവര് കണ്ണുംനട്ടിരിക്കുന്നത്.