നെടുമങ്ങാട് : ഒന്നര വയസുകാരന്റെ കൊലപാതകത്തിൽ റിമാൻഡിലുള്ള പ്രതികളെ ഇന്ന് കസ്റ്റഡിയിൽ വാങ്ങും. പ്രതികളായ രണ്ടാനച്ചൻ അഷ്കർ, കുട്ടിയുടെ മാതാവ് അഖിലഎന്നിവരെ കസ്റ്റഡിയിൽ വാങ്ങാൻ നെടുമങ്ങാട് പോലീസ് അപേക്ഷ നൽകിയിരുന്നു.
പ്രതികളെ കസ്റ്റഡിയിൽ വാങ്ങുന്നതിനായി നെടുമങ്ങാട് എസ്ടി-എസ്സി കോടതിയിൽ കസ്റ്റഡി അപേക്ഷ ഇന്നലെ അന്വേഷണ സംഘം നൽകിയിരുന്നു. കേസ് ഇന്ന് ഓപ്പൺ കോടതി പരിഗണിക്കും. അതേസമയം, കേസിലെ പ്രതിയായ അഷ്കറിനെതിരെ സ്വന്തം കുടുംബം തന്നെ രംഗത്തെത്തിക്കഴിഞ്ഞു.
അഷ്കർ കുഞ്ഞിനെ നിരന്തരം ഉപദ്രവിക്കാറുണ്ടായിരുന്നുവെന്ന് അമ്മയും സഹോദരിയും കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഭക്ഷണം കഴിക്കാൻ വിസമ്മതിക്കുന്നതിനുപോലും പിഞ്ചുകുഞ്ഞിനെ അഷ്കർ അതിക്രൂരമായി മർദിച്ചിരുന്നു. കൈയിൽ ചുള്ളിക്കമ്പുമായി കസേരയിലിരുന്നാണ് ഇയാൾ കുഞ്ഞിനെ ഭയപ്പെടുത്തി ആഹാരം കഴിപ്പിച്ചിരുന്നത്.
പ്രതിയുടെ മർദനം സഹിക്കവയ്യാതെ ഇയാളുടെ അമ്മയും അമ്മൂമ്മയും പലതവണ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നതായും വിവരങ്ങൾ പുറത്തുവരുന്നുണ്ട്. കുഞ്ഞിനെ അഷ്കർ ചവിട്ടുകയും ഉപദ്രവിക്കുകയും ചെയ്യുന്നത് കണ്ടിട്ടുണ്ടെന്നും കുടുംബാംഗങ്ങൾ വ്യക്തമാക്കുന്നു. ഉച്ചയ്ക്ക് ചോറു കൊടുക്കുന്നതിനിടെ കുട്ടി ഛർദിച്ചതിനെ തുടർന്നു തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ എത്തിച്ചെന്നായിരുന്നു രണ്ടാനച്ഛൻ അഷ്കർ പറഞ്ഞത്.
എന്നാൽ കുട്ടിയെ രണ്ടാനച്ഛൻ സ്ഥിരമായി മർദിച്ചിരുന്നവെന്ന പരാതിയുമായി കുട്ടിയുടെ അമ്മൂമ്മയും കുട്ടിയുടെ അച്ഛന്റെ അച്ഛനും പോലീസിനെ സമീപിച്ചു. ഒരു മാസം മുമ്പ് കുട്ടിയുടെ കൈ ഒടിച്ചതായും അമ്മ കുട്ടിയെ വേണ്ട വിധം ശ്രദ്ധിച്ചിരുന്നില്ലെന്നും പരാതി ഉയർന്നു. വിശദമായി ചോദ്യം ചെയ്താൽ കൂടുതൽ വിവരങ്ങൾ പുറത്തുവന്നേക്കും.