പ്രതീകാത്മക ചിത്രം
കൊച്ചി: നഗരത്തില്‍ രാത്രികാലങ്ങളില്‍ ശബ്ദമലിനീകരണവും ഭീതിയും സൃഷ്ടിക്കുന്ന ബൈക്ക് അഭ്യാസികള്‍ക്കെതിരെ നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ് (എംവിഡി). ശബ്ദം ഉണ്ടാക്കുന്ന ബൈക്കുകളുടെ അഭ്യാസപ്രകടനം കാരണം രാത്രിയില്‍ ഉറങ്ങാന്‍ കഴിയുന്നില്ലെന്ന നാട്ടുകാരുടെ പരാതിയെത്തുടര്‍ന്നാണ് എംവിഡിയുടെ നടപടി.
വെള്ളിയാഴ്ച രാത്രി ആരംഭിച്ച മിന്നല്‍ പരിശോധന ഇന്നലെ പുലര്‍ച്ചെ അഞ്ചു വരെ നീണ്ടു.
കലൂര്‍ സ്റ്റേഡിയം ലിങ്ക് റോഡ്, ചാത്യാത്ത് ക്വീന്‍സ് വാക്ക് വേ, മറൈന്‍ഡ്രൈവ്, കടവന്ത്ര, പനമ്പിള്ളിനഗര്‍ എന്നീ പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് ആര്‍ടിഒ എന്‍ഫോഴ്സ്മെന്റിന്റെ നേതൃത്വത്തില്‍ അഞ്ച് സ്ക്വാഡുകളായി തിരിഞ്ഞായിരുന്നു പരിശോധന. നിയമലംഘനം നടത്തിയ വാഹന ഉടമകള്‍ക്കെതിരെ 2,20,500 രൂപ പിഴ ചുമത്തി.
രാത്രി 11ന് ശേഷമാണ് സൈലന്‍സറുകളില്‍ മാറ്റം വരുത്തി വലിയ ശബ്ദമുണ്ടാക്കുന്ന ബൈക്കുകള്‍ എത്തുന്നത്. ഇതു മൂലം കുഞ്ഞുങ്ങള്‍ക്കും വയോധികര്‍ക്കും ഉറങ്ങാന്‍ കഴിയുന്നില്ലെന്നായിരുന്നു നാട്ടുകാരുടെ നിരന്തര പരാതി.
നിയമലംഘനം തുടരുന്നവരുടെ ഡ്രൈവിംഗ് ലൈസന്‍സും വാഹനങ്ങളുടെ ആര്‍സിയും റദ്ദാക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് എറണാകുളം എന്‍ഫോഴ്സ്മെന്റ് ആര്‍ടിഒ ബിജു ഐസക് പറഞ്ഞു. വരും ദിവസങ്ങളിലും പരിശോധന തുടരും.
നിരോധിച്ച സൈലന്‍സര്‍ മുതല്‍ വ്യാജ നമ്പര്‍ പ്ലേറ്റ് വരെ
പരിശോധന നടത്തിയ 80ഓളം വാഹനങ്ങളില്‍ 35 എണ്ണത്തില്‍ നിരോധിച്ച സൈലന്‍സറുകളും 20 വാഹനങ്ങളില്‍ മറ്റ് നിയമലംഘനങ്ങളും കണ്ടെത്തി. കാമറയില്‍ പെടാതിരിക്കാന്‍ വ്യാജമായി നിര്‍മിച്ചതും മറച്ചുപിടിച്ചതുമായ നമ്പര്‍ പ്ലേറ്റുകള്‍, മടക്കിവയ്ക്കാന്‍ കഴിയുന്ന ബ്രാക്കറ്റുകള്‍, സുരക്ഷാ മാനദണ്ഡങ്ങള്‍ ലംഘിച്ചുള്ള ഹാന്‍ഡില്‍ ബാര്‍ ബോഡി മാറ്റങ്ങള്‍ എന്നിവയാണ് പ്രധാനമായും കണ്ടെത്തിയത്.
Tags : Nattuvishesham DistrictNews DeepikaNews bike stunt riders