പഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ ദേശീയ പതാകകൾ.
ആലപ്പുഴ: 2022 ഓഗസ്റ്റ് 15ന് വീടുകളിൽ ഉയർത്താൻ കേന്ദ്ര സർക്കാർ നിർദേശ പ്രകാരം കുടുംബശ്രീ മിഷനിലൂടെ മണ്ണഞ്ചേരി പഞ്ചായത്തിൽ എത്തിച്ച ദേശീയ പതാകകൾ പഞ്ചായത്തിന് സമീപത്തെ കമ്യൂണിറ്റി ഹാളിലെ മുറിയിൽ മാലിന്യങ്ങൾക്കൊപ്പം കണ്ടെത്തി. നാലു വർഷമായി കൂട്ടിയിട്ടിരുന്ന ഒൻപതിനായിരത്തോളം പതാകകളാണ് അലക്ഷ്യമായ നിലയിൽ കണ്ടെത്തിയത്.
ഹർ ഘർ തിരംഗയുടെ ഭാഗമായി 2022 ഓഗസ്റ്റ് 15ന് ഇന്ത്യയിൽ മുഴുവൻ വീടുകളിലും കടകളിലും സ്കൂളുകളിലും ദേശീയപതാക ഉയർത്തണമെന്ന് കേന്ദ്ര സർക്കാർ നിർദേശത്തിന്റെ ഭാഗമായി നിർമിച്ച പതാകകളാണ് ഇവ. കുടുംബശ്രീയുടെ തയ്യൽ യൂണിറ്റുകൾക്കാണ് പതാകയുടെ തയ്യൽ ചുമതല നൽകിയിരുന്നത്.
എന്നാൽ, കുടുംബശ്രീ യൂണിറ്റുകൾക്ക് നൽകാതെ പുറത്തുനിന്നുള്ള ഏജൻസികൾക്ക് കുടുംബശ്രീ ഉദ്യോഗസ്ഥർ ഓർഡർ നൽകിയെന്നാണ് ആക്ഷേപം. പതാകകൾ പലതും പല വലുപ്പത്തിൽ ആയതോടെ ഉപയോഗശൂന്യമായി. ഓഗസ്റ്റ് 15ന് ഉയർത്തേണ്ട പതാകകൾ ആ സമയത്ത് പഞ്ചായത്തിൽ എത്തിക്കാനുമായില്ല.
ഇതിനെതിരേ പ്രതിഷേധം ഉയർന്നതോടെ പതാകകൾ കമ്യൂണിറ്റി ഹാളിൽ ഉപേക്ഷിക്കുകയായിരുന്നു. തത്തംപള്ളി സ്വദേശി സജിൽ ഷെറീഫ് നൽകിയ പരാതിയെത്തുടർന്ന് മണ്ണഞ്ചേരി പോലീസ് കേസെടുത്തു.
Tags : Nattuvishesham District News