അടിമാലി: ദേശീയപാത-85ല് നേര്യമംഗലം മേഖലയിലെ നിര്മാണ പ്രതിസന്ധിയില് ശാശ്വത പരിഹാരം ആവശ്യപ്പെട്ട് ദേശീയപാതാ സംരക്ഷണസമിതി തുടര്പ്രക്ഷോഭത്തിനൊരുങ്ങുന്നു. ദേശീയപാത-85ലെ നിര്മാണ പ്രതിസന്ധി രൂപം കൊണ്ടിട്ട് മാസങ്ങള് കഴിഞ്ഞു.
പ്രതിസന്ധി രൂപംകൊണ്ടശേഷം നടന്ന കോടതി വ്യവഹാരങ്ങള്ക്കൊടുവില് നിര്മാണ വിഷയത്തില് തീരുമാനമെടുക്കാനുള്ള അവകാശം ഹൈക്കോടതി, ചീഫ് സെക്രട്ടറിയെ ഏല്പ്പിച്ചിരുന്നു. എന്നാല്, ഇതിനുശേഷവും വിഷയത്തില് ഫലപ്രദമായ ഇടപെടല് ഉണ്ടാവുകയോ മുമ്പോട്ട് പോക്ക് ഉണ്ടാവുകയോ ചെയ്തിട്ടില്ലെന്ന് ദേശീയപാതാ സംരക്ഷണസമിതി ആരോപിക്കുന്നു.
ഇക്കാര്യത്തില് സര്ക്കാര് മെല്ലെപ്പോക്ക് തുടരുകയാണെന്നും ഈ സാഹചര്യത്തിലാണ് പ്രശ്നപരിഹാരമാവശ്യപ്പെട്ട് തുടര്സമരത്തിന് ദേശീയപാതാ സംരക്ഷണസമിതി തീരുമാനിച്ചതെന്നും സമിതി ഭാരവാഹികള് അറിയിച്ചു.
നാളെ സമിതിയുടെ നേതൃത്വത്തില് അടിമാലിയില് കണ്വന്ഷന് നടത്തും. പ്രശ്നപരിഹാരം കാണുംവരെ സമരപരിപാടികള് നടത്തും. വാളറ മുതല് നേര്യമംഗലംവരെയുള്ള ഭാഗത്തെ നിര്മാണ ജോലികളാണ് മാസങ്ങളായി മുടങ്ങി ക്കിടക്കുന്നത്.
പാതയോരത്തുനിന്നു മണ്ണ് നീക്കുകയും ഓടകളുടെ നിര്മാണം ആരംഭിക്കുകയും ചെയ്തിരുന്നു. ഇതിനുശേഷമാണ് നിര്മാണം തടസപ്പെട്ടത്.
ദേശീയപാതയില് മറ്റുഭാഗങ്ങളില് നിര്മാണം മുമ്പോട്ടുപോകുന്നുണ്ട്. ഏറ്റവും അടിയന്തരമായി നിര്മാണം നടക്കേണ്ട ഭാഗത്താണ് തടസം നിലനിൽക്കുന്നത്.