നീലേശ്വരം: ദേശീയപാത വികസനത്തിന്റെ ഭാഗമായി കാർഷിക സർവകലാശാലയ്ക്കു കീഴിലുള്ള നീലേശ്വരം തോട്ടത്തിലെ നൂറ്റാണ്ടിലേറെ പഴക്കമുള്ള എഴുപതോളം മാവുകൾ വെട്ടിമാറ്റേണ്ടിവന്നത് സർവകലാശാലയിലെ ഗവേഷകർക്കും തൊഴിലാളികൾക്കും നാട്ടുകാർക്കുമെല്ലാം ഒരുപോലെ വേദനയുണ്ടാക്കിയ കാര്യമായിരുന്നു. മൽഗോവ, കാലാപ്പാടി, നീലം, ചന്ദ്രക്കാരൻ, പ്രയോർ, കർപ്പൂരം തുടങ്ങിയ ഇനങ്ങൾക്കൊപ്പം നീലേശ്വരം മാങ്ങയെന്നറിയപ്പെടുന്ന പരമ്പരാഗത നാട്ടുമാങ്ങയുടെ ഇനങ്ങളും മുറിച്ചുമാറ്റിയവയിൽ ഉണ്ടായിരുന്നു.
പരമ്പരാഗത രീതിയിൽ അണ്ടികൾ മുളപ്പിച്ച് പുതിയ തൈകളുണ്ടാക്കി വളർന്നുവരണമെങ്കിൽ കാലങ്ങളെടുക്കും. ചിലപ്പോഴൊക്കെ മാതൃസസ്യത്തിന്റെ എല്ലാ ഗുണങ്ങളും പുതിയ തൈകളിൽ ഉണ്ടാകണമെന്നുമില്ല. ഈ സാഹചര്യത്തിലാണ് മുറിച്ചുമാറ്റേണ്ടിവരുന്ന നാട്ടുമാവുകളുടെ പാരമ്പര്യം കാത്തുസൂക്ഷിക്കുന്നതിനായി പുതിയ സാങ്കേതികവിദ്യകൾ കൂടി പ്രയോജനപ്പെടുത്താൻ കാർഷിക സർവകലാശാലയിലെ ഗവേഷകർ തീരുമാനിച്ചത്.
വയനാട്ടിലെ മുത്തങ്ങയിൽ നിന്ന് മികച്ച നിലവാരത്തിലുള്ള നാട്ടുമാവുകളുടെ അണ്ടികൾ കൊണ്ടുവന്ന് മുളപ്പിച്ചു. ആ തൈകളിൽ മുറിച്ചുമാറ്റേണ്ടിവരുന്ന മാവുകളുടെ ആരോഗ്യമുള്ള ശാഖകൾ ഗ്രാഫ്റ്റ് ചെയ്ത് വളർത്തിയെടുത്തു. അങ്ങനെ മുറിച്ചുമാറ്റുന്നതിനു മുമ്പുതന്നെ മുത്തശിമാവുകൾക്കെല്ലാം പുനർജന്മമായി.
മുറിച്ചുമാറ്റേണ്ടിവന്ന ഓരോ മാവിന്റെയും 10 വീതം തൈകളാണ് ഗ്രാഫ്റ്റ് ചെയ്തെടുത്തത്. എല്ലാ തൈകളും അതിജീവിക്കാനിടയില്ലെന്ന സാധ്യത തുടക്കത്തിൽത്തന്നെ കണക്കിലെടുത്തിരുന്നു. എഴുനൂറോളം ഗ്രാഫ്റ്റ് തൈകൾ തയാറാക്കിയതിൽ 150 എണ്ണമാണ് കരുവാച്ചേരി തോട്ടത്തിൽ തന്നെ പുതിയൊരു ഇടമുണ്ടാക്കി നട്ടത്. മണ്ണിൽ രണ്ടടി വിസ്താരത്തിൽ കുഴികളെടുത്ത് മേൽമണ്ണും കമ്പോസ്റ്റും ചാണകവും നിറച്ച് ഓരോന്നും നട്ടു. വേനൽക്കാലത്ത് ആവശ്യത്തിന് വെള്ളവും വളവും നൽകി. ഈ തൈകളിൽ നല്ലൊരു ശതമാനവും നന്നായി വളർന്നുവന്നു.
അതിനകം ദേശീയപാത വികസനത്തിനായി മുത്തശിമാവുകളെയെല്ലാം മുറിച്ചുമാറ്റിക്കഴിഞ്ഞിരുന്നു. പക്ഷേ അതിൽ ഓരോ മാവിന്റെയും ഒരു തൈയെങ്കിലും വളർന്നുവരുന്നുണ്ടെന്ന കാര്യം കാർഷിക സർവകലാശാലയിലെ ഗവേഷകർ ഉറപ്പാക്കിയിരുന്നു.
അവശേഷിക്കുന്ന ഗ്രാഫ്റ്റ് തൈകൾ കർഷകർക്ക് വില്പന നടത്തുകയും ചെയ്തു. മുത്തശിമാവുകൾ മുറിച്ചുമാറ്റി രണ്ടുവർഷം പിന്നിടുമ്പോഴേക്കു തന്നെ പുതിയ ഗ്രാഫ്റ്റ് തൈകൾ ഓരോന്നായി പൂത്തുതുടങ്ങി. പരമ്പരാഗത ഗുണങ്ങളെല്ലാമുള്ള മാമ്പഴങ്ങൾ ഇവയിൽ നിറഞ്ഞു. ഇപ്പോൾ വീണ്ടും രണ്ടുവർഷം കഴിയുമ്പോഴേക്കും തോട്ടത്തിലെ മാന്തോപ്പ് പഴയതുപോലെതന്നെ ഫലസമൃദ്ധമായിക്കഴിഞ്ഞു.
കാലപ്പഴക്കമോ മറ്റു കാരണങ്ങളോ മൂലം നമ്മുടെ പറമ്പുകളിലെ പരമ്പരാഗത ഗുണങ്ങളുള്ള മാവുകളോ പ്ലാവുകളോ മുറിച്ചുമാറ്റേണ്ടിവരുമ്പോൾ ഇത്തരം സാങ്കേതികവിദ്യകളിലൂടെ അവയ്ക്ക് എളുപ്പത്തിൽ പുനർജന്മം നൽകാനാകുമെന്ന് കാർഷിക സർവകലാശാലയിലെ ഗവേഷകർ പറയുന്നു. അതുവഴി തലമുറകൾ ആസ്വദിച്ചറിഞ്ഞ രുചിയും ഗുണങ്ങളും വരുംതലമുറകൾക്കു കൂടി പകർന്നുനൽകാൻ കഴിയും.
Tags : nattu vishesham Native cultures dying