തെരഞ്ഞെടുത്ത എന്‍സിസി കേഡറ്റുകള്‍ക്ക് വെള്ളറട പോലീസ് സ്റ്റേഷനിൽ സര്‍ക്കിള്‍ ഇന്‍സ്പക്ടര്‍ നിസാമുദ്ദീന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പരിശീലനം നൽകുന്നു.
വെള്ളറട : വെള്ളറട സര്‍ക്കിള്‍ പരിധിയില്‍ 78 പോളിംഗ് ബൂത്തുകളാണുള്ളത്.
78 ബൂത്തുകളിലും ഓരോ എന്‍സിസി കേഡറ്റുകളെ വീതം നിയമിച്ചിട്ടുണ്ട്. അവര്‍ക്ക് ഇന്നലെ സര്‍ക്കിള്‍ സ്റ്റേഷനില്‍വച്ച് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ നിസാമുദ്ദീന്‍, എസ്ഐമാരായ പ്രദീഷ്കുമാര്‍, ശശികുമാര്‍, സിവില്‍ പോലീസുകാരായ ക്രിസ്റ്റഫര്‍, ദീപു എന്നിവരുടെ നേതൃത്വത്തില്‍ പരിശീലനം നല്കി. ഓരോ ബൂത്തിലും പോലീസ് ഉദ്യോഗസ്ഥര്‍ക്കും അര്‍ധസൈനിക ഉദ്യോഗസ്ഥര്‍ക്കും പുറമേയാണ് എന്‍സിസി കേഡറ്റുകളെ കൂടെ നിയമിച്ചിട്ടുള്ളത്.
അവര്‍ക്കു മതിയാവുന്ന പരിശീലനം ഇന്നലെ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ നല്കി. ഇന്നലെ പരിശീലനം നല്‍കിയതില്‍ പലരും മുന്‍പും തെരഞ്ഞെടുപ്പു ഡ്യൂട്ടിയില്‍ പങ്കെടുത്തിട്ടുള്ളവരാണ്. ആരോടും മമതയോ- പരിചയഭാവമോ കാണിക്കരുതെന്നും എന്ത് ആവശ്യമുണ്ടെങ്കിലും സര്‍ക്കിള്‍ ഇന്‍സ്പെക്ടറെ അറിയിക്കണമെന്നും ഫോണ്‍ റിങ്ങ് ചെയ്യാത്ത വിധത്തില്‍ സൈലന്റില്‍ തന്നെ സൂക്ഷിക്കണമെന്നും പോളിംഗ് ബൂത്തിന്റെ സുരക്ഷ പൂര്‍ണമായും 100 ശതമാനം കാര്യക്ഷമതയോടെ ചെയ്യണമെന്നുള്ള നിര്‍ദേശങ്ങളാണ് നല്‍കിയിട്ടുള്ളത്.
കേഡറ്റുള്ക്ക് കൈയില്‍ കെട്ടാനുള്ള പോലീസിന്റെ ആംബാഡ്ജും നല്‍കിയിട്ടുണ്ട്. വെള്ളറട സ്റ്റേഷന് പരിധിയില്‍ വെള്ളറടയും കൂതാളിയും പ്രശ്നബാധിത ബൂത്തുകളാണ്. ശക്തമായ സുരക്ഷാസംവിധാനത്തോടെ തെരഞ്ഞെടുപ്പ് പര്യവസാനിപ്പിക്കാനുള്ള തീവ്രമായ പരിപാടികളാണ് പോലീസ് ഒരുക്കിയിട്ടുള്ളത്.