ഫുട്ട് ഓവർ ബ്രിഡ്ജ് നിർമിക്കണമെന്നാവശ്യപ്പെട്ട് മന്ത്രിക്ക്നിവേദനം നൽകുന്നു.
തൃശൂർ: സെന്റ് തോമസ് കോളജ് റോഡിൽ ഫുട്ട് ഓവർ ബ്രിഡ്ജ് നിർമിക്കണമെന്നാവശ്യപ്പെട്ട് സെന്റ് തോമസ് കോളജ് പൂർവവിദ്യാർഥി സംഘടന (സ്റ്റാഴ്സ്), പൂർവ വിദ്യാർഥികൂടിയായ മന്ത്രി സി.പി. ജോണിനു നിവേദനം നൽകി. സെന്റ് തോമസ് കോളജ്, സെന്റ് മേരീസ് കോളജ്, സേക്രഡ് ഹാർട്ട് സ്കൂൾ, മോഡൽ ബോയ്സ് സ്കൂൾ എന്നിവിടങ്ങളിലേക്കു നിരവധി വിദ്യാർഥികൾ റോഡ് ക്രോസ് ചെയ്യേണ്ട, വാഹനത്തിരക്കേറിയ ഈ ഭാഗത്ത് അപകടസാധ്യത കൂടുതലാണ്.
സീബ്ര ലൈൻ ഉണ്ടെങ്കിലും പല വാഹനങ്ങളും നിയമം പാലിക്കുന്നില്ലെന്ന് സ്റ്റാഴ്സ് ഭാരവാഹികൾ അറിയിച്ചു. സീബ്ര ലൈനിലെ നിയമലംഘനങ്ങൾക്കെതിരേ കർശന നടപടി ഉണ്ടാകുമെന്നും ഫുട്ട് ഓവർ ബ്രിഡ്ജിന്റെ കാര്യം പ്രാധാന്യത്തോടെ പരിഗണിക്കാമെന്നും മന്ത്രി ഉറപ്പുനൽകി.
എക്സിക്യൂട്ടീവ് മാനേജർ ഫാ. ബിജു പാണേങ്ങാടൻ, സ്റ്റാഴ്സ് പ്രസിഡന്റ് സി.എ. ഫ്രാൻസിസ്, സെക്രട്ടറി ജെയിംസ് മുട്ടിക്കൽ, സി.വി. അജി, സോണി ജോസ്, ജോയ് തോട്ടാൻ, പി.ജെ. വർഗീസ് എന്നിവരുടെ നേതൃത്വത്തിലാണു മന്ത്രിക്കു നിവേദനം നൽകിയത്.