വണ്ടിത്താവളം: നന്ദിയോട് കുടുംബാരോഗ്യകേന്ദ്രത്തിൽ ഇന്നലെ ചികിത്സയ്ക്കെത്തിയ നൂറിലധികം പേർ ഡോക്ടറില്ലാത്തതു കാരണം തിരിച്ചുപോയി.
400 രൂപ വാഹനവാടക നൽകി താലൂക്ക് ആശുപത്രിയിലേക്കു പോകാൻ കഴിയാത്തവരാണ് മടങ്ങിപ്പോയവരിൽ മിക്കവരും. ഒപി ടിക്കറ്റ് നൽകുന്ന ജീവനക്കാരി മാത്രമാണ് ഇന്നലെ ആശുപത്രിയിലുണ്ടായിരുന്നത്. ഡോക്ടർ ഇന്നുവരില്ലെന്ന മറുപടി മാത്രമാണ് എല്ലാർക്കും ലഭിച്ചത്. ആശുപത്രിയിൽ മറ്റു ജീവനക്കാരും എത്തിയിരുന്നില്ല. കഴിഞ്ഞ ഞായറാഴ്ചയും ഡോക്ടറില്ലാതെ ആരോഗ്യകേന്ദ്രത്തിൽ ചികിത്സ മുടങ്ങിയിരുന്നു. പട്ടഞ്ചേരി, മുതലമട, പെരുമാട്ടി പഞ്ചായത്ത് പ്രദേശങ്ങളിൽനിന്നും ദിവസേന ഇരുനൂറിലധികംപേരാണ് ഇവിടെ ചികിത്സ തേടിയെത്താറുള്ളത്.
മുൻപും പലതവണ ഞായറാഴ്ച ദിവസങ്ങളിൽ ഡോക്ടറില്ലാത്തതിനാൽ ചികിത്സ മുടങ്ങിയിട്ടുണ്ട്. ആശുപത്രി കോമ്പൗണ്ടിൽ മൂന്നുകോടിരൂപ ചെലവിൽ പുതിയ കെട്ടിടം നിർമിച്ച് ആറുമാസംമുന്പ് ഉദ്ഘാടനം നടത്തിയെങ്കിൽ പ്രവർത്തനക്ഷമമാക്കിയിട്ടില്ല. ആശുപത്രിയുടെ പ്രവർത്തനം പുതിയ കെട്ടിടത്തിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് ആരോഗ്യമന്ത്രി, ജില്ലാ കളക്ടർ, ഡിഎംഒ എന്നിവർക്കു പരാതിനൽകാൻ നാട്ടുകാർ ശ്രമം തുടങ്ങിയിട്ടുണ്ട്.
Tags : nattu vishesham hundreds of people came for treatment