ഹരിതകർമസേനാംഗങ്ങൾ നിർമിച്ച ചെണ്ടുമല്ലി തോട്ടം
സുൽത്താൻ ബത്തേരി: വേറിട്ടവഴിയിലൂടെ സഞ്ചരിച്ച് സംസ്ഥാനത്തിന് തന്നെ മാതൃകയാവാനൊരുങ്ങി നൂൽപ്പുഴയിലെ എംസിഎഫും ഹരിതകർമസേനയും.
മറ്റ് എംസിഎഫുകളിൽ നിന്നു വ്യത്യസ്തമായി എംസിഎഫ് പരിസരം പൂക്കൾ വച്ച് പിടിപ്പിച്ച് മനോഹരമാക്കിയും അംഗങ്ങൾക്ക് വരുമാനമാർഗം വർധിപ്പിക്കാനുള്ള പദ്ധതികളുമാണ് നടപ്പാക്കുന്നത്. മാസം മുഴുവൻ തൊഴിൽ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ ഗ്രാമീണ ഉത്പന്ന ശേഖരണ വിപണി ആരംഭിച്ചതിനുപുറമേ സുഗന്ധവ്യജ്ഞനങ്ങളുടെ മൂല്യവർധിത ഉത്പന്നങ്ങൾ പുറത്തിറക്കാനുള്ള തയാറെടുപ്പിലാണിവർ.
നൂൽപ്പുഴ പഞ്ചായത്തിലെ കല്ലൂർ അറുപത്തേഴിൽ പ്രവർത്തിക്കുന്ന എംസിഎഫ് ഒരുതവണ കണ്ടാൽ വീണ്ടും ഇവിടേക്ക് വരാൻതോന്നും. അത്രമനോഹരമായാണ് 38 പേരടങ്ങുന്ന ഹരിതകർമസേനാംഗങ്ങൾ ഇത് പരിപാലിച്ച് പോരുന്നത്. ഒരു ഏക്കർ സ്ഥലത്ത് പ്രവർത്തിക്കുന്ന എംസിഎഫ് ഇപ്പോൾ പൂക്കൾ നിറഞ്ഞ് നയനമനോഹരകാഴ്ചയാണ് സമ്മാനിക്കുന്നത്.
എംസിഎഫിനുമുന്നിൽ മഞ്ഞയും ഓറഞ്ചും നിറങ്ങളിൽ ചെണ്ടുമല്ലികൾ പൂത്തുലഞ്ഞ് നിൽക്കുന്നത് ഇവിടെയെത്തുന്ന ആരുടെയും മനംകവരും. ഇവിടെ വരുന്നവർക്ക് വിശ്രമിക്കാനുള്ള സൗകര്യങ്ങളും പ്രകൃതി സൗഹാർദമായി തന്നെ സജ്ജീകരിച്ചിരിച്ചുണ്ട്. നിലവിൽ ഒരുമാസത്തിൽ പത്ത് ദിവസം മാത്രമാണ് എംസിഎഫിൽ തൊഴിലെടുക്കുന്ന ഹരിതകർമസേനാംഗങ്ങൾക്ക് ജോലിയുള്ളു. തുടർ ദിവസങ്ങളിലും ഇവർക്ക് തൊഴിൽ ഉറപ്പുവരുത്തുന്നതിനായി ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ പൊടിയാക്കാനും ബണ്ടിലാക്കാനും ഗ്രൈൻഡിംഗ് ബെയിലിംഗ് മെഷീനുകൾ വാങ്ങാനുള്ള നടപടികളും പുരോഗമിക്കുകയാണ്.
നിലവിൽ നേരിട്ട് പ്ലാസ്റ്റിക് ബോട്ടിലുകൾ അയയ്ക്കുന്നതിനേക്കാൾ കൂടുതൽ വരുമാനം പൊടിയാക്കിയും ബണ്ടിലാക്കിയും അയക്കുന്പോൾ ഹരിതകർമസേനയ്ക്ക് സന്പാദിക്കാനാകും. മറ്റ് എംസിഎഫുകളിൽ നിന്ന് പ്ലാസ്റ്റിക് സാധനങ്ങൾ വാങ്ങാനും അവർക്ക് നിലവിൽ കിട്ടുന്നതിനേക്കാൾ മികച്ച വിലനൽകാനും സാധിക്കും. യന്ത്രങ്ങൾ വാങ്ങുന്നതിനും എംസിഎഫിന്റെ അടിസ്ഥാന സൗകര്യ വികസനത്തിനുമായി 71 ലക്ഷം രൂപയാണ് പഞ്ചായത്ത് പദ്ധതി വിഹിതമായി വകയിരുത്തിയിരിക്കുന്നത്.
ഹരിതകർമസേനയ്ക്ക് സ്വന്തമായി ഒരു ഓഫിസും ഇവിടെ ഒരുക്കിയിട്ടുണ്ട്. ഇതിന്റെ ഉദ്ഘാടനം നാളെ തദ്ദേശസ്വയംഭരണ മന്ത്രി നിർവഹിക്കാനിരിക്കുകയാണ്. ഇതിനുപുറമേ സ്വാമിനാഥൻ ഫൗണ്ടേഷന്റെ സഹകരണത്തോടെ വയനാടൻ സുഗന്ധ വ്യഞ്ജന ഉത്പന്നങ്ങളുടെ മൂല്യവർധിത ഉത്പന്നങ്ങൾ ഉണ്ടാക്കി വിൽപന നടത്താനുള്ള യന്ത്രങ്ങൾ കേന്ദ്രത്തിൽ സജ്ജീകരിക്കാനുള്ള നടപടികളും ആരംഭിച്ചു.
യന്ത്രങ്ങളെല്ലാം എംസിഎഫിൽ എത്തിക്കഴിഞ്ഞു. ഇത് സ്ഥാപിക്കുന്നതോടെ മഞ്ഞൾ പോളിഷിംഗ്, കുരുമുളക് ഗ്രേഡിംഗ്, മെതിക്കൽ, പഴവർഗങ്ങളയടക്കം ഉണക്കി സൂക്ഷിക്കൽ എന്നിവയാണ് നടത്തുക. കല്ലൂർ ടൗണിൽ കർഷകരിൽ നിന്ന് നേരിട്ട് ഉത്പന്നങ്ങൾ എടുത്ത് വിൽപന നടത്തുന്ന ഗ്രാമീണ ഉത്പന്ന ശേഖരണ വിപണന കേന്ദ്രവും ആരംഭിച്ചിട്ടുണ്ട്. സേനാംഗങ്ങൾ പാഴ് വസ്തുക്കൾ ശേഖരിക്കാൻ പോകുന്പോൾതന്നെ ഇത്തരത്തിൽ കർഷകർ ഉത്പാദിപ്പിക്കുന്ന സാധനങ്ങൾ വിലകൊടുത്ത് വാങ്ങാനും അത് കേന്ദ്രത്തിൽ എത്തിച്ച് വിൽപന നടത്താനും സാധിക്കും. ഹരിതകർമസേനാംഗങ്ങളുടെ വരുമാനം വർധിപ്പിക്കാനും മാസം മുഴുവനും തൊഴിൽ നൽകാനും ഇതിലൂടെ സാധിക്കും.
നൂൽപ്പുഴ പഞ്ചായത്ത് ഭരണസമിതിയും ക്ഷേമകാര്യസ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ് ബെന്നി കൈനിക്കലിന്റെ മേൽനോട്ടത്തിൽ വിഇഒ സി.ആർ. നിധിഷാണ് എംസിഎഫിന്റെ പ്രവർത്തനങ്ങൾ കോ-ഓർഡിനേറ്റ് ചെയ്യുന്നത്.
ഹരിതകർമസേന പ്രസിഡന്റ് വിജയ, സെക്രട്ടറി വിനോദിനി എന്നിവരുടെ നേതൃത്വത്തിലാണ് എംസിഎഫിന്റെ പ്രവർത്തനം. ഇത്തരത്തിൽ വേറിട്ട പ്രവർത്തനങ്ങൾ നടത്തി സംസ്ഥാനത്ത് തന്നെ മികച്ച എംസിഎഫ് ആകാനും ഒപ്പം മറ്റള്ളവർക്ക് മാതൃകയാകാനുമാണ് നൂൽപ്പുഴ പഞ്ചായത്ത് ഹരിതകർമസേനയുടെ ലക്ഷ്യം.