പ്രതീകാത്മക ചിത്രം
മൂവാറ്റുപുഴ: പുഴകള്‍ ചേരുന്നിടത്ത് ചരിത്രം പിറക്കുന്ന ഓണം എന്ന സന്ദേശവുമായി വള്ളംകളിയും ഹെലികോപ്റ്റര്‍ ആകാശ പുഷ്പവൃഷ്ടിയുമുള്പ്പടെ വിപുലമായ പരിപാടികളോടെ ഓണം ആഘോഷിക്കാനൊരുങ്ങി മൂവാറ്റുപുഴ നഗരസഭ. നഗരസഭയുടെയും സംസ്ഥാന ടൂറിസം വകുപ്പിന്റെയും നേതൃത്വത്തിലാണ് ത്രിവേണിയോണം 2026 സംഘടിപ്പിക്കുന്നത്.
22 മുതല്‍ 27 വരെ വിവിധ പരിപാടികളാണ് ഒരുക്കിയിരിക്കുന്നതെന്ന് നഗരസഭ ചെയര്‍പേഴ്സണ്‍ ജോയ്സ് മേരി ആന്റണി പത്രസമ്മേളനത്തില്‍ പറഞ്ഞു. ദീര്‍ഘകാലത്തിന് ശേഷം നഗരത്തില്‍ വീണ്ടും വള്ളംകളി മത്സരം തിരികെയെത്തുന്നു എന്നതാണ് ഇത്തവണത്തെ പ്രധാന പ്രത്യേകത. 22ന് രാവിലെ 10ന് ടൗണ്‍ഹാളില്‍ ആഘോഷങ്ങള്‍ക്ക് തുടക്കമാകും. തുടര്‍ന്ന് തിരുവാതിര, വടംവലി, പൂക്കള മത്സരം, പുലികളി എന്നിവയ്ക്ക് പുറമെ അലങ്കരിച്ച ടുവീലറുകളിലുള്ള പ്രച്ഛന്നവേഷ റൈഡും സംഘടിപ്പിച്ചിട്ടുണ്ട്. വൈകുന്നേരം കുടുംബസംഗമവും ഫ്യൂഷന്‍ പെര്‍ഫോമന്‍സും.
23ന് യുവജനങ്ങള്‍ക്കായി ജെന്‍സി ഓണം എന്ന പേരില്‍ സ്വകാര്യ ബസ് സ്റ്റാൻഡില്‍ കസവ് ഫാഷന്‍ഷോയും ഡിജെ പാര്‍ട്ടിയും അരങ്ങേറും. 27നാണ് പ്രധാന ആകര്‍ഷണമായ വള്ളംകളിയും ഹെലികോപ്റ്റര്‍ ടൂറിസവും. ഉച്ചകഴിഞ്ഞ് രണ്ടു മുതല്‍ അഞ്ചു വരെ മൂവാറ്റുപുഴ ലതാപാലത്തിന് സമീപമാണ് വള്ളംകളി മത്സരം. ഇതോടനുബന്ധിച്ച് രാവിലെ ഒമ്പതു മുതല്‍ ഹെലികോപ്റ്റര്‍ ടൂറിസം ആരംഭിക്കും. മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് ഒരാള്‍ക്ക് 4,500 രൂപ നിരക്കില്‍ ഹെലികോപ്റ്ററില്‍ യാത്ര ചെയ്യാം. കൂടാതെ വള്ളംകളി സമയത്ത് ആകാശത്തുനിന്നും പൂക്കള്‍ വിതറുന്ന ഫ്ലവര്‍ ഡ്രോപ്പിംഗും ഉണ്ടായിരിക്കും. പ്രോഗ്രാം ജനറല്‍ കണ്‍വീനര്‍ പി.പി. എല്‍ദോസ്, നഗരസഭ വൈസ് ചെയര്‍പേഴ്സണ്‍ അബ്ദുള്‍ സലാം, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍മാരായ സി.എം. ഷുക്കൂര്‍, പി. രജിത, അസം ബീഗം എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
Tags : Onam celebrations NattuVishasham DistrictNews