പ്രതീകാത്മക ചിത്രം
മാനന്തവാടി: കോടതി വിധിയുടെ മറവില്‍ 10 ഏക്കര്‍ വനഭൂമി ചട്ടവിരുദ്ധമായി ഡീനോട്ടിഫൈ ചെയ്ത് സ്വകാര്യവ്യക്തിക്ക് വിട്ടു നല്‍കിയെന്ന ആരോപണത്തെക്കുറിച്ച് വനം വകുപ്പ് അന്വേഷണം ആരംഭിച്ചു.
2022 ലെ ഹൈക്കോടതി വിധിയുടെ ഭാഗമായി പേര്യ വില്ലേജില്‍ 2024ല്‍ 10 ഏക്കര്‍ വനഭൂമി വിട്ടുനല്‍കിയതായാണ് കണ്ടെത്തിയത്. പേര്യ വില്ലേജിലെ റീസര്‍വേ നമ്പര്‍ 8/1എ1എ2ല്‍ പ്പെട്ട 6.0720 ഹെക്ടര്‍ ഭൂമി പരിസ്ഥിതി ലോല ഭൂമിയായി വനം വകുപ്പ് ഏറ്റെടുത്തിരുന്നു. ഇതില്‍ 4.7884 ഹെക്ടര്‍ ഭൂമി നേരത്തെ നോട്ടിഫൈ ചെയ്തതും 1.2836 ഹെക്ടര്‍ ഭൂമി പുതുതായി സ്വകാര്യ വ്യക്തികളില്‍ നിന്നും ഏറ്റെുത്തതുമായിരുന്നു. ഇതിനെതിരേ സ്വകാര്യ വ്യക്തി നല്കിയ അപ്പീല്‍ ഇ എഫ് കോടതി തള്ളി. തുടര്‍ന്ന് ഹൈക്കോടതിയില്‍ 2011 ല്‍ നല്കിയ അപ്പീല്‍ 2022 ല്‍ സ്വകാര്യ വ്യക്തികള്‍ക്കനുകൂലമായി വിധിവന്നു. ഇവരുടെ കൈവശഭൂമിയില്‍ നിന്നും നഷ്ടപ്പെട്ട ഭൂമി തിരിച്ചു നല്‍കാനായിരുന്നു കോടതി വിധി.
എന്നാല്‍ ഇത് പ്രകാരം തിരികെ നല്‍കേണ്ടിയിരുന്ന 1.2836 ഹെക്ടര്‍ ഭൂമിക്ക് പകരം നേരത്തെ വനംവകുപ്പ് കൈവശം വച്ചിരുന്ന 4.7884 ഹെക്ടര്‍ ഭൂമി ഉള്‍പ്പെടെ 6.0720 ഹെക്ടര്‍ ഭൂമി 2024ല്‍ സ്വകാര്യ വ്യക്തികള്‍ക്ക് നല്‍കിയതായാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്.
ഇത് പ്രകാരം 10 ഏക്കറോളം വനഭൂമി നഷ്ടപ്പെട്ടതായാണ് കണക്കാക്കുന്നത്. ഇത് സംബന്ധിച്ച് പ്രാഥമികറിപ്പോര്‍ട്ട് വനംവകുപ്പ് നോര്‍ത്ത് വയനാട് ഡിവിഷന് ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ഭൂമി തിരിച്ചു പിടിക്കാനുള്ള നടപടികളാരംഭിച്ചതായി നോര്‍ത്ത് വയനാട് ഡിഎഫ്ഒ പറഞ്ഞു.