കോട്ടയം: ഹോട്ടല്‍ മേഖലയില്‍ ഒരു തൊഴിലാളിക്ക് ഒരു ഹെല്‍ത്ത് കാര്‍ഡ് സംവിധാനം വേണമെന്ന ആവശ്യവുമായി ഹോട്ടല്‍ ആന്‍ഡ് റസ്റ്ററന്റ് അസോസിയേഷന്. ടൈഫോയ്ഡ് ഇന്ജക്ഷന് ഒന്നില്‍ കൂടുതല്‍ തവണ എടുക്കേണ്ടി വരുന്ന സാഹചര്യം നിര്‍ത്തലാക്കണമെന്നും അസോസിയേഷന് ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് ആരോഗ്യമന്ത്രിക്ക് അസോസിയേഷന് നിവേദനം നല്കി.
മെഡിക്കല്‍ ഹെല്‍ത്ത് കാര്‍ഡ് സംബന്ധിച്ച് സര്‍ക്കാര്‍ ഇറക്കിയിട്ടുള്ള നിയമം അനുസരിച്ച് ഹോട്ടലില്‍ ജോലി ചെയ്യുന്നവര്‍ക്ക് ഹെല്‍ത്ത് കാര്‍ഡ് എടുക്കണമെന്ന് നിയമമുണ്ട്. സംസ്ഥാനത്ത് തൊഴിലാളികളുടെ ക്ഷാമംമൂലം അന്യസംസ്ഥാന തൊഴിലാളികളാണ് 80 ശതമാനം ഹോട്ടലുകളിലും ജോലി ചെയ്യുന്നത്. ഈ തൊഴിലാളികള്‍ ഒരു കടയിലും സ്ഥിരമായി നില്‍ക്കാറില്ല. മൂന്നു മാസം മുതല്‍ ഒരു വര്‍ഷം വരെയുള്ള കാലയളവില്‍തന്നെ ഇവര്‍ രണ്ടും മൂന്നും കടകളില്‍ ജോലി ചെയ്യുന്നവരാണ്.
മിക്കവരും കടയുടമയോട് പറയുകപോലും ചെയ്യാതെയാണ് ജോലി അവസാനിപ്പിച്ചു മറ്റൊരിടത്ത് കയറുന്നത്. ഇങ്ങനെ കടകള്‍ മാറുന്നതിനനുസരിച്ചു വീണ്ടും ഹെല്‍ത്ത് കാര്‍ഡ് എടുക്കണം. ടൈഫോയ്ഡിന്റെ ഇന്‍ജക്ഷനും എടുക്കണം. വീണ്ടും വീണ്ടും ഈ ഇന്ജക്ഷന് എടുക്കുമ്പോള്‍ തൊഴിലാളിക്ക് ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാകാനുള്ള സാധ്യതയുണ്ട്.
ഇന്‍ജക്ഷന്റെ കാലാവധി എത്രനാളാണെന്നുള്ളത് തൊഴിലാളികള്‍ക്ക് അറിയാത്തതുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. നിലവിലെ ഹെല്‍ത്ത് കാര്‍ഡ് സംവിധാനം മാറ്റി ഗവണ്മെന്റിന്റെ നേരിട്ടുള്ള നിയന്ത്രണത്തില്‍ ഒരു തൊഴിലാളിക്ക് ഒരു ഹെല്‍ത്ത് കാര്‍ഡ് എന്ന സംവിധാനം ഉണ്ടാക്കണമെന്നും മിനിമം രണ്ടുവര്‍ഷമെങ്കിലും കാലാവധി വേണമെന്നും ടൈഫോയ്ഡ് ഇന്ജക്ഷന് വീണ്ടും വീണ്ടും കൊടുക്കേണ്ടി വരുന്ന സാഹചര്യം ഒഴിവാക്കി പുതിയൊരു സംവിധാനം വേണമെന്നും അസോസിയേഷന് പ്രസിഡന്റ് കെ.കെ. ഫിലിപ്പുകുട്ടി, സെക്രട്ടറി ഷാഹുല്‍ ഹമീദ്, ട്രഷറര്‍ മനോജ് കുമാര്‍ എന്നിവര്‍ ആവശ്യപ്പെട്ടു.
Tags : nattu vishesham One health card system