അമ്പലപ്പുഴ: പുന്നപ്രയുടെ വിപ്ലവസൂര്യൻ വിഎസ് വിടപറഞ്ഞിട്ട് ഒരാണ്ട്. ലക്ഷക്കണക്കിന് ആരാധകരുടെ മനസിൽ അഴിമതിക്കെതിരേ കടുത്ത നിലപാടെടുത്ത വി.എസ്. അച്യുതാനന്ദൻ ഇന്നും ജീവിക്കുന്നു. മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ് തുടങ്ങിയ പദവിയിൽ ഇരിക്കുമ്പോഴും പുന്നപ്രയിലെ വസതിയിൽ എത്തുന്നത് അറിഞ്ഞാല്‍ കൊച്ചുകുട്ടികള്‍ക്ക് പോലും ആവേശമായിരുന്നു. പുന്നപ്ര വയലാര്‍ രക്തസാക്ഷിത്വ വാര്‍ഷിക വാരാചരണ പരിപാടികളില്‍ മുഖ്യസ്ഥാനമാണ് വിഎസ് എന്ന സമരപോരാളിക്ക് ഉണ്ടായിരുന്നത്.
രാഷ്ട്രീയത്തിലെ എത്ര പ്രമുഖര്‍ പങ്കെടുത്താലും പുന്നപ്ര വയലാര്‍ രക്തസാക്ഷിത്വ വാരാചരണം ഉദ്ഘാടനം ചെയ്തിരുന്നത് അതിന് അര്‍ഹനായ വിഎസ് തന്നെയായിരുന്നു.
കുടുംബത്തോടൊപ്പം വേലിക്കകത്ത് വീട്ടിലാണ് വിഎസ് വിശേഷ ദിവസം ഒത്തുചേര്‍ന്നിരുന്നത്. ഓണം, വിഷു തുടങ്ങിയ വിശേഷ ദിവസങ്ങളില്‍ വീട്ടില്‍ എത്തുന്നവര്‍ക്ക് പായസം നല്‍കിയാണ് സ്വീകരിച്ചിരുന്നത്. ലുങ്കിയും ബനിയനും ധരിച്ച് വേലിക്കകത്തെ വീട്ടുമുറ്റത്ത് ചാരുകസേരയില്‍ പുഞ്ചിരിയോടെ വരവേല്‍ക്കുന്ന വിഎസിനോടൊപ്പം സൗഹൃദം പങ്കിടാന്‍ സുഹൃത്തുക്കളും എത്തിയിരുന്നു. ഇന്ന് ആ വീടിന്റെ ചുവരുകളിൽ നിറയെ ഒരു കാലഘട്ടത്തിൽ വിഎസ് നടത്തിയ സമര പോരാട്ടങ്ങൾ അടയാളപ്പെടുത്തുന്ന ചിത്രങ്ങളാണ്.
വിഎസ് ദിനമായാണ് ഇന്ന് സിപിഎം ആചരിക്കുന്നത്. അദ്ദേഹം അന്ത്യവിശ്രമം കൊള്ളുന്ന വലിയ ചുടുകാട് രക്തസാക്ഷി മണ്ഡപത്തിൽ നടക്കുന്ന അനുസ്മരണ ചടങ്ങിൽ സിപിഎം നേതാക്കളായ പിണറായി വിജയൻ, എം.വി. ഗോവിന്ദൻ മാഷ് തുടങ്ങി നിരവധി നേതാക്കളുംപ്രവർത്തകരും പങ്കെടുക്കും.