ആദിവാസി ഊരുമൂപ്പൻ മോഹൻദാസിന്റെ തിരോധാനവുമായി ബന്ധപ്പെട്ട് കെ.യു. ജനീഷ് കുമാർ എംഎൽഎ ബന്ധുക്കളിൽനിന്നു വിവരം തേടുന്നു.
കോന്നി: കോന്നിയിൽ ആദിവാസി വിഭാഗത്തിലെ ഊരുമൂപ്പൻ മോഹൻദാസിനെ കാണാതായ സംഭവത്തിൽ പോലീസിനെതിരേ ഗുരുതര ആരോപണങ്ങളുമായി കെ.യു. ജനീഷ് കുമാർ എംഎൽഎ. ആറുദിവസം മുന്പാണ് മോഹൻദാസിനെ കാണാതായത്. നിലവിൽ വനംവകുപ്പ് ഉദ്യോഗസ്ഥർ മാത്രം നടത്തുന്ന തെരച്ചിൽ അപര്യാപ്തമാണെന്നും പോലീസും പട്ടികവർഗ വികസന വകുപ്പും അടിയന്തരമായി തെരച്ചിലിൽ പങ്കാളികളാകണമെന്നും മനുഷ്യസാധ്യമായ എല്ലാ മാർഗങ്ങളും ഉപയോഗിച്ച് ഊരു മൂപ്പനെ കണ്ടെത്തണമെന്നും എംഎൽഎ ആവശ്യപ്പെട്ടു.
തെരച്ചിലിന് വൈദഗ്ധ്യമുള്ള പോലീസ് നായ്ക്കളെ ഉപയോ ഗിക്കണം .ഇക്കാര്യങ്ങൾ ജില്ലാ കളക്ടറുടെയും ജില്ലാ പോലീസ് മേധാവിയുടെയും ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്ന് ജനീഷ് കുമാർ പറഞ്ഞു. ഊരുമൂപ്പന്റെ തിരോധാനവുമായി ബന്ധപ്പെട്ട് കുടുംബം ഉന്നയിക്കുന്ന ആരോപണങ്ങൾ അതീവ ഗൗരവമുള്ളതാണെന്ന് എംഎൽഎ ചൂണ്ടിക്കാട്ടി.
രണ്ടു വ്യക്തികൾ തമ്മിലുള്ള തർക്കത്തിൽ മധ്യസ്ഥത വഹിക്കുക മാത്രമാണ് മോഹൻദാസ് ചെയ്തത്. പരാതി നൽകിയെന്നു പറയപ്പെടുന്ന വ്യക്തിതന്നെ അതു പിൻവലിച്ചതായി സമ്മതിച്ചിട്ടുണ്ട്. എന്നാൽ, വിഷയം ഒത്തുതീർപ്പാക്കാനെന്ന വ്യാജേന വിളിച്ചുവരുത്തിയ ശേഷം പോലീസ് ഊരുമൂപ്പനിൽനിന്ന് കൈക്കൂലി വാങ്ങിയതായി ബന്ധുക്കൾ ആരോപിക്കുന്നു. ഊരുമൂപ്പനോടൊപ്പം പോലീസ് സ്റ്റേഷനിലെത്തിയ ഗ്രാമപഞ്ചായത്ത് അംഗത്തോടും പോലീസ് ഉദ്യോഗസ്ഥർ അപമര്യാദയായി പെരുമാറിയതായും പരാതിയുണ്ട്.
പരാതി ഒത്തുതീർപ്പായെന്ന് വിശ്വസിപ്പിച്ച ശേഷം പോലീസ് കള്ളക്കേസ് രജിസ്റ്റർ ചെയ്യുകയും മോഹൻദാസിനെ പ്രതിയാക്കുകയുമാണ് ഉണ്ടായത്. പോലീസിന്റെ ഭാഗത്തുനിന്നുണ്ടായ ഈ ചതിയും കള്ളക്കേസിൽ കുടുങ്ങി ജയിലിലാകുമെന്ന ഭയവും അദ്ദേഹത്തെ കടുത്ത മാനസിക സംഘർഷത്തിലേക്കു തള്ളിയിട്ടതാകാമെന്ന് എംഎൽഎ പറഞ്ഞു.
ആദിവാസി വിഭാഗത്തിലെ മുതിർന്ന വ്യക്തിയെ മാനസികമായി തകർക്കുകയും, കേസ് ഒത്തുതീർപ്പാക്കിയ ശേഷം കൈക്കൂലി വാങ്ങുകയും ചെയ്തെന്ന ആരോപണം പോലീസ് സേനയ്ക്ക് ആകെ നാണക്കേടാണ്. ഊരുമൂപ്പനെ മാനസിക സംഘർഷത്തിലാക്കിയ മുഴുവൻ ഉദ്യോഗസ്ഥരെയും നിയമത്തിനു മുന്നിൽ കൊണ്ടുവരേണ്ടതുണ്ടെന്നും അന്നത്തെ സർക്കിൾ ഇൻസ്പെക്ടർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർക്കെതിരേ ആഭ്യന്തര മന്ത്രിക്കു പരാതി നൽകുമെന്നും എംഎൽഎ പറഞ്ഞു.
വിവിധ സേനാവിഭാഗങ്ങളെ ഏകോപിപ്പിച്ച് സംയുക്ത തെരച്ചിൽ നടത്തണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും പരാതി നൽകുമെന്നും കെ.യു. ജനീഷ് കുമാർ അറിയിച്ചു. സംഭവസ്ഥലം സന്ദർശിച്ച എംഎൽഎഊരുമൂപ്പന്റെ ബന്ധുക്കളോടും പ്രദേശവാസികളോടും നേരിട്ട് സംസാരിച്ച് വിവരങ്ങൾ ശേഖരിച്ചു.