പിണവൂർ ചെറുകിട ജലവൈദ്യുത പദ്ധതി നടപ്പാക്കാൻ ഉദ്ദേശിക്കുന്ന ഉരുളിക്കുഴി വെള്ളച്ചാട്ടം.
അടിമാലി: മാമലക്കണ്ടം പിണവൂർ ചെറുകിട ജലവൈദ്യുത പദ്ധതിക്കെതിരേ പ്രതിഷേധവുമായി പ്രദേശവാസികൾ. പദ്ധതി നടപ്പാക്കിയാൽ പ്രദേശത്തെ ടൂറിസം സാധ്യത ഇല്ലാതാകുമെന്നും പാരിസ്ഥിതിക പ്രശ്നങ്ങൾ നേരിടേണ്ടി വരുമെന്നുമാണ് പ്രദേശവാസികളുടെ ആരോപണം. പദ്ധതിയുടെ മറവിൽ പാറ തുരന്ന് കരിങ്കല്ല് കടത്താനാണ് ലക്ഷ്യംവയ്ക്കുന്നതെന്നും നാട്ടുകാർ ആരോപിച്ചു.
എറണാകുളം, ഇടുക്കി ജില്ലകളുടെ അതിർത്തിയായ മാമലക്കണ്ടത്താണ് സ്വകാര്യവ്യക്തി ചെറുകിട ജലവൈദ്യുത പദ്ധതി നടപ്പാക്കാൻ ലക്ഷ്യമിടുന്നത്. പദ്ധതിയുടെ ഭാഗമായി ഉരുളിക്കുഴി മുതൽ ആനന്ദ കുടിവരെ മൂന്നു മലകൾ തുരന്നാണ് വെള്ളം കൊണ്ടുപോകുന്നതിനായി ടണൽ നിർമിക്കാൻ ലക്ഷ്യമിട്ടിരിക്കുന്നത്. ഇത് പ്രദേശത്ത് വലിയതോതിലുള്ള മണ്ണിടിച്ചിലിനും മനുഷ്യ-വന്യജീവി സംഘർഷത്തിനും ഇടയാക്കും. ടണൽ കടന്നുപോകുന്നത് വനമേഖലയിൽക്കൂടിയാണ്. പദ്ധതിയുടെ ഭാഗമായി പാറ ഖനനം നടത്തുമ്പോൾ ആനയടക്കമുള്ള വന്യജീവികളുടെ സ്വൈരവിഹാരത്തിന് തടസമാകുകയും പ്രദേശത്ത് രൂക്ഷമായ മനുഷ്യ-വന്യജീവി സംഘർഷത്തിന് ഇടവരുത്തുകയും ചെയ്യും.
ഉരുളിക്കുഴി വെള്ളച്ചാട്ടം കാണാൻ നിരവധി സഞ്ചാരികളാണ് ഇവിടെയെത്തുന്നത്. വർഷത്തിൽ അഞ്ചു മാസം മാത്രമേ ഉരുളിക്കുഴി തോട്ടിൽ വെള്ളം ഉണ്ടാകുകയുള്ളൂ. വർഷങ്ങൾക്കു മുമ്പ് ഇവിടെ മറ്റൊരു പദ്ധതിക്ക് തുടക്കമിട്ടിരുന്നു. വെള്ളമില്ലാതെ വന്നതോടെ ഈ പദ്ധതിയും നിലച്ചു. കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതിയാണ് പദ്ധതിക്ക് അനുമതി നൽകിയത്. ഇതിന്റെ ഭാഗമായി ഉദ്യോഗസ്ഥർ സർവേയ്ക്ക് എത്തിയപ്പോഴാണ് പ്രദേശവാസികൾ പദ്ധതിയുടെ വിവരങ്ങൾ അറിഞ്ഞത്.
പദ്ധതി നടപ്പാക്കിയാൽ മാമലക്കണ്ടം മേഖലയിൽ വലിയതോതിലുള്ള പാരിസ്ഥിതികാഘാതങ്ങൾ ഉണ്ടാകുമെന്നും ഇതിനെതിരേ ശക്തമായ പ്രതിഷേധവുമായി രംഗത്തിറങ്ങുമെന്നും നാട്ടുകാർ മുന്നറിയിപ്പ് നൽകി.
Tags : Nattuvishesham District news