തട്ടിപ്പിന് ഉപയോഗിച്ചത് മുന്നൂറിലേറെ അക്കൗണ്ടുകൾ
കൊച്ചി: ഓപ്പറേഷന് സൈ ഹണ്ടിന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ കൊച്ചി സിറ്റിയില്‍ അറസ്റ്റിലായ മൂന്നു പേരും കോളജ് വിദ്യാര്‍ഥികള്‍. കൊച്ചിയില്‍ തട്ടിപ്പ് സംഘത്തിന്റെ കണ്ണികളായി പ്രവര്‍ത്തിച്ചിരുന്ന പ്രതികള്‍ തട്ടിപ്പ് പണം പിന്‍വലിക്കുന്നതിനിടെയാണ് പോലീസിന്റെ പിടിയിലായത്. ഏലൂര്‍ സ്വദേശി അഭിഷേക് ബിജു (21), വെങ്ങോല സ്വദേശി ഹാഫിസ് (21), എടത്തല സ്വദേശി അല്‍ത്താഫ് (21) എന്നിവരാണ് അറസ്റ്റിലായത്.
നഗരത്തിലെ വിവിധ കോളജുകളില്‍ പഠനം നടത്തുന്ന ഇവർ അക്കൗണ്ടിലെത്തുന്ന പണം പിന്‍വലിച്ച് തട്ടിപ്പ് സംഘത്തിന് കൈമാറുകയാണ് ചെയ്തിരുന്നത്. ഓരോ തവണയും പണം എടിഎം വഴി പിന്‍വലിച്ച് തട്ടിപ്പ് സംഘത്തിന് കൈമാറുമ്പോള്‍ പതിനായിരങ്ങളാണ് പ്രതികൾക്ക് കമ്മീഷായി ലഭിച്ചിരുന്നത്. സുഹൃത്തുക്കളുടെ ബാങ്ക് അക്കൗണ്ടുകളും പ്രതികള്‍ തട്ടിപ്പിനായി ഉപയോഗിച്ചതായാണ് കണ്ടെത്തല്‍. പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.
കൊച്ചിയില്‍ മാത്രം തട്ടിപ്പിനായി ഉപയോഗിക്കുന്ന മുന്നൂറിലേറെ അക്കൗണ്ടുകള്‍ പോലീസ് കണ്ടെത്തി. വിദ്യാര്‍ഥികളടക്കം സാമ്പത്തിക തട്ടിപ്പ് കേസില്‍ പ്രതികളായ സാഹചര്യത്തില്‍ വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ച് ബോധവത്കരണ പരിപാടികള്‍ക്ക് ഒരുങ്ങുകയാണ് കൊച്ചി സിറ്റി പോലീസ്.
സൈബര്‍ തട്ടിപ്പ് സംഘങ്ങള്‍ക്ക് അക്കൗണ്ടുകള്‍ വില്പന നടത്തിയത് ഭൂരിഭാഗവും വിദ്യാര്‍ഥികളാണെന്ന് പോലീസ് കണ്ടെത്തി. കൊച്ചി നഗരത്തിലടക്കം തട്ടിപ്പ് സംഘത്തിന്റെ കണ്ണികളായി പ്രവര്‍ത്തിക്കുന്നവരെ പിടികൂടാനുള്ള ഒരുക്കത്തിലാണ് പോലീസ്. പ്രതികളെ തട്ടിപ്പ് സംഘവുമായി ബന്ധിപ്പിക്കുന്നത് പെരുമ്പാവൂര്‍ സ്വദേശിയാണെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. ഇയാള്‍ക്കായുള്ള അന്വേഷണം ആരംഭിച്ചു. ഇയാള്‍ മുഖേന ഒരു ദിവസം 25 ലക്ഷം രൂപ വരെയാണ് പ്രതികളുടെ അക്കൗണ്ടിലേക്ക് എത്തിയിരുന്നത്.
അറസ്റ്റ് പണം പിന്‍വലിക്കുന്നതിനിടെ
തിരുവനന്തപുരം സ്വദേശിയായ ശ്രാവണിന്റെ 80,000 രൂപ അടുത്തിടെ സൈബർ സംഘം തട്ടിയെടുത്തിരുന്നു. പിന്നാലെ നൽകിയ പരാതി നാഷണൽ സൈബർ ക്രൈം റിപ്പോർട്ടിംഗ് പോർട്ടിൽ രജിസ്റ്റർ ചെയ്തതോടെ പണം കൈമാറിപ്പോയ അക്കൗണ്ടുകളെല്ലാ നിരീക്ഷണത്തിലായി. ഈ പണം അഭിഷേക് പിൻവലിച്ചതോടെയാണ് മൂന്നു പേരുടെ അറസ്റ്റ് വേഗത്തിലായത്. ഹാഫിസിന്റെ കൈയിൽനിന്ന് 6.5 ലക്ഷം രൂപയും മൊബൈൽ ഫോണുകളും പിടിച്ചെടുത്തു. മരടിലെ ഒരു ബാങ്കിന്റെ ബ്രാഞ്ചിൽനിന്നാണ് ഇവർ പണം പിൻവലിച്ചത്.
പെരുമ്പാവൂരിൽ രണ്ടു പേർ കുടുങ്ങി
പെരുമ്പാവൂർ: ഓപ്പറേഷൻ സൈ ഹണ്ടിന്റെ ഭാഗമായി പെരുമ്പാവൂരിൽ നടത്തിയ റെയ്ഡിൽ രണ്ടു പേർ പിടിയിലായി. മുടിക്കൽ ചെരുമൂടൻ വീട്ടിൽ ഹസൻ അനസ് (25), വെങ്ങോല അല്ലപ്രയിൽ വാടകയ്ക്ക് താമസിക്കുന്ന പെരുമ്പാവൂർ തെക്കിനേടത്ത് വീട്ടിൽ അമൽ പ്രധാൻ (24) എന്നിവരെയാണ് പെരുമ്പാവൂർ പോലീസ് അറസ്റ്റ് ചെയ്തത്.
ഹസൻ അനസിന്റെ അക്കൗണ്ടിലേക്ക് ഉത്തർപ്രദേശ് ഗാസിയാബാദ് സ്വദേശിയുടെ അക്കൗണ്ടിൽ നിന്ന് 1,70,000 രൂപ വന്നിട്ടുണ്ട്. ഈ മ്യൂൾ അക്കൗണ്ട് വഴി ചെക്ക് ഉപയോഗിച്ചും അല്ലാതെയും പണം പിൻവലിച്ച് സംഘടിത കുറ്റകൃത്യത്തിൽ ഏർപ്പെടുകയായിരുന്നു. പരാതിക്കാരനായ കോഴിക്കോട് സ്വദേശിയുടെ ബാങ്ക് അക്കൗണ്ടിൽനിന്ന് അമലിന്റെ വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് 3,40,000 രൂപ ട്രാൻസ്ഫർ ചെത് ഈ കേസിലെ മറ്റ് പ്രതികൾ അമലിന്റെ ചെക്കും എടിഎം കാർഡും ഉപയോഗിച്ച് പണം പിൻവലിച്ചിരുന്നു.
പെരുമ്പാവൂർ ഇൻസ്പെക്ടർ ജിൻസൺ ഡൊമിനിക്, എസ്ഐമാരായ പി.എം. റാസിക്ക്, വിനിൽ ബാബു, എസ്. ശിവകുമാർ, വിഷ്ണു, എഎസ്ഐ രതി, എസ്സിപിമാരായ ജിജിമോൻ, രജിത്ത് രാജൻ തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
Tags : Operation CY Hunt Local News Ernakulam Nattuvishesham