കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളിപോലീസ് സ്റ്റേഷൻ സ്കൂൾ സേഫ്റ്റി ഗ്രൂപ്പിന്റെ ആഭിമുഖ്യത്തിൽ സംസ്ഥാന സർക്കാരിന്റെ മയക്കുമരുന്നുവിരുദ്ധ പദ്ധതിയായ ഓപ്പേറഷൻ തൂഫാനുമായി ബന്ധപ്പെട്ട് കൂവപ്പള്ളി സെന്റ് ജോസഫ് ഹൈസ്കൂളിൽ സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പ് മീറ്റിംഗും കുട്ടികൾക്കും അധ്യാപകർക്കുമുള്ള ബോധവത്കരണ ക്ലാസും നടത്തി.
എരുമേലി സബ് ഇൻസ്പെക്ടർ നെൽസൺ ക്ലാസ് നയിക്കുകയും വിദ്യാർഥികളുമായി സംവദിക്കുകയും ചെയ്തു. പിടിഎ പ്രസിഡന്റ് എം.എൻ. മനോജ്, വാർഡ് മെംബർ ജോസഫ് സെബാസ്റ്റ്യൻ, വ്യാപാരി പ്രതിനിധി സോണി സെബാസ്റ്റ്യൻ, ഓട്ടോ ഡ്രൈവർ യൂണിയൻ പ്രതിനിധി ലിജോമോൻ, എംപിടിഎ പ്രസിഡന്റ് മജിത ബിജു, സജിമോൾ സുരേഷ്, കാഞ്ഞിരപ്പള്ളി പോലീസ് സ്റ്റേഷൻ എസ്ഐ അനിൽകുമാർ, എഎസ്ഐ സീന, സിപിഒ ബിനോയ്മോൻ എന്നിവർ പ്രസംഗിച്ചു.
പുതിയ അധ്യയന വർഷത്തിൽ വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും ലഹരിവിപത്തിനെതിരേ പ്രതിരോധം തീർക്കുന്നതിനുമായി സ്കൂൾ സംരക്ഷണസമിതിയുടെ പ്രത്യേക യോഗം ചേർന്നു. ഹെഡ്മിസ്ട്രസ് ജോഷിന മേരി അധ്യക്ഷത വഹിച്ചു. സ്കൂൾസമയത്തിനുശേഷം കുട്ടികൾ ടൗണിൽ കൂടുതൽ സമയം ചുറ്റിത്തിരിയുന്നതും പുകയില ഉത്പന്നങ്ങൾ ഉപയോഗിക്കുന്നതും തടയാൻ യോഗത്തിൽ തീരുമാനമെടുത്തു.
കുട്ടികൾക്ക് ലഹരിവസ്തുക്കൾ വില്പന നടത്തുന്ന വ്യാപാരികളുടെ വിവരങ്ങൾ ശേഖരിച്ച് പോലീസിന് കൈമാറും. ഇത്തരം കടകൾക്കെതിരേ ഉടനടി നിയമനടപടി സ്വീകരിക്കുമെന്ന് യോഗത്തിൽ പങ്കെടുത്ത പോലീസ് പ്രതിനിധികൾ പറഞ്ഞു. വിദ്യാർഥികൾ സ്കൂൾവിട്ടതിനുശേഷം സുരക്ഷിതമായി ബസുകളിൽ കയറി പോകുന്നുണ്ടെന്ന് ഉറപ്പാക്കാൻ അധ്യാപകർക്ക് ബസ് സ്റ്റോപ്പ് പരിസരങ്ങളിൽ റൊട്ടേഷൻ അടിസ്ഥാനത്തിൽ പ്രത്യേക ഡ്യൂട്ടി നിശ്ചയിച്ചു.
വരുംദിവസങ്ങളിൽ കുട്ടികൾക്കായി ട്രാഫിക് പരിശീലനം, ലഹരിവിരുദ്ധ ബോധവത്കരണം, സോഷ്യൽ മീഡിയ കെണികൾ എന്നിവയെക്കുറിച്ച് വിദഗ്ധരെ പങ്കെടുപ്പിച്ച് ക്ലാസുകൾ സംഘടിപ്പിക്കും.
Tags : nattu vishesham Operation Toofan