തേഞ്ഞിപ്പലം: കാലിക്കട്ട് സർവകലാശാല കാന്പസ് പരിസരം കേന്ദ്രീകരിച്ച് എംഡിഎംഎൽഎ വിൽപ്പന നടത്തിയ സ്ഥിരം കുറ്റവാളി അടക്കം രണ്ട് പേർ അറസ്റ്റിൽ. കൊണ്ടോട്ടി വലിയപറന്പ് സ്വദേശി പറപ്പാറ റിയാസ് എന്ന ചോര റിയാസ് (45), പുളിക്കൽ സ്വദേശി ഫർസാന മൻസിൽ വീട്ടിൽ മുജീബ് റഹ്മാൻ (46) എന്നിവരാണ് പിടിയിലായത്.
രാസലഹരി വിൽപ്പന നടത്താൻ ഉപയോഗിച്ചിരുന്ന കാറും പോലീസ് പിടിച്ചെടുത്തു.
ഓപറേഷൻ തൂഫാന്റെ ഭാഗമായി ജില്ലാ പോലീസ് മേധാവി ചൈത്ര തെരേസ ജോണിന്റെ നിർദേശപ്രകാരം ഡാൻസാഫ് സംഘവും തേഞ്ഞിപ്പലം പോലീസും സംയുക്തമായി നടത്തിയ റെയ്ഡിലാണ് സംസ്ഥാനത്തെ വിവിധ സ്റ്റേഷനുകളിലായി 40ഓളം കേസിലെ പ്രതിയായ മുജീബ്റഹ്മാൻ അടക്കം പിടിയിലായത്.
സർവകലാശാല കാന്പസ് പരിസരം കേന്ദ്രീകരിച്ച് വിദ്യാർഥികൾക്ക് പതിവായി രാസലഹരി എത്തിച്ചുനൽകിയിരുന്ന സംഘത്തെയാണ് പിടികൂടിയതെന്ന് പോലീസ് പറഞ്ഞു.
കൊണ്ടോട്ടി എഎസ്പി കാർത്തിക് ബാലകുമാർ, തേഞ്ഞിപ്പലം ഇൻസ്പെക്ടർ ടി.എസ്. ശ്രീജിത്ത് എന്നിവരുടെ നേതൃത്വത്തിൽ ഡാൻസാഫ് സംഘവും തേഞ്ഞിപ്പലം പോലീസും ചേർന്നാണ് പ്രതികളെ പിടികൂടി അന്വേഷണം തുടരുന്നത്.
Tags : Local News Nattuvishesham Malappuram