അപകടകരമായ വളവിൽ തട്ടേക്കാട് പ്രവർത്തിച്ചുവരുന്ന ഫോറസ്റ്റ് ചെക്ക് പോസ്റ്റ്.
കോതമംഗലം: അപകടകരമായ വളവിൽ തട്ടേക്കാട് പ്രവർത്തിച്ചുവരുന്ന ഫോറസ്റ്റ് ചെക്ക് പോസ്റ്റ് അടിയന്തിരമായി മാറ്റിസ്ഥാപിക്കാൻ മന്ത്രി ഷിബു ബേബി ജോൺ നിർദേശം നൽകി. ഉത്തരവിന്റെ പകർപ്പ് കോതമംഗലം എംഎൽഎയ്ക്കും വനം വകുപ്പ് അധികൃതർക്കും കൈമാറി.
ചെക്ക് പോസ്റ്റ് മാറ്റിസ്ഥാപിക്കുന്നതിനോടൊപ്പം പഴക്കം ചെന്ന കെട്ടിടത്തിൽ പ്രവർത്തിക്കുന്ന പുന്നേക്കാട് ഫോറസ്റ്റ് സ്റ്റേഷനുംകൂടി മാറ്റിസ്ഥാപിക്കുന്നതിനുള്ള അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കുന്നതിനുള്ള എസ്റ്റിമേറ്റ് അടിയന്തിരമായി സമർപ്പിക്കാൻ ഷിബു തെക്കുംപുറം കോതമംഗലം ഡിഎഫ്ഒയ്ക്ക് നിർദേശവും നൽകി.
മാനദണ്ഡങ്ങൾ പാലിക്കാതെ ഇരുവശങ്ങളിലും വളവുകളായ സ്ഥലത്ത് വർഷങ്ങൾക്ക് മുമ്പ് സ്ഥാപിച്ചതാണ് നിലവിലെ ചെക്ക് പോസ്റ്റ്. അപകട സാഹചര്യത്തിൽ സ്ഥിതി ചെയ്യുന്ന ചെക്ക് പോസ്റ്റിന്റെ ഇരുമ്പ് ക്രോസ് ബാറിൽ കഴിഞ്ഞ മാസം ബൈക്ക് യാത്രികൻ തലയിടിച്ച് മറിഞ്ഞ് മരണപ്പെട്ടിരുന്നു.ചുരുളി സ്വദേശി മോൻസി ജോർജ് (49) ആണ് മരിച്ചത്.
ഇതിനു മുമ്പും ഇവിടെ നിരവധി അപകടങ്ങൾ ഉണ്ടായിട്ടുണ്ട്. ഇവിടുത്തെ അപകട സാഹചര്യം ദീപിക ചിത്രം സഹിതം റിപ്പോർട്ട് ചെയ്തിരുന്നു. ഇതോടെ പ്രശ്നത്തിന്റെ ഗൗരവം പൊതു ശ്രദ്ധയാകർഷിക്കുകയും ഷിബു തെക്കുപുറം പ്രശ്നത്തിൽ ഇടപെടുകയും വനം മന്ത്രിക്ക് കാര്യങ്ങൾ വ്യക്തമാക്കി കത്ത് നൽകുകയും ചെയ്തു. ഇതോടെയാണ് ചെക്ക്പോസ്റ്റ് മാറ്റി സ്ഥാപിക്കാൻ ഉത്തരവായത്.
ചെക്ക് പോസ്റ്റ് വന്യമൃഗ ശല്യം രൂക്ഷമായ പുന്നേക്കാട് പ്ലാന്റഷനിൽ മാവിൻചുവട് ഭാഗത്തേക്ക് മാറ്റിസ്ഥാപിക്കണമെന്ന് 2025 ൽ ഫാർമേഴ്സ് ആവയർനെസ്സ് റിവൈവൽ മൂവ്മെന്റ് (ഫാം) മുൻ ജനറൽ സെക്രട്ടറി സിജുമോൻ ഫ്രാൻസിസ് സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ അന്നത്തെ സർക്കാർ മുഖവിലയ്ക്കെടുത്തില്ല.
നിലവിൽ തട്ടേക്കാടുള്ള ചെക്ക് പോസ്റ്റ് നിയന്ത്രിക്കുന്നത് 15 കിലോമീറ്റർ അകലെയുള്ള കുട്ടമ്പുഴ റേഞ്ചിന് കീഴിൽ കൂവപ്പാറ ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസ് ജീവനക്കാരാണ്.
ഈ ചെക്ക് പോസ്റ്റ് പുന്നെക്കാട് മാവിൻചുവട്ടിലേക്ക് മാറ്റിസ്ഥാപിച്ചാൽ ഒന്നര കിലോമീറ്റർ മാത്രം അകലെയുള്ള പുന്നേക്കാട് ഫോറസ്റ്റ് ഓഫിസിന്റെ നിയന്ത്രണത്തിൽ വരികയും പ്ലാന്റേഷനിലെ കാട്ടാന ശല്യം ഒരു പരിധിവരെ നിയന്ത്രിക്കാൻ കഴിയുകയും ചെയ്യും. കൂടാതെ കൂവപ്പാറ സ്റ്റേഷനിൽ അധികം വരുന്ന ജീവനക്കാരെ പൂയംകുടി മേഖലയിൽ പ്രതിരോധ പ്രവർത്തനങ്ങൾക്കായി നിയോഗിക്കുകയും ചെയ്യാമെന്ന നിർദേശം വളരെ പ്രാധാന്യത്തോടെ കാണുകയും ചെയ്തിട്ടുണ്ട്.
വനം മന്ത്രിയുടെ നിർദേശപ്രകാരം മലയാറ്റൂർ ഡിഎഫ്ഒ തൃശൂർ സർക്കിൾ വഴി ഇത് നടപ്പാക്കാനുള്ള അനുമതിക്കായി സക്കാരിനോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. തുടർന്ന് പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് (മാനേജ്മെന്റ്), ചെക്ക് പോസ്റ്റ് മാറ്റിസ്ഥാപിക്കുന്നതിനുള്ള ഉത്തരവിറക്കി.
ചെക്ക് പോസ്റ്റ് മാറ്റിസ്ഥാപിക്കുന്നതോടെ പുന്നേക്കാട് പ്ലാന്റേഷനിലൂടെ യാത്രചെയ്യുന്നവർക്കും കീരംപാറ പഞ്ചായത്തിലും വന്യമൃഗ ശല്യം ഒരു പരിധിവരെ പരിഹരിക്കപ്പെടുമെന്ന പ്രതീക്ഷയുമുണ്ട്.
Tags : Nattuvishesham DistrictNews