പ്രതീകാത്മക ചിത്രം
ചെറുതോണി: പടമുഖം ക്ഷീരോത്പാദക സഹകരണ സംഘം സെക്രട്ടറിയായിരുന്ന ഇലവുംകുന്നേല്‍ ബിജു ഏബ്രഹാമില്‍നിന്ന് 36,32,469 രൂപ ഈടാക്കാന്‍ ആര്‍ബിട്രേറ്റര്‍ ഉത്തരവിട്ടതായി സംഘം പ്രസിഡന്റ് ജോബി ജോസഫ് അറിയിച്ചു. 2000 മുതല്‍ 2019 വരെയുള്ള കാലയളവില്‍ സെക്രട്ടറി ബിജുവും ഭാര്യ ബെറ്റിയും ചേര്‍ന്ന് വ്യാജ വൗച്ചറുകളും ബില്ലുകളും ഉണ്ടാക്കി പണം അപഹരിക്കുകയായിരുന്നു.
സംഘത്തിന് ലഭിക്കേണ്ട കാലിത്തീറ്റയുടെ ബോണസ് ഉള്‍പ്പെടെ ഭാര്യയുടെ അക്കൗണ്ടിലേക്കു മാറ്റി നിരവധി തവണ പണം തട്ടിയെടുത്തു. ഒരു ദിവസം 4000 ലിറ്റര്‍വരെ പാല് അളന്നിരുന്നതിനാല് തട്ടിപ്പ് തിരിച്ചറിയാന്‍ കഴിഞ്ഞിരുന്നില്ല. മില്‍മ കെട്ടിടത്തിന്റെ പൂട്ട് തുറക്കാതെ ഒന്നേകാല്‍ ലക്ഷം രൂപ മോഷണം പോയതായി സെക്രട്ടറിയുടെ പരാതിയെത്തുടര്‍ന്ന് ഭരണസമിതി നടത്തിയ പരിശോധനയിലാണ് തട്ടിപ്പ് കണ്ടെത്തിയത്.
2019 ലെ തെരഞ്ഞെടുപ്പില്‍ ചുമതലയേറ്റ ഭരണസമിതിയുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. പരിശോധനയില്‍ ക്രമക്കേട് കണ്ടെത്തിയതിനെത്തുടര്‍ന്ന് നല്കിയ പരാതിയിലാണ് പണം ഈടാക്കാന്‍ വിധി ഉണ്ടായത്. പണം ഈടാക്കുന്നതിന് നിയമനടപടികളുമായി മുന്നോട്ടുപോകുമെന്നും ഡയറക്ടര്‍മാരായ പി.എം. ജോയി, സോണി ജോസഫ്, സുജി മാത്യു, ബാബു കുമ്പിളുവേലില്‍ എന്നിവര്‍ അറിയിച്ചു.
Tags : recover money NattuVishasham DistrictNews