ചൂളത്തെരുവ് മുക്കിന് സമീപം നിയന്ത്രണംവിട്ട കാർ വൈദ്യുതിത്തൂണിലിടിച്ചു തകർന്ന നിലയിൽ
ഹരിപ്പാട്: കായംകുളം-കാർത്തികപ്പള്ളി റോഡിൽ നിയന്ത്രണംവിട്ട കാർ വൈദ്യുതിത്തൂണിലിടിച്ചു തകർന്നു. ഇന്നലെ പുലർച്ചെ മൂന്നോടെ ചൂളത്തെരുവ് മുക്കിന് തെക്ക് ഭാഗത്തായിരുന്നു അപകടം. കാറിലുണ്ടായിരുന്ന കൊച്ചി കൊച്ചിൻജെട്ടി സ്വദേശികളായ രണ്ടുപേർ പരിക്കേൽക്കാതെ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.
വടക്കുഭാഗത്തുനിന്നു വന്ന കാർ നിയന്ത്രണംവിട്ട് റോഡിന്റെ പടിഞ്ഞാറുവശത്തുള്ള വൈദ്യുതിത്തൂണിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഒടിഞ്ഞുമാറിയ തൂൺ കാറിന് മുകളിലേക്കാണ് പതിച്ചത്. കാറിന്റെ മുൻഭാഗം പൂർണമായും തകർന്ന നിലയിലാണ്.
അപകടം നടന്ന ഉടൻതന്നെ വാഹനത്തിലെ എയർബാഗുകൾ പ്രവർത്തിച്ചതാണ് യാത്രക്കാർക്ക് ജീവൻരക്ഷാകവചമായത്. കൂടാതെ, തൂൺ ഒടിഞ്ഞുവീണ നിമിഷംതന്നെ വൈദ്യുതിബന്ധം വിച്ഛേദിക്കപ്പെട്ടതും വലിയൊരു ദുരന്തം ഒഴിവാക്കി. അപകടത്തെത്തുടർന്ന് പ്രദേശത്ത് ഏറെനേരം വൈദ്യുതി തടസപ്പെട്ടു.