കാക്കനാട്: ജില്ലയില്‍ മോട്ടോര്‍ വാഹന വകുപ്പ് എന്‍ഫോഴ്സ്മെന്റ് വിഭാഗം നടത്തിയ പ്രത്യേക പരിശോധനയില്‍ അമിതഭാരം കയറ്റിയ 65 ചരക്കു വാഹനങ്ങള്‍ക്കെതിരെ നടപടി സ്വീകരിച്ചു. വിവിധ കേസുകളിലായി ആകെ 21,48,500 രൂപ പിഴയും ഈടാക്കിയതായി എറണാകുളം ആര്‍ടിഒ (എന്‍ഫോഴ്സ്മെന്റ്) അറിയിച്ചു. റോഡില്‍ സര്‍വീസ് നടത്താന്‍ യോഗ്യമല്ലെന്ന് കണ്ടെത്തിയ മൂന്ന് ടിപ്പര്‍ വാഹനങ്ങളുടെ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് റദ്ദാക്കി.
റോഡ് സുരക്ഷ ഉറപ്പാക്കുക, വാഹനാപകടങ്ങള്‍ കുറയ്ക്കുക, പൊതുമരാമത്ത് റോഡുകളുടെയും പാലങ്ങളുടെയും സംരക്ഷണം എന്നിവ ലക്ഷ്യമിട്ട് കഴിഞ്ഞ ഏതാനും ആഴ്ചകളായി ജില്ലയിലെ പ്രധാന പാതകളില്‍ രാപകല്‍ പരിശോധന ശക്തമാക്കിയിരുന്നു.
ആര്‍ടിഒയുടെ നിർദേശപ്രകാരം മൂന്ന് എന്‍ഫോഴ്സ്മെന്റ് സ്ക്വാഡുകളാണ് പരിശോധനകള്‍ക്ക് നേതൃത്വം നല്‍കിയത്. അമിതഭാരം കയറ്റുന്നത് വാഹനങ്ങളുടെ നിയന്ത്രണശേഷിയെയും ബ്രേക്കിംഗ് സംവിധാനത്തെയും ബാധിക്കുമെന്നും ഇത് ഗുരുതരമായ അപകടങ്ങള്‍ക്കും റോഡുകളുടെ തകര്‍ച്ചയ്ക്കും കാരണമാകുമെന്നും ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടി. അതിനാല്‍ വാഹന ഉടമകളും ഡ്രൈവര്‍മാരും അനുവദനീയമായ ഭാരപരിധി കര്‍ശനമായി പാലിക്കണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടു.
സെന്‍ട്രല്‍ മോട്ടോര്‍ വെഹിക്കിള്‍സ് റൂള്‍സ് ചട്ടം 167 പ്രകാരം ഓവര്‍ലോഡ് കണ്ടെത്തുന്ന വാഹനങ്ങള്‍ ബ്ലാക്ക്ലിസ്റ്റ് ചെയ്യും. ഇങ്ങനെയുള്ള വാഹനങ്ങള്‍ക്ക് നികുതി സംബന്ധമായ സേവനങ്ങള്‍ ഒഴികെ മറ്റ് മോട്ടോര്‍ വാഹന വകുപ്പ് സേവനങ്ങള്‍ ലഭ്യമാകില്ല. നിയമലംഘനം ആവര്‍ത്തിച്ചാല്‍ കൂടുതല്‍ കര്‍ശനമായ നിയമനടപടികള്‍ സ്വീകരിക്കും.
വരും ദിവസങ്ങളിലും ജില്ലയില്‍ യാതൊരു വിട്ടുവീഴ്ചയുമില്ലാതെ പരിശോധനകള്‍ തുടരുമെന്നും സുരക്ഷിതമായ ചരക്ക് ഗതാഗതം ഉറപ്പാക്കാന്‍ ഇത്തരം പ്രത്യേക എന്‍ഫോഴ്സ്മെന്റ് ഡ്രൈവുകള്‍ സംഘടിപ്പിക്കുമെന്നും ആര്‍ടിഒ വ്യക്തമാക്കി.
Tags : Local News Nattuvishesham Ernakulam