തിരുവനന്തപുരം: കേരളത്തിലെ ആദ്യത്തെ ധനകാര്യ മന്ത്രിയും സോഷ്യലിസ്റ്റ് നേതാവുമായിരുന്ന പി.കെ. കുഞ്ഞിന്റെ സ്മരണാർഥം പി.കെ. കുഞ്ഞ് ഫൗണ്ടേഷൻ ഏർപ്പെടുത്തിയ മാധ്യമ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു.
ദീപിക - രാഷ്ട്രദീപിക ലേഖിക എസ്. മഞ്ജുളാദേവി, കലാകൗമുദി ലേഖകൻ ശിവാകൈലാസ് എന്നിവർക്കാണ് ഈ വർഷത്തെ പി.കെ. കുഞ്ഞ് സ്മാരക മാധ്യമ പുരസ്ക്കാരം. പ്രമുഖ മാധ്യമ പ്രവർത്തകനും ഗ്രന്ഥകാരനുമായ അമാനുള്ള വടക്കേകര ചെയർമാനും, കടവിൽ കെ.റഷീദ്, എൻ.ഐ. ഹസ്സൻ എന്നിവർ അംഗങ്ങളുമായ ജൂറിയാണ് അവാർഡ് ജേതാക്കളെ തെരഞ്ഞെടുത്തത്.
നിരാലംബരുടെ കണ്ണീരൊപ്പുന്ന വാർത്തകൾ, സാമൂഹിക പ്രതിബദ്ധതയുള്ള ലേഖനങ്ങൾ എന്നിവ പരിഗണിച്ചാണ് ഇരുവരെയും പുരസ്കാരത്തിന് തെരഞ്ഞെടുത്തതെന്നു ജൂറി ചെയർമാൻ പറഞ്ഞു.
23ന് വൈകുന്നേരം അഞ്ചിന് തമ്പാനൂർ ചൈത്രം ഹോട്ടലിൽ നടക്കുന്ന അനുസ്മരണ സമ്മേളനത്തിൽ മന്ത്രി സി.പി. ജോൺ പുരസ്കാരം സമ്മാനിക്കും. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല സമ്മേളനം ഉദ്ഘാടനം ചെയ്യുമെന്ന് പി.കെ. കുഞ്ഞ് ഫൗണ്ടേഷൻ പ്രസിഡന്റ് കെ. മെഹബൂബ് അറിയിച്ചു.
Tags : Local News Nattuvishesham Thiruvananthapuram