നെന്മാറ കൃഷിഭവൻ അധികൃതർ പരിശോധന നടത്തുന്നു.
നെന്മാറ: നെന്മാറ കൃഷിഭവനും വിള ആരോഗ്യകേന്ദ്രവും വിവിധ പാടശേഖരങ്ങളിൽ നടത്തിയ കീടരോഗസർവേയിൽ നെല്ലോലകളെ ആക്രമിക്കുന്ന മണ്ഡരികളുടെ ആക്രമണം രൂക്ഷമായതായി കണ്ടെത്തി.
വിള ആരോഗ്യപരിപാലന പദ്ധതിയുടെ ഭാഗമായുള്ള സർവേയിലാണ് അകമ്പാടം, എടക്കമ്പാടം സമിതികളിൽ മണ്ഡരിയുടെ സാന്നിധ്യം കണ്ടെത്തിയത്. എടക്കംപാടം പാടശേഖരസമിതിയിലെ കെ. സേതുമാധവൻ എന്ന കർഷകന്റെ പാടത്ത് നടത്തിയ ശാസ്ത്രീയ പരിശോധനയിലാണ് മണ്ഡരി സ്ഥിരീകരിച്ചത്.
ഇടയ്ക്കിടെയുള്ള നല്ല വെയിലും മഴയുമാകാം മണ്ഡരികളുടെ വ്യാപനത്തിനു കാരണമാകുന്നതെന്നു നെന്മാറ കൃഷിഓഫീസർ എസ്. കൃഷ്ണ പറഞ്ഞു.
പലതരത്തിൽപ്പെട്ട മഞ്ഞളിപ്പും ഇലകരിച്ചിലും പാടത്തു കാണുന്നുണ്ടെങ്കിലും മണ്ഡരികളുടെ ആക്രമണമാണോ എന്ന് കൃഷിഭവനുമായി ബന്ധപ്പെട്ടു ഉറപ്പാക്കിയ ശേഷം മാത്രം നിയന്ത്രണമാർഗങ്ങൾ അനുവർത്തിക്കേണ്ടതാണെന്നും കൃഷി ഓഫീസർ പറഞ്ഞു.
ലക്ഷണങ്ങൾ ശ്രദ്ധയിൽപെടുകയാണെങ്കിൽ ഉടൻ നെന്മാറ കൃഷിഭവനുമായി ബന്ധപ്പെടണം. കൃഷിഓഫീസർ എസ്. കൃഷ്ണ, അസിസ്റ്റന്റ് കൃഷി ഓഫീസർ സി. സന്തോഷ്, കൃഷി അസിസ്റ്റന്റ് വി. ലിഗിത, പെസ്റ്റ് സ്കൗട്ട് അജ്മൽ എന്നിവരടങ്ങിയ സംഘമാണ് രോഗബാധയുള്ള കൃഷിയിടങ്ങളിൽ പരിശോധന നടത്തിയത്.