കാഞ്ഞിരപ്പുഴ: പാലക്കാട് രൂപതാതല വിശ്വാസ പരിശീലന പ്രവേശനോത്സവത്തിനു തുടക്കമായി. കാഞ്ഞിരപ്പുഴ സെന്റ് തോമസ് ഫൊറോന പള്ളിയിൽ നടന്ന പ്രവേശനോത്സവം ബിഷപ് മാർ പീറ്റർ കൊച്ചുപുരയ്ക്കൽ ഉദ്ഘാടനം ചെയ്തു.
അറിവിൽനിന്നു നമ്മൾ നന്മയിലേക്കു നീങ്ങണമെന്നു ബിഷപ് സന്ദേശത്തിൽ പറഞ്ഞു. നന്മ ചെയ്യണമെങ്കിൽ പ്രാർഥനയുടെ അന്തരീക്ഷമുണ്ടാകണം. അതു സ്വായത്തമാക്കണം.
സഹവർത്തിത്വമാണു വിശ്വാസപരിശീലനം. അതിൽ കേൾവിക്കാർ മാത്രമാകരുത്, പങ്കാളിത്തവും വേണം. കേട്ടറവിൽനിന്നു മാത്രമല്ല, കേൾവിയിൽനിന്നു പ്രവർത്തിക്കാനും കഴിയണം.
സൗകര്യങ്ങൾ വർധിക്കുന്നതിനനുസരിച്ചു വിശ്വാസവും മുറുകെപ്പിടിക്കണം. അതിനുള്ള തിരിച്ചറിവുണ്ടാകണമെന്നും ബിഷപ് ഉദ്ബോധിപ്പിച്ചു. വിശുദ്ധ കുർബാനയും നടത്തി. രാവിലെ ഇടവക വിശ്വാസികളുടെ നേതൃത്വത്തിൽ സ്വീകരണവുമുണ്ടായിരുന്നു.
രൂപത വിശ്വാസ പരിശീലന ഡയറക്ടർ ഫാ. ജയിംസ് ചക്കിയത്ത്, ഫൊറോന വികാരിയും രൂപത വിശ്വാസ പരിശീലന ജോയിന്റ് ഡയറക്ടറുമായ ഫാ. മാർട്ടിൻ ഏറ്റുമാനൂർക്കാരൻ, മതബോധന പ്രിൻസിപ്പൽ ടെസി മാത്യു നെടുപുറത്ത്, അസിസ്റ്റന്റ് വികാരി ഫാ. മെജോ മഞ്ഞളി എന്നിവർ പ്രസംഗിച്ചു.
പൊതുസമ്മേളനവും സമ്മാനവിതരണവും നടത്തി. ഫൊറോന വികാരി ഫാ. മാർട്ടിൻ ഏറ്റുമാനൂർക്കാരൻ, അസിസ്റ്റന്റ് വികാരി ഫാ. മെജോ മഞ്ഞളി, കൈക്കാരൻമാരായ തോമസ് തറപ്പേൽ, സോജൻ ആലപ്പാട്ടുകുന്നേൽ എന്നിവർ പരിപാടിക്കു നേതൃത്വം നൽകി.രൂപതയിലെ നൂറുകണക്കിനു കുഞ്ഞുങ്ങൾ പ്രവേശനോത്സവത്തിൽ പങ്കുചേർന്നു.
Tags : nattu vishesham Palakkad-style trust training entrance festival