മന്ത്രി സണ്ണി ജോസഫിന്റെ അധ്യക്ഷതയിൽ ചേർന്ന ഇരിട്ടി താലൂക്ക് വികസന സമിതി യോഗം.
ഇരിട്ടി: റോഡരികിലെ അപകടഭീഷണിയുള്ള മരങ്ങൾ മുറിച്ചുമാറ്റുന്നതിൽ സാമൂഹ്യ വനവത്കരണ വിഭാഗവും പൊതുമരാമത്ത് വകുപ്പും കാണിക്കുന്ന അനാസ്ഥയ്ക്കെതിരേ ഇരിട്ടി താലൂക്ക് വികസന സമിതി യോഗത്തിൽ രൂക്ഷ വിമർശനം ഉയർന്നു. ട്രീ കമ്മിറ്റിയുടെ ശിപാർശ പ്രകാരം അപകടഭീഷണി യുള്ള മരങ്ങൾ ബന്ധപ്പെട്ട വകുപ്പുകൾ സമയബന്ധിതമായി നീക്കം ചെയ്യാത്ത സാഹചര്യത്തിൽ, അതിനുള്ള അധികാരം പഞ്ചായത്തുകൾക്ക് നൽകണമെന്ന് യോഗം ആവശ്യപ്പെട്ടു.
ട്രീ കമ്മിറ്റിയുടെ നിർദേശ പ്രകാരം പഞ്ചായത്ത് ശിപാർശ ചെയ്യുന്ന മരങ്ങൾ പൊതുമരാമത്ത് വകുപ്പോ സാമൂഹ്യ വനവത്കരണ വിഭാഗമോ നീക്കം ചെയ്യാത്ത പക്ഷം പഞ്ചായത്തുകൾക്ക് തന്നെ നടപടി സ്വീകരിക്കാൻ അധികാരം നൽകണമെന്ന് അയ്യൻകുന്ന് പഞ്ചായത്ത് പ്രസിഡന്റ് മിനി വിശ്വനാഥൻ ആവശ്യപ്പെട്ടു. ഇക്കാര്യം സർക്കാരിന്റെ പരിഗണനയിൽ കൊണ്ടുവരാമെന്ന് യോഗത്തിൽ അധ്യക്ഷത വഹിച്ച വൈദ്യുതി മന്ത്രി സണ്ണി ജോസഫ് അറിയിച്ചു.
126 കോടി രൂപ ചെലവഴിച്ച് നവീകരിക്കുന്ന എടൂർ-പാലത്തുംകടവ്-അങ്ങാടിക്കടവ് റോഡിന്റെ നിർമാണത്തിൽ വ്യാപക ക്രമക്കേടുകൾ നടന്നതായി യോഗത്തിൽ ആരോപണം ഉയർന്നു. ശക്തമായ മഴയുടെ പശ്ചാത്തലത്തിൽ ദുരന്തനിവാരണ നടപടികൾ കൂടുതൽ ശക്തമാക്കണമെന്ന് യോഗം നിർദേശിച്ചു. മഴ മുന്നറിയിപ്പുമായി ബന്ധപ്പെട്ട സാഹചര്യം ഇരിട്ടി തഹസിൽദാർ യോഗത്തിൽ വിശദീകരിച്ചു. യോഗത്തിൽ വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, പഞ്ചായത്ത് പ്രസിഡന്റുമാർ, വിവിധ വകുപ്പ് മേധാവികൾ എന്നിവർ പങ്കെടുത്തു.
ഒരു മരം മുറിക്കാൻ 30,000 രൂപ!
ഒരു മരം മുറിച്ചുമാറ്റാൻ ഏകദേശം 30,000 രൂപ ചെലവ് വരുന്നതായി പൊതുമരാമത്ത് വകുപ്പ് എക്സിക്യുട്ടീവ് എൻജിനിയർ. അങ്ങനെയെങ്കിൽ മരംമുറിക്കൽ നടപടികളിൽ ക്രമക്കേടുകൾ നടക്കുന്നുണ്ടെന്ന് മുഴക്കുന്ന് പഞ്ചായത്ത് പ്രസിഡന്റ് ജാഫർ നെല്ലൂർ ആരോപിച്ചു.17 മരങ്ങൾ മുറിക്കാൻ 75,000 രൂപയ്ക്ക് കരാർ നല്കിയെങ്കിലും രണ്ടാം ദിവസം കരാറുകാരൻ കൂടുതൽ തുക ആവശ്യപ്പെട്ട് ജോലി നിർത്തിവച്ചതായും മരങ്ങളുടെ വില നിർണയത്തിലും മുറിച്ചുമാറ്റൽ നടപടികളിലും ഗൂഢാലോചനയുണ്ടെന്ന സംശയവും അദ്ദേഹം പ്രകടിപ്പിച്ചു.
Tags : Nattuvishesham Districtnews Panchayats