കരിപ്പാലി റോഡിൽ പട്ടപഴുപ്പ് പിടിപെട്ട നേന്ത്രവാഴത്തോട്ടം.
വടക്കഞ്ചേരി: മഴയെതുടർന്ന് നേന്ത്രവാഴകൾക്ക് പട്ടപഴുക്കൽ രോഗം. അടിയിലെ പട്ടകൾ പഴുത്ത് വാഴ ശോഷിച്ച് നശിക്കുന്ന സ്ഥിതിയാണെന്നു പാളയത്ത് നേന്ത്രവാഴ കൃഷി നടത്തുന്ന കർഷകനായ സന്യാസി പറഞ്ഞു.
375 നേന്ത്രവാഴകളാണ് കർഷകൻ കൃഷി ചെയ്തിരുന്നത്. പന്നികുത്തി ഇരുന്നൂറോളം വാഴകളും നശിപ്പിച്ചു. ശേഷിച്ച വാഴകൾക്കാണ് ഇപ്പോൾ രോഗം പിടിപെട്ടിട്ടുള്ളത്. കുലവരുന്ന പ്രായത്തിലെ വാഴക്കേട് കർഷകരുടെ പ്രതീക്ഷകളും താളം തെറ്റിച്ചു. വായ്പയെടുത്തുംമറ്റും പാട്ടത്തിനെടുത്ത സ്ഥലത്താണ് സന്യാസി വാഴകൃഷി ചെയ്തത്.
വാഴയിലെ രോഗവ്യാപനം വലിയ നഷ്ടങ്ങളുണ്ടാക്കുമെന്നു കർഷകർ പറയുന്നു. നേന്ത്രക്കായക്ക് ഇപ്പോൾ ഉയർന്ന വിലയുണ്ട്. ചില്ലറ വില്പനവില പലയിടത്തും 70 രൂപയും കടന്നാണ് കുതിക്കുന്നത്. ഓണനാളുകൾ എത്തുമ്പോഴേക്കും നാടൻ നേന്ത്രക്കായ വില നൂറിനടുത്തെത്തുമെന്നു വ്യാപാരികളും പറയുന്നു. നേന്ത്രക്കായയുടെ ഉയർന്ന വില പ്രതീക്ഷിച്ചാണ് പലരും വാഴകൃഷി ചെയ്തത്. എന്നാൽ രോഗം കർഷകരുടെ കണക്കുകൂട്ടലുകളും തെറ്റിച്ചിരിക്കുകയാണ്.
Tags : Nattuvishesham Districtnews Patta-pazhukkal