കറുകച്ചാല്‍: ചങ്ങനാശേരി- വാഴൂര്‍ റോഡിലെ കറുകച്ചാല്‍ ജംഗ്ഷനില്‍ റോഡു മുറിച്ചു കടക്കാന്‍ സാധിക്കാതെ കാല്‍നടയാത്രക്കാര്‍.
പ്രധാന സര്‍ക്കാര്‍ ഓഫിസുകള്‍ സ്ഥിതിചെയ്യുന്ന ഇവിടെ ജീവന് പണയംവച്ചാണു പലരും റോഡ് മുറിച്ചു കടക്കുന്നത്.
കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ മൂന്നു ജീവനുകളാണ് ഈ മേഖലയില്‍ പൊലിഞ്ഞത്. പഞ്ചായത്ത് ഒഫീസ്, സബ് ട്രഷറി, കെഎസ്ഇബി, കൃഷിഭവന് തുടങ്ങിയ വിവിധ ഓഫിസുകളിലേക്ക് പ്രതിദിനം നൂറുകണക്കിനാളുകളാണ് എത്തുന്നത്. വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ പ്രത്യേക സ്ഥലമില്ലാത്തതിനാല്‍ വാഴൂര്‍ റോഡിന്റെ ഇരുവശങ്ങളിലുമായാണ് നിര്‍ത്തുന്നത്. ഇതു കാല്‍നടയാത്രക്കാര്‍ക്കും മറ്റ് വാഹനങ്ങള്‍ക്കും വലിയ ഗതാഗത തടസവും അപകടസാധ്യതയും സൃഷ്ടിക്കുന്നു. നിരപ്പും ചെറിയ ഇറക്കവും ചേര്‍ന്ന ഭാഗമായതിനാല്‍ ചങ്ങനാശേരി, കറുകച്ചാല്‍ ഭാഗങ്ങളില്‍ നിന്നെത്തുന്ന വാഹനങ്ങള്‍ അമിതവേഗത്തിലാണ് സഞ്ചരിക്കുന്നത്.
സമീപത്തെ കൊടുംവളവും അപകടസാധ്യത ഇരട്ടിയാക്കുന്നു. റോഡിലെ സീബ്രാ ലൈനുകള്‍ പൂര്‍ണമായും മാഞ്ഞുപോയ അവസ്ഥയിലാണ്. ആകെയുള്ള സീബ്രാ ലൈന്‍ പോലും പാതി മാഞ്ഞുകിടക്കുകയാണ്. റോഡില്‍ വേഗനിയന്ത്രണ സംവിധാനങ്ങളോ മറ്റ് സുരക്ഷാ സംവിധാനങ്ങളോ ഇല്ല. അപകടങ്ങള്‍ തുടര്‍ക്കഥയാകുന്ന സാഹചര്യത്തില്‍, റോഡില്‍ ഡിവൈഡറുകളോ റംബിള്‍ സ്ട്രിപ്പുകളോ സ്ഥാപിച്ച് ശാശ്വത പരിഹാരം കാണണമെന്നാണ് നാട്ടുകാർ ആവശ്യ പ്പെടുന്നത്.