റോയി കെ. പൗലോസ്-യുഡിഎഫ്
ചെറുതോണി: യുഡിഎഫ് സ്ഥാനാര്‍ഥി റോയി കെ. പൗലോസിന്റെ കാമാക്ഷി പഞ്ചായത്തിലെ പര്യടനത്തിന് തങ്കമണിയിലായിരുന്നു തുടക്കം. അഡ്വ. ജോയി തോമസ് പര്യടനം ഉദ്ഘാടനം ചെയ്തു. തുടര്‍ന്നു പാണ്ടിപ്പാറ, ഇരുകൂട്ടി, ഉദയഗിരി, കൂട്ടക്കല്ല്, കാല്‍വരിമൗണ്ട്, എട്ടാംമൈല്‍ എന്നിവിടങ്ങളില്‍ സ്ഥാനാര്‍ഥിയെ വരവേറ്റു.
തുടര്‍ന്നു കാഞ്ചിയാര്‍ പഞ്ചായത്തിലെ നര്യംപാറ, മേപ്പാറ, കല്‍ത്തൊട്ടി, കക്കാട്ടുക്കട, മുരിക്കാട്ടുകുടി എന്നിവിടങ്ങളിലെ സ്വീകരണത്തിനുശേഷം സ്വരാജിലായിരുന്നു സമാപനം. വഴിനീളെ പൂക്കളും ഷാളുമണിയിച്ച് ഊഷ്മള സ്വീകരണം നല്കി. സമാപന സമ്മേളനം കെപിസിസി സെക്രട്ടറി എം.എന്‍. ഗോപി ഉദ്ഘാടനം ചെയ്തു. ഇന്നു മരിയാപുരം, വാഴത്തോപ്പ് പഞ്ചായത്തുകളില്‍ പര്യടനം നടത്തും. രാവിലെ ഡബിള്കട്ടിംഗില് കെപിസിസി ജനറല്‍ സെക്രട്ടറി ഇബ്രാഹിംകുട്ടി കല്ലാറും വൈകുന്നേരം വാഴത്തോപ്പിൽ ഡിസിസി പ്രസിഡന്റ് സി.പി. മാത്യുവും പര്യടന സമാപനം ഉദ്ഘാടനം ചെയ്യും.
റോഷി അഗസ്റ്റിന്-എല്‍ഡിഎഫ്
ചെറുതോണി: ഇടുക്കി മണ്ഡലത്തിലെ ഗ്രാമീണ റോഡുകളടക്കം ഒട്ടുമിക്ക റോഡുകളും ഉന്നത നിലവാരത്തിലേക്ക് ഉയര്‍ത്താന്‍ സാധിച്ചതായി എല്‍ഡിഎഫ് സ്ഥാനാര്‍ഥി റോഷി അഗസ്റ്റിന്. മണ്ഡല പര്യടനത്തിന്റെ ഭാഗമായി കൊന്നത്തടിയില്‍ വിവിധ പോയിന്റുകളില്‍ സ്വീകരണയോഗങ്ങളില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
വാഗ്ദാനങ്ങള്‍ ഒന്നൊന്നായി പാലിക്കുന്ന സര്‍ക്കാരാണിതെന്നും റോഷി പറഞ്ഞു. കണിക്കൊന്നപ്പൂക്കള്‍ നല്‍കിയും ഷാളണിയിച്ചുമാണ് സ്ഥാനാര്‍ഥിയെ സ്വീകരിച്ചത്.
കൊന്നത്തടി പഞ്ചായത്തിലെ പര്യടനം ചിന്നാറില്‍ സിപിഎം ജില്ലാ കമ്മിറ്റിയംഗം എന്‍.വി. ബേബിയും പാറത്തോട് നടന്ന സമാപന സമ്മേളം മുന്‍ എംപി ജോയ്സ് ജോര്‍ജും ഉദ്ഘാടനം ചെയ്തു.
റോഷിയുടെ മണ്ഡലപര്യടനം ഇന്നു സമാപിക്കും. രാവിലെ കട്ടപ്പന മേപ്പാറയില്‍ സിപിഎം ജില്ലാ കമ്മിറ്റിയംഗം വി.ആര്. സജി പര്യടനം ഉദ്ഘാടനം ചെയ്യും. വൈകുന്നേരം കട്ടപ്പനയില്‍ നടക്കുന്ന സമാപന സമ്മേളനം കേരള കോണ്‍ഗ്രസ്-എം സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. അലക്സ് കോഴിമല ഉദ്ഘാടനം ചെയ്യും.
പ്രതീഷ് പ്രഭ-എന്‍ഡിഎ
ചെറുതോണി: ഇടുക്കി മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ഥി പ്രതീഷ് പ്രഭ വാഴത്തോപ്പ് പഞ്ചായത്തിലെ തടിയമ്പാട്, കരിമ്പന്‍ മേഖലയിലും കഞ്ഞിക്കുഴി പഞ്ചായത്തിലും പര്യടനം നടത്തി. വിവിധ പ്രദേശങ്ങളില്‍ വ്യാപാരികളെയും മോട്ടോര്‍ തൊഴിലാളികളെയും പൗരപ്രമുഖരെയും പൊതുജനങ്ങളെയും നേരില്‍കണ്ട് വോട്ടഭ്യര്‍ഥിച്ചു.
വിവിധ സ്ഥലങ്ങളില്‍ നടന്ന സ്വീകരണ യോഗങ്ങളില്‍ എന്‍ഡിഎ നേതാക്കളായ കെ.എന്‍. ഷാജി, മനേഷ് കുടിക്കയത്ത്, ഷാജി നെല്ലിപ്പറമ്പില്‍, പാര്‍ഥേശന്‍ ശശികുമാര്‍, സന്തോഷ് തോപ്പില്‍, ദീപ സുഭാഷ്, പ്രസാദ് വിലങ്ങുപാറ, ബിന്ദു അഭയന്, ലീന രാജു തുടങ്ങിയവര്‍ പ്രസംഗിച്ചു.
അപു ജോണ്‍ ജോസഫ് (യുഡിഎഫ്)
തൊടുപുഴ: യുഡിഎഫ് സ്ഥാനാര്‍ഥി അപു ജോണ്‍ ജോസഫിന് ഉടുമ്പന്നൂര്‍ പഞ്ചായത്തില്‍ സ്വീകരണം നല്കി. കര്‍ഷകരും കര്‍ഷകത്തൊഴിലാളികളും അടക്കം ഓരോ കേന്ദ്രത്തിലും ഒട്ടേറെപ്പേര്‍ സ്ഥാനാര്‍ഥിയെ സ്വീകരിക്കാനായി എത്തിയിരുന്നു. തട്ടക്കുഴ കൊല്ലപ്പുഴ ക്ഷേത്രത്തില്‍ നടന്ന പ്രസാദ ഊട്ടിലും അപു ജോണ്‍ ജോസഫ് പങ്കെടുത്തു. രാവിലെ ഉപ്പുകുന്നില്‍ കെപിസിസി ജനറല്‍ സെക്രട്ടറി നിഷ സോമന് പര്യടനം ഉദ്ഘാടനം ചെയ്തു. വൈകുന്നേരം റോഡ് ഷോയും നടന്നു.
സമാപന സമ്മേളനം കെപിസിസി രാഷ്ട്രീയകാര്യസമിതി അംഗം ജോസഫ് വാഴയ്ക്കന് ഉദ്ഘാടനം ചെയ്തു. പ്രഫ. എം.ജെ. ജേക്കബ്, പ്രഫ. ഷീല സ്റ്റീഫന്‍, ജോണ്‍ നെടിയപാല , ടി.എസ്. ഷംസുദീന്‍, ബ്ലെയിസ് ജി. വാഴയില്‍, മനോജ് കോക്കാട്ട്, ജിജി സുരേന്ദ്രന്, ടി.കെ. നവാസ്, സി.പി. കൃഷ്ണന് എന്നിവര്‍ പ്രസംഗിച്ചു.
ഇന്ന് വെള്ളിയാമറ്റം പഞ്ചായത്തില്‍ അപു ജോണ്‍ ജോസഫ് പര്യടനം നടത്തും. രാവിലെ 7.30ന് കാഞ്ഞാറില്‍ മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി ടി.എം. സലിം പര്യടനം ഉദ്ഘാടനം ചെയ്യും. വെള്ളിയാമറ്റം, പൂച്ചപ്ര, തേവരുപാറ, കുരുതിക്കളം, നാടുകാണി, കോഴിപ്പള്ളി, നാളിയാനി, കൂവക്കണ്ടം, മേത്തൊട്ടി, പന്നിമറ്റം, ഇറുക്കുപാലം, വെട്ടിമറ്റം, കലയന്താനി, കൊന്താലപള്ളി ജംഗ്ഷന് എന്നിവിടങ്ങളില്‍ പര്യടനം നടത്തി ഇളംദേശത്ത് സമാപിക്കും.
സിറിയക് ചാഴികാടന് (എല്‍ഡിഎഫ്)
തൊടുപുഴ: എല്‍ഡിഎഫ് സ്ഥാനാര്‍ഥി സിറിയക് ചാഴികാടന്റെ പര്യടനം തുടരുന്നു. ഇന്നലെ നെടിയശാലയില്‍ കേരള കര്‍ഷക കോണ്‍ഗ്രസ്-എം സംസ്ഥാന പ്രസിഡന്റ് റെജി കുന്നംകോട്ട് പര്യടനം ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് പുറപ്പുഴ പുതുച്ചിറക്കാവ് ദേവീക്ഷേത്രത്തിലെയും കോലാനി അമരംകാവ് ദേവീക്ഷേത്രത്തിലെയും ഉത്സവത്തില്‍ സ്ഥാനാര്‍ഥി പങ്കെടുത്തു.
വാഴപ്പിള്ളി, ഇരുട്ടുതോട്, ഇരവിപ്പാറ, പെരിയാമ്പ്ര, കോലടി, ഭൂതക്കാവ്, അരിക്കുഴ, മണ്ണത്താഞ്ചേരി, ആല്‍പ്പാറ, പുതുപ്പരിയാരം, ചിറ്റൂര്‍, കുന്നത്തുപാറ, മണക്കാട്, കോലാനി, നടുക്കണ്ടം, ഒളമറ്റം, മാരിക്കലുങ്ക്, അറയ്ക്കപ്പാറ, ലക്ഷംവീട്, മാര്‍ക്കറ്റ്, ബസ്സ്റ്റാന്‍ഡ്, മുണ്ടേക്കല്ല്, ഷാപ്പുംപടി, വേങ്ങത്താനം, പള്ളിപ്പീടിക, ലക്ഷംവീട് ഉന്നതി എന്നിവിടങ്ങളില്‍ സ്വീകരണം ഏറ്റുവാങ്ങി വെങ്ങല്ലൂര്‍ സിഗ്നല്‍ ജംഗ്ഷനില്‍ പര്യടനം സമാപിച്ചു.
എല്‍ഡിഎഫ് നേതാക്കളായ കെ.പി. മേരി, മുഹമ്മദ് ഫൈസല്‍, ടി.ആര്. സോമന്, വി.ആര്. പ്രമോദ്, പി.പി.ജോയി, പി.പി. അനില്‍കുമാര്‍, മുഹമ്മദ് മൗലവി, ജിമ്മി മറ്റത്തിപ്പാറ, ബിനു ജോസ്, മാത്യു വാരികാട്ട് തുടങ്ങിയവര്‍ പ്രസംഗിച്ചു.
റോയി വാരികാട്ട് (എന്‍ഡിഎ)
തൊടുപുഴ: എന്‍ഡിഎ സ്ഥാനാര്‍ഥി റോയി വാരികാട്ട് ഇന്നലെ വണ്ണപ്പുറം പഞ്ചായത്തില്‍ പര്യടനം നടത്തി. ബിജെപി നോര്‍ത്ത് ജില്ലാ പ്രസിഡന്റ് ശ്രീവിദ്യ രാജേഷ് ഉദ്ഘാടനം ചെയ്തു.
രാവിലെ പട്ടയക്കുടിയില്നിന്നാണ് പര്യടനം ആരംഭിച്ചത്. പിന്നീട് പുളിക്കത്തൊട്ടി, വെള്ളള്ള്, വെള്ളക്കയം സെറ്റില്‍മെന്റ്, വലിയകണ്ടം, ഊറ്റുകണ്ണി എന്നിവിടങ്ങളില്‍ പര്യടനം നടത്തി മുള്ളിങ്ങാട് ടൗണില്‍ എത്തിയപ്പോള്‍ സ്ഥാനാര്‍ഥിക്ക് ആവേശപൂര്‍വമായ സ്വീകരണം ലഭിച്ചു. തുടര്‍ന്ന് അമ്പലപ്പടി ജംഗ്ഷനില്‍ നടന്ന സ്വീകരണ സമ്മേളനത്തിലും പങ്കെടുത്തു.
ഉച്ചയ്ക്കുശേഷം ബ്ലാത്തിക്കവല, മുണ്ടന്മുടി, 70 ഏക്കര്‍, വെണ്മറ്റം വഴി കാളിയാറില്‍ എത്തി വോട്ടഭ്യര്‍ഥിച്ചു. വണ്ണപ്പുറം ടൗണില്‍ റോഡ്ഷോയും സംഘടിപ്പിച്ചു. വിവിധ കേന്ദ്രങ്ങളില്‍ മുന്‍ എംഎല്‍എ മാത്യു സ്റ്റീഫന്‍, എന്‍ഡിഎ നേതാക്കളായ ജയപ്രസാദ്, ഷിനുമോന്‍, സനല്‍കുമാര്‍, പി.ജി. രാജശേഖരന്, സുരേഷ് കുമാര്‍, പ്രമോദ് വണ്ണപ്പുറം എന്നിവര്‍ പ്രസംഗിച്ചു.
അഡ്വ. സേനാപതി വേണു (യുഡിഎഫ്)
നെടുങ്കണ്ടം: ഉടുമ്പന്‍ചോലയിലെ യുഡിഎഫ് സ്ഥാനാര്‍ഥി അഡ്വ. സേനാപതി വേണുവിന് കരുണാപുരത്ത് ഉജ്വല സ്വീകരണം. ഗ്രാമീണമേഖലകളില്‍ നിരവധി നാട്ടുകാരാണ് സ്ഥാനാര്‍ഥിയെ സ്വീകരിക്കാന്‍ കാത്തുനിന്നത്. തമിഴ്നാട് അതിര്‍ത്തി മേഖലയായ കമ്പംമെട്ടിന്റെയും രാമക്കല്മേടിന്റെയും പട്ടംകോളനിയുടെയും വികസനസാധ്യതകളും പ്രചാരണയോഗങ്ങളില്‍ ചര്‍ച്ച ചെയ്തു. രാവിലെ 7.30 ന് അപ്പാപ്പികടയില് ആരംഭിച്ച പ്രചാരണ പരിപാടി കെപിസിസി ജനറൽ സെക്രട്ടറി ഇബ്രാഹിംകുട്ടി കല്ലാര്‍ ഉദ്ഘാടനം ചെയ്തു.
വിവിധ കേന്ദ്രങ്ങളിലെ സ്വീകരണങ്ങള്‍ക്കുശേഷം തൂക്കുപാലത്ത് നടന്ന സമാപന സമ്മേളനം ഐയുഎംഎല്‍ ജനറൽ സെക്രട്ടറി കെ.എസ്. സിയാദ് ഉദ്ഘാടനം ചെയ്തു. വിവിധ യോഗങ്ങളില്‍ കെപിസിസി സെക്രട്ടറി എം.എന്‍. ഗോപി, നേതാക്കന്മാരായ സി.എസ്. യശോധരന്, മിനി പ്രിന്‍സ്, കെ.കെ. കുഞ്ഞുമോന്, പി.എസ്. യൂനിസ്, ജോസ് പൊട്ടംപ്ലാക്കല്‍, മുകേഷ് മോഹനന്, റോയി കൊല്ലംപറമ്പില്‍, ടോമി ജോസഫ്, ജെയ്മോന് നെടുവേലി തുടങ്ങിയവര്‍ പ്രസംഗിച്ചു.
അഡ്വ. സേനാപതി വേണു ഇന്ന് നെടുങ്കണ്ടം, പാമ്പാടുംപാറ, ഇരട്ടയാര്‍ പഞ്ചായത്തുകളില്‍ പര്യടനം നടത്തും. വിവിധ പഞ്ചായത്തുകളിലെ 40 കേന്ദ്രങ്ങളില്‍ സ്ഥാനാര്‍ഥിക്ക് സ്വീകരണം നല്‍കും. രാവിലെ 7.30 ന് ആനക്കല്ലില്‍ ആരംഭിക്കുന്ന പര്യടനം യുഡിഎഫ് ജില്ലാ ചെയര്മാന് ജോയി വെട്ടിക്കുഴിയും രാത്രി എട്ടിന് ഇരട്ടയാറില്‍ നടക്കുന്ന സമാപന സമ്മേളനം ഡീന്‍ കുര്യാക്കോസ് എംപിയും ഉദ്ഘാടനം ചെയ്യും.
കെ.കെ. ജയചന്ദ്രന് (എൽഡിഎഫ്)
നെടുങ്കണ്ടം: എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ.കെ. ജയചന്ദ്രന് ഉടുമ്പന്‍ചോല പഞ്ചായത്തിലും നെടുങ്കണ്ടം പഞ്ചായത്ത് മേഖലകളിലും പര്യടനം നടത്തി. രാവിലെ ചതുരംഗപ്പാറയില്‍നിന്ന് ആരംഭിച്ച പര്യടനത്തിനു രണ്ട് പഞ്ചായത്തുകളിലെ 15 കേന്ദ്രങ്ങളില്‍ സ്വീകരണം നല്കി. വിവിധ മേഖലകളില്‍ നൂറുകണക്കിന് പ്രവര്‍ത്തകരാണ് സ്ഥാനാര്‍ഥിയെ പൂക്കളും ഷാളും മാലയും നല്കി സ്വീകരിച്ചത്. പര്യടന പരിപാടി തൂക്കുപാലത്ത് സമാപിച്ചു.
കെ.കെ. ജയചന്ദ്രന് ഇന്ന് നെടുങ്കണ്ടം പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലും പാമ്പാടുംപാറ പഞ്ചായത്തിലും പര്യടനം നടത്തും.
അഡ്വ. സംഗീതാ വിശ്വനാഥന് (എൻഡിഎ)
നെടുങ്കണ്ടം: എന്‍ഡിഎ സ്ഥാനാര്‍ഥി അഡ്വ. സംഗീതാ വിശ്വനാഥന് നെടുങ്കണ്ടം പഞ്ചായത്തില്‍ പര്യടനം നടത്തി. രാവിലെ എട്ടിനു മേലേചിന്നാറില്‍ ആരംഭിച്ച പര്യടനം വൈകുന്നേരം മാവടിയില്‍ സമാപിച്ചു. പച്ചടി എസ്എന്‍എല്‍പി സ്കൂള്‍ വാര്‍ഷികത്തിലും സ്ഥാനാര്‍ഥി പങ്കെടുത്തു.
വിവിധ മേഖലകളില്‍ വ്യാപാരസ്ഥാപനങ്ങളിലും വീടുകളിലും തോട്ടങ്ങളിലും എത്തി വോട്ടഭ്യര്‍ഥിച്ചു. തുടര്‍ന്ന് നെടുങ്കണ്ടത്ത് നടന്ന റോഡ്ഷോയിലും സ്ഥാനാര്‍ഥി പങ്കെടുത്തു. നൂറുകണക്കിന് ആളുകളാണ് ടൗണില്‍ നടന്ന റോഡ്ഷോയില്‍ പങ്കെടുത്തത്.
തെരഞ്ഞെടുപ്പ് ചൂടിൽ പീരുമേട്
ഉപ്പുതറ: പീരുമേട്ടിൽ ആവേശം വാനോളം ഉയർത്തി മുന്നണികൾ. പീരുമേട് നിയോജകമണ്ഡലത്തിലെ സ്ഥാനാർഥികൾ പഞ്ചായത്തുകളിലൂടെയുള്ള പര്യടനത്തിലാണ്.
യുഡിഎഫ് സ്ഥാനാർഥിയുടെ പര്യടനം ഇന്നലെ ഏലപ്പാറ പഞ്ചായത്തിലെ വിവിധ കേന്ദ്രങ്ങളിലൂടെയായിരുന്നു. കത്തുന്ന വെയിലിനെ വകവയ്ക്കാതെയാണ് പ്രവർത്തകർ സ്ഥാനാർഥിയെ സ്വീകരിക്കാൻ കാത്തുനിന്നത്. സ്ഥാനാർഥിക്ക് വിവിധ കേന്ദ്രങ്ങളിൽ ഊഷ്മള വരവേല്പാണ് ലഭിച്ചത്. മണ്ഡലത്തിലെ വികസനമുരടിപ്പ് മാറ്റി നാടിന് വികസനം ഉറപ്പാക്കാൻ അവസരം ആവശ്യപ്പെട്ടായിരുന്നു അഡ്വ. സിറിയക് തോമസിന്റെ പര്യടനം.
ഇടതുപക്ഷ സ്ഥാനാർഥി കെ. സലിംകുമാറിന്റെ പര്യടനം ഇന്നലെ ചക്കുപള്ളം പഞ്ചായത്തിലായിരുന്നു. കുമളി പഞ്ചായത്തിലെ വലിയകണ്ടം, ഒന്നാം മൈൽ, താമരക്കണ്ടം എന്നിവിടങ്ങളിലെ സ്വീകരണങ്ങൾക്കുശേഷം ചക്കുപള്ളം പഞ്ചായത്തിൽ പ്രവേശിച്ചു. പഞ്ചായത്തിലെ ആറാംമൈലിൽനിന്നാരംഭിച്ച പര്യടനത്തിൽ സ്ഥാനാർഥി സലിംകുമാറിന് വിവിധ കേന്ദ്രങ്ങളിൽ ഊഷ്മള സ്വീകരണമാണ് ലഭിച്ചത്. ചക്കുപള്ളത്തെ സ്വീകരണയോഗങ്ങൾ പൂർത്തിയാക്കി ഇന്ന് ഏലപ്പാറ പഞ്ചായത്തിൽ പര്യടനം നടത്തും. ഏലപ്പാറ പഞ്ചായത്തിലെ പര്യടന സമാപന സമ്മേളനം സിപിഐ ദേശീയ ജനറൽസെക്രട്ടറി ടി. രാജ ഉദ്ഘാടനം ചെയ്യും.
എൻഡിഎ സ്ഥാനാർഥി ഇന്നലെ പ്രമുഖ വ്യക്തിത്വങ്ങളെ കണ്ട് വോട്ടഭ്യർഥിച്ചു. ഉച്ചകഴിഞ്ഞ് മൂന്നിന് ചക്കുപള്ളം പഞ്ചായത്തിലെ സുൽത്താൻകടയിൽനിന്നു പര്യടനം ആരംഭിച്ചു. വിവിധ സ്ഥലങ്ങളിലെ സ്വീകരണത്തിനുശേഷം ആനവിലാസത്ത് സമാപിച്ചു.
Tags : nattu vishesham Peerumedu heat of the election