ആലുവ മണപ്പുറം ശിവക്ഷേത്രത്തിൽ പെരിയാർ കരകവിഞ്ഞ് എത്തിയപ്പോൾ
ആലുവ: ശക്തമായ കാലവർഷത്തിൽ ഭൂതത്താൻകെട്ട് ഷട്ടറുകൾ തുറന്നതോടെ പെരിയാർ നിറഞ്ഞു കവിയുന്നു. പെരിയാറിലെ ജലനിരപ്പ് ഉയർന്ന് പലയിടത്തും കരകവിഞ്ഞു. ആലുവയിൽ ശിവരാതി മണപ്പുറത്തെ താത്കാലിക ശിവക്ഷേത്രത്തിലേക്ക് വെള്ളം കയറി. ആലുവ നഗരസഭാ ഓഫീസിൽ കാലവർഷക്കെടുതികൾ നേരിടാനായി ഇരുപത്തിനാല് മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം സജ്ജമായി.
ഇന്നലെ രാവിലെ മുതൽ ഇടവിട്ട നേരങ്ങളിലാണ് ആലുവയിൽ മഴ പെയ്തത്. എന്നാൽ ജില്ലയിലെ കിഴക്കൻ മേഖലയിലെ ശക്തമായ മഴ കാരണം പെരിയാറിൽ ജലനിരപ്പ് ഉയരുകയായിരുന്നു. രാവിലെ 10 ഓടെ മണപ്പുറത്തെ ക്ഷേത്രാങ്കണത്തിലേക്ക് പുഴ കരകവിഞ്ഞ് എത്തി. ആ സമയം മണപ്പുറം മുഴുവനായി മുങ്ങിയിരുന്നില്ല.
ആറാട്ട് പൂജ നടന്നു
ഉച്ചയ്ക്ക് 12ഓടെ പെരിയാറിൽ ഒഴുക്ക് ശക്തമായി. ഇതോടെ മഹാദേവ ക്ഷേത്രത്തിലെ സ്വയംഭൂ വിഗ്രഹം ജലത്തിനടിയിലായി. തുടർന്ന് മണപ്പുറം മഹാദേവ ക്ഷേത്രത്തിൽ ആറാട്ട് നടന്നു. ഉച്ചയ്ക്ക് 11.58ന് ആറാട്ടു നടന്നത്. ക്ഷേത്രത്തിൽ ആറാട്ട് പൂജയും നടന്നു. പെരിയാറിലെ ആലുവ മാർത്താണ്ഡവർമ ജലനിരപ്പ് 2.81 മീറ്റർ ആയപ്പോഴാണ് ശിവരാത്രി മണപ്പുറം മുഴുവനായി വെള്ളത്തിനടിയിലായത്.
എല്ലാ വർഷവും മഴക്കാലത്ത് പെരിയാർ കരകവിഞ്ഞ് ആറാട്ട് നടക്കുന്നത്.
ചില വർഷങ്ങളിൽ ഒന്നിലേറെ തവണ ആറാട്ട് നടക്കാറുണ്ടെങ്കിലും ആറാട്ട് പൂജയും ആറാട്ട് സദ്യ, ആറാട്ട് പായസ വിതരണം എല്ലാം നടക്കുന്നത് വർഷത്തിലെ ആദ്യത്തെ ആറാട്ടിന് മാത്രമാണ്. വെള്ളം ഇറങ്ങി വിഗ്രഹം കാണുന്നതോടെയാണ് ഭക്തർക്കായി ആറാട്ട് സദ്യ ഒരുങ്ങുന്നത്. ഏറെ ഭക്തിപുരസരമാണ് വിശ്വാസികൾ ആറാട്ട് ദർശിക്കാനെത്തുന്നത്.
മണപ്പുറത്തെ പിതൃകർമങ്ങൾ നടക്കുന്ന ബലിത്തറകൾ മുങ്ങിയതിനാൽ തർപ്പണം ചടങ്ങുകൾ ആൽത്തറ ഭാഗത്തേക്ക് മാറ്റിയിരിക്കുകയാണ്. പാലസ് റോഡിൽ നിന്ന് മണപ്പുറത്തേക്ക് വരാനുപയോഗിക്കുന്ന ശിവരാത്രി നടപ്പാലത്തിലെ നടകളും വെള്ളത്തിനടിയിലായി. ക്ഷേത്രത്തിന്റെ മേൽക്കൂരയിൽ ഒന്നര അടി താഴെയാണ് പുഴ ഒഴുകുന്നത്.
കൺട്രോൾ റൂം തുറന്നു
ആലുവ നഗരസഭാ ഓഫീസിൽ കാലവർഷക്കെടുതിയുമായി ബന്ധപ്പെട്ട് 24 മണിക്കൂർ പ്രവർത്തിക്കുന്ന കൺട്രോൾ റൂം പ്രവർത്തനം ആരംഭിച്ചു. ബന്ധപ്പെടേണ്ട നമ്പർ : 0484-2623755, 2623757
കടുങ്ങല്ലൂർ മേഖലയിൽ വെള്ളക്കെട്ട്
കടുങ്ങല്ലൂർ പഞ്ചായത്തിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളക്കെട്ടിലായി. കടുങ്ങല്ലൂരിൽ കീരപ്പിള്ളി പാടശേഖരങ്ങളൽ വെള്ളക്കെട്ട് വർധിച്ചതായും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നുംപറവൂർ താലൂക്ക് ഓഫീസ് അറിയിച്ചു.
Tags : Nattuvishesham DistrictNews DeepikaNews Periyar Overflows