നേമം : വെള്ളായണി കായലിന് കുറുകെ നിര്‍മിക്കുന്ന കാക്കമൂല പാലത്തിന്റെ നിര്‍മാണം നീളുന്നു. കാക്കാമൂലയെയും കാര്‍ഷിക കോളജിനെയും ബന്ധിപ്പിക്കുന്ന മേല്‍പാലത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് തടസപ്പെട്ടിരിക്കുന്നത്.
കായലിന് കുറുകെ നിലവിലുള്ള ബണ്ട് റോഡിന് പകരമാണ് 30.25 കോടിരൂപ മുടക്കി മേല്‍പാലത്തിന്റെ പണി തുടങ്ങിയത്. കോവളം നിയോജകമണ്ഡലത്തിലെ കല്ലിയൂര്‍ പഞ്ചായത്തിലാണ് പാലം പണി നടക്കുന്നത്. 173.2 മീറ്റര്‍ നീളത്തിലാണ് പാലം നിര്‍മിക്കുന്നത്. 7.5 മീറ്റര്‍ നടപ്പാതയുമുണ്ട്. കാക്കാമൂല ഭാഗത്ത് 228 മീറ്ററും. കാര്‍ഷികകോളജ് ഭാഗത്ത് 213 മീറ്റര്‍ നീളത്തില്‍ അപ്രോച്ച് റോഡും പാലത്തിന്റെ ഭാഗമായുണ്ട്.
അടുത്തിടെ പാലത്തിന്റെ സ്ലാബ് കോണ്‍ക്രീറ്റും അനുബന്ധ റോഡിനുവേണ്ടി സ്ലാബ് ഇടുന്നതിനുള്ള പൈലിംഗും തുടങ്ങിയതെങ്കിലും ട്രാന്‍സ്ഫോര്‍മർ മാറ്റി സ്ഥാപിക്കാത്തതും സ്ഥലമെടുപ്പ് നടക്കാത്തതും കാരണം പൈലിംഗ് മുടങ്ങുകയായിരുന്നു. പാലം നിര്‍മാണം വൈകുംതോറും ഗതാഗതക്ലേശം അനുഭവിക്കുകയാണ് യാത്രക്കാര്‍.
മഴ പെയ്തു കഴിഞ്ഞാല്‍ കാക്കാമൂല കാര്‍ഷിക കോളജ് റോഡില്‍ കായലില്‍ നിന്നും വെള്ളം കയറുകയും റോഡും കായലും തിരിച്ചറിയാന്‍ പറ്റാത്ത അവസ്ഥയും പതിവാണ്. മുന്‍ മന്ത്രി മുഹമദ് റിയാസാണ് നിര്‍മാണ ഉദ്ഘാടനം നിര്‍വഹിച്ചത്. കിഫ്ബി വഴിയാണ് പാലം നിര്‍മ്മാണത്തിന് ഫണ്ട് അനുവദിച്ചത്.
2018 ല്‍ ഭരണാനുമതി ലഭിച്ചെങ്കിലും ടെണ്ടര്‍ നടപടികള്‍ നീണ്ടുപോയതിനാല്‍ പണി തുടങ്ങാനും വൈകിയിരുന്നു. പാലം പണി തടസപ്പെടാതിരിക്കാന്‍ അധികൃതര്‍ ഇടപ്പെടണമെന്ന് കല്ലിയൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കാക്കമൂല ബിജു ആവശ്യപ്പെട്ടു.
Tags : Kakkamoola bridge construction delayed