പ്രതീകാത്മക ചിത്രം
കുമളി: ഇരുന്പുകന്പി തലയിൽ പതിച്ച് പ്ലസ്ടു വിദ്യാർഥിക്ക് ഗുരുതര പരിക്ക്. കുമളി ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു കൊമേഴ്സ് വിദ്യാർഥിയായ ശരണിനാണ് പരിക്കേറ്റത് . കുമളി സ്കൂൾ ഗ്രൗണ്ടിനു സമീപത്തെ കെട്ടിടത്തിനരികിലാണ് വിദ്യാർഥിയെ പരിക്കേറ്റ നിലയിൽ കണ്ടെത്തിയത്. ഫുട്ബോൾ കളിച്ച ശേഷം സുഹൃത്തുക്കളോടൊപ്പം സമീപത്തെ സ്കൂൾ കെട്ടിടത്തിലേക്കു കയറുന്നതിനിടെയാണ് അപകടമുണ്ടായത്.
മുന്നിൽ നടന്നിരുന്ന സുഹൃത്ത് നിലത്തുകിടന്നിരുന്ന ഇരുമ്പുകമ്പി എടുത്ത് വീശുന്നതിനിടെ കമ്പി ശരണിന്റെ തലയിലിടിക്കുകയായിരുന്നു. ആഴത്തിൽ മുറിവേറ്റ ശരണിന്റെ മുഖത്തും തലയിലും രക്തം വാർന്നു. പേടിച്ചു സുഹൃത്തുക്കൾ നിലവിളിച്ച് ആളെ കൂട്ടുകയും നാട്ടുകാരുടെയും സമീപത്തുണ്ടായിരുന്നവരുടെയും സഹായത്തോടെ ഉടൻ കുമളിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു. പ്രാഥമിക ചികിത്സ നൽകിയ ശേഷം വിദഗ്ധ ചികിത്സയ്ക്കായി പാലാ മെഡിസിറ്റി ആശുപത്രിയിലേക്ക് മാറ്റി.
നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ് വിദ്യാർഥി. സംഭവസമയത്ത് ശരണിനൊപ്പമുണ്ടായിരുന്ന സുഹൃത്തുക്കളെ കുമളി പൊലിസ് ചോദ്യം ചെയ്തുവരികയാണ്. സുഹൃത്തുക്കൾ തമാശയായി ഇരുമ്പുകമ്പി ഉപയോഗിച്ച് കളിക്കുന്നതിനിടെയുണ്ടായ അബദ്ധമാണ് അപകടത്തിന് കാരണമെന്നാണ് പൊലിസിന്റെ പ്രാഥമിക നിഗമനം. എന്നാൽ, സംഭവത്തിന്റെ യഥാർഥ കാരണം കൂടുതൽ അന്വേഷണത്തിലൂടെയേ വ്യക്തമാകുകയുള്ളൂവെന്ന് കുമളി പൊലിസ് അറിയിച്ചു.
Tags : District News Nattuvishesham student injured hits head