അന്വേഷണച്ചുമതല കൊല്ലം റൂറൽ എസ്പിക്ക് കൈമാറി
ആലപ്പുഴ: കളക്ടറേറ്റ് മാർച്ചിനു നേതൃത്വം നൽകിയ യൂത്ത് കോൺഗ്രസ് ആലപ്പുഴ ജില്ലാ പ്രസിഡന്റ് ഡോ. എം.പി. പ്രവീൺ അടക്കമുള്ള പ്രവർത്തകരേ പോലീസ് ക്രൂരമായി മർദിച്ച സംഭവത്തിൽ അന്വേഷണച്ചുമതല കൊല്ലം റൂറൽ എസ്പിക്ക് കൈമാറി.
2024 ജനുവരി 14ന് നടന്ന സംഭവത്തിൽ പരാതി നൽകിയിട്ടും മുൻ സർക്കാരിന്റെ ഭാഗത്തുനിന്ന് യാതൊരു നടപടിയുമില്ലാതിരിക്കേ, ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്ക് നൽകിയ പരാതിയിലാണ് ഇപ്പോൾ നടപിയുണ്ടായിരിക്കുന്നത്.
പ്രവീണിന്റെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തും. യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനായിരുന്ന രാഹൂൽ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് ജില്ലാ കമ്മിറ്റി നടത്തിയ കളക്ടേറേറ്റ് മാർച്ചാണ് അക്രമാസക്തമായത്. ടൗൺ ഹാളിൽനിന്ന് ആരംഭിച്ച പ്രതിഷേധ മാർച്ച് കളക്ടറേറ്റിന് സമീപം പോലീസ് ബാരിക്കേഡ് കെട്ടി തടഞ്ഞു. രണ്ടു തവണ ജലപീരങ്കി പ്രയോഗിച്ചിട്ടും പ്രവർത്തകർ പിരിഞ്ഞുപോകാൻ തയാറായില്ല.
ജില്ലാ പ്രസിഡന്റ് പ്രവീണിന്റെ നേതൃത്വത്തിൽ പ്രവർത്തകർ ബാരിക്കേഡ് മറികടന്ന് മുന്നോട്ടു പോകാൻ ശ്രമിച്ചതോടെയാണ് പോലീസ് ലാത്തിവീശിയത്. നിലത്തുവീണ പ്രവീണിനെ പോലീസ് സംഘം വളഞ്ഞിട്ട് ക്രൂരമായി മർദിക്കുകയായിരുന്നു. തലയ്ക്കുള്ളിൽ രക്തസ്രാവമുണ്ടായതിനെതുടർന്ന് ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലും തുടർന്ന് സ്വകാര്യ ആശുപത്രിയിലും ചികിത്സതേടിയ പ്രവീൺ തുടർചികിത്സകൾ തുടരുകയാണ്.
മൂന്നുമാസത്തോളം നീണ്ട ചികിത്സയ്ക്കുശേഷമാണ് പ്രവീൺ ആരോഗ്യസ്ഥിതി വീണ്ടെടുത്തത്. അന്നത്തെ ആലപ്പുഴ ഡിവൈഎസ്പി എൻ.ആർ. ജയരാജ്, സൗത്ത് സ്റ്റേഷൻ സിഐ അരുൺ, ഇരുപതോളം പോലീസുകാർ എന്നിവരെ പ്രതികളാക്കിയാണ് പരാതി സമർപ്പിച്ചിരിക്കുന്നത്.
Tags : Nattuvishesham District News