സിവില്‍ പോലീസ് ഓഫീസറുടെ വീട്ടില്‍ കയറി ബൈക്ക് കത്തിച്ച കേസിലെ പ്രതി ആരതിയെ ആര്‍ച്ചലില്‍ എത്തിച്ചു തെളിവെടുപ്പ് നടത്തുന്നു.
അഞ്ചല്‍ : അഞ്ചല്‍ പോലീസ് സ്റ്റേഷന് പരിധിയില്‍ ആര്‍ച്ചലില്‍ സിവില്‍ പോലീസ് ഓഫീസറുടെ ബൈക്ക് കത്തിച്ച കേസില്‍ ഒന്നാം പ്രതിയായ ശൂരനാട് സ്വദേശി ആരതിയുമായി പോലീസ് തെളിവെടുപ്പ് നടത്തി. ആറന്മുള പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ വിവേകിന്റെ ബുള്ളറ്റാണ് കഴിഞ്ഞ ശനിയാഴ്ച രാത്രിയില്‍ ആരതിയും സുഹൃത്ത് ഇടുക്കി സ്വദേശിനി ഗായത്രിയും ചേര്‍ന്ന് കത്തിച്ചത്.
സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിച്ച പോലീസ് തിരുവനന്തപുരത്തെ പ്രമുഖ എന്‍ട്രന്‍സ് കോച്ചിംഗ് സ്ഥാപനത്തിലെ ഹോസ്റ്റലില്‍ നിന്നുമാണ് ഇരുവരെയും പിടികൂടിയത്. കസ്റ്റഡിയില്‍ എടുത്ത് വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കി തിരികെ വരവേ ഒന്നാം പ്രതി ആരതി പോലീസ് കസ്റ്റഡിയില്‍ എലി വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചിരുന്നു.
ഇതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ആരതിയെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിയ മജിസ്ട്രേറ്റ് റിമാൻഡ് ചെയ്യുകയായിരുന്നു. ഇതിനാല്‍ തന്നെ പോലീസിന് ആരതിയെ ചോദ്യം ചെയ്യുന്നതിനോ തെളിവ് ശേഖരണത്തിനോ സാധിച്ചിരുന്നില്ല. തുടര്‍ന്നാണ് കോടതിയുടെ അനുമതി വാങ്ങിയ അഞ്ചല്‍ പോലീസ് ആരതിയെ കസ്റ്റഡിയില്‍ വാങ്ങിയത്. വിവേകിന്റെ വീട്, ഒളിച്ചിരുന്ന സ്ഥലം, തിരുവനന്തപുരത്ത് ഇവര്‍ പെട്രോള്‍ വാങ്ങിയ പമ്പ്, താമസിച്ചിരുന്ന ഹോസ്റ്റല്‍ ഉള്‍പ്പടെ വിവിധ ഇടങ്ങളില്‍ എത്തിച്ച് പോലീസ് തെളിവുകള്‍ ശേഖരിച്ചിട്ടുണ്ട്.
ബൈക്ക് കത്തിച്ചു കടന്നു കളയുന്നതിനിടെ പ്രതികളെ കണ്ടുവെന്ന് പറഞ്ഞ നാട്ടുകാര്‍ ആരതിയെ തിരിച്ചറിഞ്ഞിട്ടുണ്ട്. രണ്ട് ദിവസത്തെ പോലീസ് കസ്റ്റഡി പൂര്‍ത്തികരിച്ചശേഷം വീണ്ടും കോടതിയില്‍ ഹാജരാക്കിയ ആരതിയെ ജുഡീഷ്യല്‍ കസ്റ്റഡിയിലേക്ക് മാറ്റി. അഞ്ചല്‍ എസ്എച്ച്ഒ ബിജുവിന്റെ നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ്.
അന്വേഷണത്തില്‍ തൃപ്തിയില്ലെന്ന് വിവേകിന്റെ പിതാവ്
അഞ്ചല്‍ : ആറന്മുള പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ അഞ്ചല്‍ ആര്‍ച്ചല്‍ സ്വദേശി വിവേകിന്റെ വീട്ടില്‍ കയറി ബൈക്ക് കത്തിക്കുകയും ഭീഷണി കത്ത് ഇടുകയും ചെയ്ത സംഭവത്തില്‍ അഞ്ചല്‍ പോലീസിന്റെ അന്വേഷണത്തില്‍ തൃപ്തിയില്ലന്നു വിവേകിന്റെ പിതാവ് വേണുഗോപാലന്‍ നായര്‍. കേസില്‍ ഉന്നതല അന്വേഷണം വേണം. രണ്ടാം പ്രതിയായ ഗായത്രിയെ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തിയിട്ടില്ല. ആരതിക്കൊപ്പം ഗായത്രിയും ചേര്‍ന്നാണ് ബൈക്ക് കത്തിക്കുകയും വീടിന്റെ സിറ്റ്ഔട്ട്, പടവുകള്‍ എന്നിവിടങ്ങളില്‍ കരിഓയില്‍ ഒഴിക്കുകയും ഭീഷണിക്കത്ത് വീട്ടിലേക്ക് ഇടുകയും ചെയ്തത്.
ഇരുവരും വരുന്നതും പോകുന്നതും ഉള്‍പ്പടെ സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്. അങ്ങനെയുള്ളപ്പോള്‍ ഒരാളെ മാത്രം സ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തുന്നത് എന്തിനാണ് എന്ന് വിവേകിന്റെ പിതാവ് ഉള്‍പ്പടെയുള്ള ബന്ധുക്കള്‍ ചോദിക്കുന്നു. വിവേകിന് സുരക്ഷാ ഉറപ്പാക്കണം. ബന്ധുക്കളെ വിളിച്ച് കേസില്‍ ഒത്തുതീര്‍പ്പില്‍ എത്തിക്കാനുള്ള ശ്രമവും പ്രതികളുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നു. അഞ്ചല്‍ പോലീസില്‍ നിന്ന് നീതി ലഭിച്ചില്ലങ്കില്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥരെ സമീപിക്കാനാണ് ബന്ധുക്കളുടെ തീരുമാനം കേസില്‍ തുടക്കം മുതല്‍ പോലീസിന്റെ ഇടപെടല്‍ ദുരൂഹത ഉളവാക്കുന്നതാണെന്ന് ആക്ഷേപം ഉയരുന്നുണ്ട്.
ഒരു പോലീസുകാരന്റെ വീട്ടില്‍ കയറി നടത്തിയ ഗുരുതരമായ കുറ്റകൃത്യമായിട്ടും മാധ്യമ പ്രവര്‍ത്തകരെ പോലും കേസിന്റെ വിവരങ്ങള്‍ അറിയിക്കുകയോ പ്രതികളുടെ ചിത്രങ്ങള്‍ പകര്‍ത്താന്‍ അനുവദിക്കുകയോ ചെയ്തിരുന്നില്ല. മാത്രമല്ല കേസിലെ ഒന്നാം പ്രതി ആശുപത്രിയിലായിരിക്കെ കേസിന്റെ അന്വേഷണം പോലും ആരംഭിക്കാതെ രണ്ടാം പ്രതിക്ക് ജാമ്യം ലഭിച്ചതും പോലീസിന്റെ വീഴ്ചയാണെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്. ജാമ്യം റദ്ദ് ചെയ്യാന്‍ കോടതിയെ സമീപിച്ചിട്ടുണ്ടെന്നാണ് പോലീസ് ഭാഷ്യം.
ഒരുപരിചയവും ഇല്ലാത്ത പ്രദേശത്ത് അസമയത്ത് എത്തി ഒരു പോലീസുകാരന്റെ ബൈക്ക് കത്തിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തത് രണ്ടു യുവതികള്‍ മാത്രമാണെന്ന പോലീസ് വാദത്തിൽ നാട്ടുകാര്‍ സംശയം പ്രകടിപ്പിക്കുന്നു. നിലവില്‍ അഞ്ചല്‍ എസ്എച്ച്ഒയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് അന്വേഷണം നടത്തുന്നത്.
Tags : Local News Nattuvishesham Kollam