ചങ്ങനാശേരി: പോള നീക്കം നിശ്ചലമായി, മനയ്ക്കച്ചിറ എസി കനാല്‍ മാലിന്യവാഹിയായി. പോള, പായല്‍, പാസ്റ്റിക് കുപ്പികള്‍, പ്ലാസ്റ്റര്‍ഓഫ് പാരിസ്, തട്ടുകടകളിലെ അവശിഷ്ടങ്ങള്‍ തുടങ്ങിയ മാലിന്യങ്ങള്‍ കുന്നുകൂടിയാണ് സമീപവാസികള്‍ക്കും നാട്ടുകാര്‍ക്കും കനത്ത പ്രതിസന്ധിയായിരിക്കുന്നത്.
എസി കനാലിലെ പോളയും മാലിന്യവും കഴിഞ്ഞവര്‍ഷം നീക്കം ചെയ്തിരുന്നു. ഇതിന്റെ തുടര്‍ച്ചയായി ഈവര്‍ഷവും മാലിന്യനീക്കം ചെയ്യുന്നത് ആരംഭിച്ചിട്ടുണ്ട്. മാലിന്യം നീക്കുന്നതിനിടയില്‍ യന്ത്രം വെള്ളത്തിലേക്കു തെന്നി മറിഞ്ഞതോടെയാണ് മാലിന്യനീക്കം തടസപ്പെട്ടിരിക്കുന്നത്. കനാല്‍ മലിനമായത് എസി കോളനി, മനയ്ക്കച്ചിറ, പൂവം പ്രദേശങ്ങളിലെ ജനജീവിതത്തെ ഏറെ ദോഷകരമായി ബാധിക്കുന്നുണ്ട്. തോടിനു വശങ്ങളില് താമസിക്കുന്നവര്‍ അലക്കാനും കുളിക്കാനും ഈ മലിനജലം ഉപയോഗിക്കേണ്ടിവരുന്നത് കടുത്ത ആരോഗ്യ പ്രശ്നങ്ങള്‍ക്കു കാരണമാണ്.
ടെംകോ പമ്പു മുതല്‍ പാറയ്ക്കല്‍ പാലത്തിന്റെ സമീവരെയുള്ള പോള നീക്കം ചെയ്തിട്ടുണ്ട്. പാറയ്ക്കല്‍ പാലംമുതല്‍ മനയ്ക്കച്ചിറവരെയുള്ള രണ്ട് കിലോമീറ്റര്‍ ഭാഗത്തെ പോളയും മാലിന്യവുമാണ് നീക്കാനുള്ളത്. എത്രയും വേഗം മാലിന്്യം നീക്കണമെന്നാണ് ഉയരുന്ന ആവശ്യം.
പോളയും മാലിന്യവും തടയാന്‍ ശാശ്വത നടപടിവേണം
പോള നീക്കുന്നതിനൊപ്പം കനാലിലെ എക്കലും പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള അജൈവ മാലിന്യങ്ങളും നീക്കിയെങ്കില്‍ മാത്രമേ കനാലിന്റെ ശുചീകരണം സാധിക്കുകയുള്ളു. നാശോന്മുഖമായ മനയ്ക്കച്ചിറ ടൂറിസം പദ്ധതി പുനര്‍ നിര്‍മ്മിക്കാനും അടുത്ത ഓണക്കാലത്തോടനുബന്ധിച്ച് ജലോത്സവവും നടത്താന്‍ നടപടിയുണ്ടാകണമെന്ന നിര്‍ദേശവും ഉയരുണ്ട്.
ചങ്ങനാശേരി റെയില്‍വേ സ്റ്റേഷന് ഭാഗത്തുനിന്നും ആരംഭിച്ച് പെരുന്ന ബസ്റ്റാന്‍ഡിനു സമീപത്തുകൂടി ഒഴുകി മനയ്ക്കച്ചിറയിലെത്തുന്ന ആവണിത്തോട്ടിലെ മലിനജലവും എസി കനാലിനെ മലീമസമാക്കുന്നുണ്ട്. കക്കൂസ് മാലിന്യങ്ങള്‍, ഹോട്ടലിലെ മലിനജലം, മത്സ്യമാംസ സ്റ്റാളുകളിലെ അവശിഷ്ടങ്ങള്‍ തുടങ്ങിയവയെല്ലാം ഈ തോട്ടിലൂടെ മനയ്ക്കച്ചിറയിലെത്തുന്നത്.
എസി കനാല്‍ പള്ളാത്തുരുക്കിയിലേക്ക് പൂര്‍ണമായും തുറന്ന് ഒഴുക്ക് സുഗമമാക്കിയാല് മനയ്ക്കച്ചിറ, പൂവം, പാറയ്ക്കല്‍, നക്രാല്‍, പെരുമ്പുഴക്കടവ് ഭാഗങ്ങളിലെ വെള്ളപ്പൊക്കം ഒഴിവാക്കാനാകുമെന്ന് എസി കനാല്‍ വികസനസമിതി ചൂണ്ടിക്കാട്ടുന്നുണ്ട്.
Tags : nattu vishesham Polluted water movement at