കേരള സംഗീതനാടക അക്കാദമിയിൽ വിഷൻ 2031 സാംസ്കാരികസെമിനാർ ഉദ്ഘാടനം മന്ത്രി കെ. രാജൻ നിർവഹിക്കുന്നു.
തൃശൂർ: വർഗീയ ഫാസിസ്റ്റ് സ്വഭാവരൂപീകരണരീതികളുടെ കാലത്ത് ഭദ്രതയോടെയും ആശയദൃഢതയോടെയും തയാറെടുപ്പുകൾ നടത്തിയാലേ ദൈവത്തിന്റെ സ്വന്തം നാട് വരുംതലമുറയ്ക്ക് ആ രീതിയിൽ അനുഭവിക്കാൻ കഴിയൂവെന്ന് മന്ത്രി കെ. രാജൻ പറഞ്ഞു.
സാംസ്കാരികവകുപ്പിന്റെ നേതൃത്വത്തിൽ കേരള സംഗീതനാടക അക്കാദമിയിൽ സംഘടിപ്പിച്ച വിഷൻ 2031 സാംസ്കാരികസെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
സാംസ്കാരികവകുപ്പിന്റെ വജ്രജൂബിലി ഫെലോഷിപ്പിലേക്കു കലയും സാഹിത്യവും സ്കിൽ പോളിസികളായി ഉൾപ്പെടുത്തണമെന്നും കലാകാരന്മാരെയും സാഹിത്യകാരന്മാരെയും എംപാനൽ ചെയ്ത് കലാലയങ്ങളിൽ തൊഴിലവസരങ്ങൾ നൽകാനുള്ള സാധ്യതകൾ പരിശോധിക്കണമെന്നും മന്ത്രി ആർ. ബിന്ദു നിർദേശിച്ചു.
സാംസ്കാരികവകുപ്പിനു കീഴിലെ അക്കാദമികളുടെ സ്വതന്ത്രമായ അധികാരാവകാശങ്ങൾ നിലനിർത്തി, ഇവയെ ഏകോപിപ്പിക്കുന്ന കാര്യം പരിഗണനയിലാണെന്നു മന്ത്രി സജി ചെറിയാൻ പറഞ്ഞു.
ഗ്ലോബൽ ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് എന്നനിലയിൽ നയം രൂപീകരിക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
സാംസ്കാരികവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. രാജന് എന്‍. ഖോബ്രഗഡേ, സാഹിത്യ അക്കാദമി പ്രസിഡന്റ് സച്ചിദാനന്ദന്, ലളിതകല അക്കാദമി ചെയര്‍പേഴ്സണ്‍ മുരളി ചീരോത്ത്, സംഗീതനാടക അക്കാദമി ചെയര്‍പേഴ്സണ്‍ മട്ടന്നൂര്‍ ശങ്കരന്‍കുട്ടി, സാംസ്കാരികവകുപ്പ് ഡയറക്ടർ ഡോ. ദിവ്യ എസ്. അയ്യർ, സംഗീതനാടക അക്കാദമി സെക്രട്ടറി കരിവെള്ളൂർ മുരളി തുടങ്ങിയവർ പ്രസംഗിച്ചു.