തൊടുപുഴ: പ്രതിദിന സര്‍വീസുകള്‍ നഷ്ടത്തിലായതിനെത്തുടര്‍ന്ന് സ്വകാര്യബസ് വ്യവസായ മേഖലയിലുണ്ടായിരിക്കുന്ന പ്രതിസന്ധി ജില്ലയെയും കാര്യമായി ബാധിക്കുന്നു. പല സ്വകാര്യബസുകളും സര്‍വീസുകള്‍ വെട്ടിക്കുറച്ചു. ജില്ലയില്‍ നാലു ബസുകള്‍ താത്കാലികമായി സര്‍വീസുകള്‍ നിര്‍ത്തി വയ്ക്കാനുള്ള ജി ഫോം നല്കി. നിശ്ചിത കാലയളവില്‍ വാഹനം റോഡില്‍ ഓടിക്കില്ലെന്നു മോട്ടോര്‍ വാഹന വകുപ്പിനെ മുന്‍കൂട്ടി അറിയിക്കുന്നതാണ് ഇത്. ജൂണ്‍ 30ന് മുമ്പായിരുന്നു ജി ഫോം സമര്‍പ്പിക്കേണ്ടിയിരുന്നത്. ജി ഫോം സമര്‍പ്പിച്ചാല്‍ താത്കാലികമായി നികുതിയില്‍നിന്ന് ഒഴിവാകാന്‍ സാധിക്കുന്നതിനാലാണ് പല ബസുടമകളും ഇതിനു തയാറെടുക്കുന്നത്.
ഹൈറേഞ്ച് മേഖലയില്‍ മിക്ക റൂട്ടുകളിലും കളക്ഷന്‍ കുറഞ്ഞതോടെ തങ്ങള്‍ കടുത്ത പ്രതിസന്ധിയിലായതായി ബസുടമകള്‍ പറയുന്നു. അടിമാലി, മൂന്നാര്‍, കട്ടപ്പന, കുമളി റൂട്ടുകളില്‍ കളക്ഷന്‍ ഗണ്യമായി കുറഞ്ഞിട്ടുണ്ട്. പല ദീര്‍ഘദൂര സര്‍വീസുകളും കൊറിയര്‍ സര്‍വീസ് ഉള്ളതിനാലാണ് പിടിച്ചുനില്‍ക്കുന്നത്. തൊടുപുഴ മേഖലയില്‍ മാത്രമാണ് ഭേദപ്പെട്ട വരുമാനമുള്ളത്. സ്വകാര്യബസുകള്‍ കൂടുതലായി സര്‍വീസ് നടത്തുന്ന മൂവാറ്റുപുഴ റൂട്ടില്‍ കെഎസ്ആര്‍ടിസി സൗജന്യയാത്രാ പദ്ധതി കൂടുതല്‍ ബാധിച്ചിട്ടില്ലെങ്കിലും മൂലമറ്റം റൂട്ടില്‍ സ്വകാര്യബസുകളുടെ കളക്ഷനെ ഇത് ബാധിച്ചിട്ടുണ്ട്. ഗ്രാമീണമേഖലകളിലേക്കുള്ള പല സര്‍വീസുകളും നഷ്ടത്തിലാണ് നടത്തുന്നത്. കെഎസ്ആര്‍ടിസി ബസുകളില്‍ വനിതകള്‍ക്കായുള്ള സൗജന്യയാത്രാ പദ്ധതി പ്രഖ്യാപിച്ചതോടെയാണ് സ്വകാര്യബസുകളുടെ വരുമാനം കുറഞ്ഞത്. സ്ഥിരം യാത്രക്കാരില്‍ അറുപത് ശതമാനത്തോളം സ്ത്രീകളായിരുന്നു. ഇവരില്‍ പലരും പ്രിയദര്‍ശിനി പദ്ധതിയെ ആശ്രയിക്കാന്‍ തുടങ്ങിയതാണ് കളക്ഷനെ പ്രതികൂലമായി ബാധിച്ചത്.
പ്രതിദിന വരുമാനത്തില്‍ വന്‍ ഇടിവ്
ജൂണ്‍ 15ന് സൗജന്യയാത്രാ പദ്ധതി ആരംഭിച്ചതു മുതല്‍ പ്രതിദിന കളക്ഷനില്‍ 2,500 മുതല്‍ 3,000 രൂപയുടെവരെ കുറവുണ്ടായിട്ടുണ്ടെന്ന് ബസുടമകള്‍ പറയുന്നു.
സ്ഥിരം യാത്രക്കാരായിരുന്ന സ്ത്രീകള്‍ക്ക് ടിക്കറ്റില്‍ പ്രത്യേക ഇളവ് നല്‍കുന്നതിനൊപ്പം സ്റ്റോപ്പ് ഇല്ലാത്തയിടങ്ങളിലും വീടിന് സമീപത്തും ബസ് നിർത്തി യാത്രക്കാരെ ഇറക്കിയും കയറ്റിയും സ്വകാര്യബസുകളില്‍ പ്രത്യേക പരിഗണന നല്‍കിയിരുന്നു. എന്നാല്‍ കെഎസ്ആര്‍ടിസിയുടെ സൗജന്യ പദ്ധതി വന്നതോടെ എല്ലാം തകിടംമറിഞ്ഞു.
നികുതിയില്‍ സര്‍ക്കാര്‍ ഇളവ് പ്രഖ്യാപിച്ചെങ്കിലും ഇത് തികച്ചും പരിമിതമാണെന്ന് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന് പ്രസിഡന്റ് തൂഫാന് തോമസ് പറഞ്ഞു. നികുതിയില്‍ 50 ശതമാനം ഇളവ് സര്‍ക്കാര്‍ പ്രഖ്യാപിച്ചാലും പ്രതിദിനം 125 രൂപ മാത്രമാണ് ആനൂകൂല്യമായി ലഭിക്കുകയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാല്‍ ഓരോ സ്വകാര്യബസും ഇന്ധനം അടിക്കുന്ന വകയില്‍ 1,400 രൂപയോളം സംസ്ഥാന സര്‍ക്കാരിന് നികുതിയായി നല്‍കുന്നുണ്ട്.
ജീവനക്കാരുടെ ശമ്പളവും മെയിന്റനന്‍സും കഴിഞ്ഞാല്‍ വരുമാനം വട്ടപ്പൂജ്യമാണെന്ന് ബസുടമകള്‍ ചൂണ്ടിക്കാട്ടി. ഇതിനു പുറമേ നികുതി, ഇ-ചെല്ലാന്‍, വിവിധയിനങ്ങളില്‍ അടയ്ക്കേണ്ടി വരുന്ന പിഴ എന്നിവയെല്ലാം കണക്കിലെടുത്താല്‍ സ്വകാര്യബസ് വ്യവസായം നഷ്ടത്തിലേക്കാണ് കൂപ്പുകുത്തുന്നത്.
റിലേ സത്യഗ്രഹ സമരംതുടങ്ങുന്നു
പ്രതിസന്ധി പരിഹരിക്കണമെന്നാവശ്യപ്പെട്ട് ബസുടമകള്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ 20 മുതല്‍ റിലേ സത്യഗ്രഹസമരം ആരംഭിക്കും. സമരത്തെത്തുടര്ന്നെങ്കിലും വിഷയത്തില്‍ അടിയന്തരമായി സര്‍ക്കാര്‍ ഇടപെടല്‍ ഉണ്ടാകുമെന്നാണ് ഉടമകളുടെ പ്രതീക്ഷ. സ്വകാര്യബസുകള്‍ സര്‍ക്കാര്‍ ഏറ്റെടുത്ത് കിലോമീറ്ററിന് 55 രൂപ നിരക്കില്‍ നല്കിയാല് വാഹനങ്ങള്‍ വിട്ടുനല്‍കാന്‍ തയാറാണെന്നും ഇവര്‍ പറയുന്നു.
Tags : Nattuvishesham District news