പ്രതീകാത്മക ചിത്രം
ചെറുതോണി: പ്രിയദർശിനി വഴിയിൽ കുടുങ്ങി. സ്ത്രീകളടക്കം നിരവധി യാത്രക്കാർ പെരുവഴിയിലായി. തൊടുപുഴ ഡിപ്പോയിൽനിന്നു കളക്ടറേറ്റിലേക്കുള്ള ബസാണ് വഴിയിലായത്. തിങ്കളാഴ്ചയാണ് സംഭവം. വൈകുന്നേരത്തെ സർവീസായതിനാൽ നല്ല തിരക്കുമായിരുന്നു. എന്നും വൈകുന്നേരം അഞ്ചിന് കളക്ടറേറ്റിൽനിന്നു ചേലച്ചുവട്, കഞ്ഞിക്കുഴി, വെൺമണി, വണ്ണപ്പുറം വഴി തൊടുപുഴയ്ക്കു പോകുന്ന അവസാന ബസാണിത്. ബസ് വഴിയിലായതോടെ വെൺമണി, വണ്ണപ്പുറം ഭാഗത്തേക്കുള്ള നിരവധി യാത്രക്കാർ വലഞ്ഞു. സ്ത്രീകളാണ് ഏറ്റവും ദുരിതത്തിലായത്. പലർക്കും അമിതകൂലി കൊടുത്ത് ടാക്സി വിളിച്ചു വീട്ടിൽ പോകേണ്ടിവന്നു.
നേരത്തേ സ്വകാര്യബസിൽ യാത്രചെയ്തിരുന്നവരും സ്വന്തം വാഹനത്തിൽ സഞ്ചരിച്ചിരുന്നവരുമെല്ലാം പ്രിയദർശിനിയിലേക്കു മാറുകയായിരുന്നു. ഇതു ബസിൽ വലിയ തിരക്കിനും കാരണമായി. കാലപ്പഴക്കം ചെന്ന ബസുകളും സ്പെയർ പാർട്സിന്റെ കുറവും മൂലം ബസുകൾ പാതിവഴിയിൽ യാത്ര അവസാനിപ്പിക്കേണ്ട സ്ഥിതിയാണെന്ന ആക്ഷേപം ഉയർന്നിട്ടുണ്ട്. പ്രിയദർശിനി സർവീസുകൾ തുടങ്ങിയതോടെ യാത്രക്കാരുടെ എണ്ണം ഇരട്ടിയായി വർധിച്ചിട്ടുണ്ട്. കാലപ്പഴക്കം ചെന്ന ബസുകൾ മാറ്റി പുതിയവ ഈ റൂട്ടിൽ അനുവദിക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.