രാമങ്കരി: കുട്ടനാട് താലൂക്ക് ആശുപത്രിക്കു മുന്നിലായി സ്ഥിതിചെയ്യുന്ന പുളിങ്കുന്ന് കുമ്പളംചിറ ആംബുലൻസ് പാലത്തിന്റെ കാലുകൾ വീണ്ടും താഴ്ന്നുതുടങ്ങി. യാത്രക്കാർ ഭീതിയിൽ. 35 വർഷത്തിലേറേ പഴക്കമുള്ള പാലത്തിന്റെ നടുവിലെ തൂണുകളാണ് ദിവസേന താഴുന്നുകൊണ്ടിരിക്കുന്നത്.
ഇതോടെ, ഇരുകരകളിൽനിന്നുള്ള സ്പാനും മധ്യഭാഗത്തെ സ്പാനും തമ്മിലുള്ള വിടവ് ക്രമാതീതമായി വർധിച്ചു. നാലുവീലുകളുള്ള വാഹനങ്ങൾ പാലത്തിന്റെ മധ്യഭാഗത്തുനിന്നും ഇരുകരകളിലേക്കുമുള്ള സ്പാനുകളിലേക്ക് കയറുന്പോൾ അടിതട്ടി കേടുപാടുകൾ സംഭവിക്കുന്നത് പതിവാണ്.
ഇപ്പോൾ ഒരു തരത്തിലും വീൽപൊക്കമില്ലാത്ത വാഹനങ്ങൾക്ക് കടന്നുപോകാൻ കഴിയാത്ത സ്ഥിതിയായിട്ടുണ്ട്. ഇത് പലപ്പോഴും വാഹനങ്ങൾ പാലത്തിൽ കുടുങ്ങികിടക്കുന്നതിനു കാരണമാകുന്നു. എസി റോഡിലെ പള്ളിക്കൂട്ടുമ്മ ജംഗ്ഷൻ, പുളിങ്കുന്ന്, കണ്ണാടി, കാവാലം തുടങ്ങിയ സ്ഥലങ്ങളിൽനിന്ന് ആശുപത്രിയിലേക്കും പുളിങ്കുന്ന് എൻജിനിയറിംഗ് കോളജ്, ലിറ്റിൽഫ്ലവൾ ഗേൾസ്, സെന്റ് ജോസഫ് ഹൈസ്കൂൾ, കെഇ കാർമൽ സ്കൂൾ, പഞ്ചായത്ത് ഓഫീസ്, ബാങ്കുകൾ തുടങ്ങിയ നിരവധി സ്ഥാപനങ്ങളിലേക്ക് എളുപ്പത്തിലെത്താൻ സഹായിക്കുന്ന പ്രധാന പാലമാണിത്.
35 വർഷങ്ങൾക്ക് മുമ്പ് പാലം നിർമിക്കുന്ന ഘട്ടത്തിൽ തന്നെ ബലക്ഷയവുമായി ബന്ധപ്പെട്ട് പരാതി ഉയർന്നിരുന്നു. എന്നാൽ, ആരുംചെവിക്കൊണ്ടില്ല. സ്ഥിതി രൂക്ഷമായ ഘട്ടത്തിൽ അടിയന്തരമായി പുതിയ പാലം നിർമിക്കാനോ, ബദൽ മാർഗങ്ങൾ തേടാനോ അധികൃതർ തയാറാകണമെന്നതാണ് നാട്ടുകാരുടെ ആവശ്യം.
Tags : Nattuvishesham Local News Pulinkundu Taluk Hospital Bridge Bridge is collapsing