കൊച്ചി: ജില്ലയില്‍ പള്‍സ് പോളിയോ ഇമ്യുണൈസേഷന്റെ ആദ്യദിനത്തില്‍ അഞ്ചു വയസില്‍ താഴെയുള്ള 1,56,260 കുട്ടികള്‍ക്ക് പ്രതിരോധ തുള്ളിമരുന്ന് നല്കി. ആകെ ലക്ഷ്യമിട്ട കുട്ടികളുടെ 96.74 ശതമാനമാണിത്. ഇതില്‍ 4,548 കുട്ടികള്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ്.
ആദ്യദിനമായ ഇന്നലെ തുള്ളിമരുന്ന് ലഭിക്കാത്ത കുട്ടികള്‍ക്ക് ഇന്നും നാളെയുമായി ആരോഗ്യപ്രവര്‍ത്തകരും വോളന്റിയര്‍മാരും വീടുകളിലെത്തി തുള്ളിമരുന്ന് നല്‍കുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു.
ജില്ലയില്‍ അഞ്ചു വയസിനു താഴെയുള്ള 1,61,529 കുട്ടികള്‍ക്കായി 1,879 ബൂത്തുകളാണ് പോളിയോ തുള്ളിമരുന്ന് വിതരണത്തിനായി സജ്ജീകരിച്ചത്. പള്‍സ് പോളിയോ ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം എറണാകുളം ജനറല്‍ ആശുപത്രിയില്‍ ടി.ജെ. വിനോദ് എംഎല്‍എ നിര്‍വഹിച്ചു.
ജില്ലാ കളക്ടര്‍ ജി. പ്രിയങ്ക മകന് ആദ്യഡോസ് പോളിയോ തുള്ളിമരുന്ന് നല്കി.
കോര്പറേഷന് ഡിവിഷന് കൗണ്‍സിലര്‍ കെ.വി.പി. കൃഷ്ണകുമാര്‍, ഡിഎംഒ ഡോ. ആര്. ഷഹീര്‍ ഷാ, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. എം.എം. ഹനീഷ് , എറണാകുളം ജനറല്‍ ആശുപത്രി സൂപ്രണ്ട് ഡോ. ആര്. പ്രഭുദാസ്, ഡോ. എം.എസ്. രശ്മി, ഡോ. യു. അഞ്ജലി, ആല്‍ജോ സി. ചെറിയാന്, എം.എ. പ്രീതി എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.