പ്രതീകാത്മക ചിത്രം
കൊല്ലം: മൂന്ന് പതിറ്റാണ്ടോളമായി കേരള പോലീസിന്റെ ഉറക്കം കെടുത്തുന്ന പിടികിട്ടാപ്പുള്ളി പുട്ട് കുഞ്ഞുമോന് എന്ന ജേക്കബ് ഇപ്പോഴും നിയമത്തിന് പിടികൊടുക്കാതെ കാണാമറയത്ത് തുടരുന്നു. 1996 മാര്‍ച്ച് ഏഴിന് കൊല്ലം വെസ്റ്റ് പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസറായിരുന്ന ചന്ദ്രനെ ക്രൂരമായി കുത്തിക്കൊലപ്പെടുത്തി തടവുചാടിയ ഈ കുപ്രസിദ്ധ കുറ്റവാളിയെ കണ്ടെത്താന്‍ 30 വര്‍ഷത്തിലധികമായി പോലീസ് നടത്തുന്ന ശ്രമങ്ങൾ ഇതുവരെ ഫലം കണ്ടിട്ടില്ല.
കൊല്ലം മയ്യനാട് സ്വദേശിയായ കുഞ്ഞുമോന് നഗരത്തിലും പരിസരപ്രദേശങ്ങളിലും ഭീതി വിതച്ച നിരവധി മാലപൊട്ടിക്കല്‍, പിടിച്ചുപറി, ആയുധമേന്തിയുള്ള ആക്രമണക്കേസുകളിലെ പ്രതിയായിരുന്നു. 1995ലെ തിരുവോണ നാളില്‍ നടന്നുപോയ സ്ത്രീയുടെ സ്വര്ണ്മാല കവര്‍ന്നതും ചാമക്കടയിലെ സ്വര്‍ണക്കടയില്‍ കയറി മാല തട്ടിയെടുത്ത് പോലീസുകാരുടെ കണ്ണുവെട്ടിച്ച് കടന്നതുമടക്കം ഒട്ടേറെ കുറ്റകൃത്യങ്ങള്‍ ഇയാളുടെ പേരില്‍ നിലവിലുണ്ടായിരുന്നു. തുടര്‍ന്നാണ് ഇയാളെ വലയിലാക്കാന്‍ പോലീസ് തെരച്ചില്‍ ഊര്‍ജ്ജിതമാക്കിയത്.
1996 മാര്‍ച്ച് ഏഴിന് കൊല്ലം നഗരത്തില്‍വച്ച് പ്രതിയെ ചന്ദ്രന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം തന്ത്രപരമായി കസ്റ്റഡിയിലെടുത്തു. തുടര്‍ന്ന് പ്രതിയെ ഓട്ടോറിക്ഷയില്‍ കയറ്റി വെസ്റ്റ് പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്.
ഓട്ടോറിക്ഷ പോലീസ് ക്വാര്‍ട്ടേഴ്സിന് സമീപത്തെ ആളൊഴിഞ്ഞ റോഡിലെത്തിയപ്പോള്‍, വസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ചുവെച്ചിരുന്ന കത്തിയെടുത്ത് കുഞ്ഞുമോന് ചന്ദ്രനെ കുത്തി വീഴ്ത്തുകയായിരുന്നു. ആക്രമണത്തില്‍ പരിക്കേറ്റ പോലീസ് ഉദ്യോഗസ്ഥന് പിന്നീട് മരിച്ചു. ഈ സംഭവത്തെ തുടര്‍ന്നുണ്ടായ പരിഭ്രാന്തിക്കിടയില്‍ ഓട്ടോയില്‍നിന്ന് ചാടി രക്ഷപ്പെട്ട കുഞ്ഞുമോനെ പിന്നെ ആരും കണ്ടിട്ടില്ല.
പ്രത്യേക പോലീസ് സ്ക്വാഡുകള്‍ രൂപീകരിച്ച് അന്വേഷണം നടത്തിയിട്ടും ഫലമില്ലാതെ വന്നതോടെ കേസ് ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു. പ്രതിക്കായി 2009ലും 2011ലും ക്രൈംബ്രാഞ്ച് ലുക്കൗട്ട് നോട്ടീസുകള്‍ പുറപ്പെടുവിച്ചു. പാലക്കാട്, സേലം, തിരുവനന്തപുരം, പുനലൂരിലെ ക്വാറികള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ ഇയാളെ കണ്ടതായി മുന്‍പ് വിവരങ്ങള്‍ ലഭിച്ചിരുന്നെങ്കിലും അന്വേഷണ സംഘത്തിന് പ്രതിയെ കണ്ടെത്താനായില്ല.
കേരള പോലീസിന് വന്‍ വെല്ലുവിളിഉയര്ത്തിയ ആട് ആന്റണിയെപ്പോലുള്ള കുപ്രസിദ്ധ കുറ്റവാളികളെ വര്‍ഷങ്ങള്‍ക്ക് ശേഷം പിടികൂടാന്‍ സാധിച്ചെങ്കിലും, കുഞ്ഞുമോന് ഇപ്പോഴും ദുരൂഹതയായി അവശേഷിക്കുന്നു.
കൊലപാതകം നടക്കുമ്പോള്‍ 22 വയസ് മാത്രം പ്രായമുണ്ടായിരുന്ന ഇയാള്‍ക്ക് പിന്നീട് വന്ന ശാരീരിക മാറ്റങ്ങളും അന്വേഷണത്തിന് വലിയ വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്. ഇയാള്‍ ജീവിച്ചിരിപ്പുണ്ടോ അതോ മരണപ്പെട്ടോ എന്നതില്‍പോലും വ്യക്തത വരുത്താന്‍ കഴിയാതെ അന്വേഷണസംഘം ഇന്നും ഇരുട്ടില്‍ തപ്പുകയാണ്.
Tags : Nattuvishesham DistrictNews DeepikaNews Puttu Kunjumon