തളിപ്പറമ്പ്: കണ്ണൂർ ജില്ലയിലെ മികച്ച കൃഷി ഓഫീസറായി പട്ടുവം കൃഷിഭവനിലെ രാഗിഷ രാമദാസ് തെരഞ്ഞെടുക്കപ്പെട്ടു. തരിശുഭൂമി കൃഷിവത്കരണം, സസ്യാരോഗ്യ ക്ലിനിക്, ക്രോപ് ഫാർമസി, കൈപ്പാട്-ഔഷധ-ചീര- ഉഴുന്ന്-കൂൺ ഗ്രാമം പദ്ധതികൾ, ഇക്കോഷോപ്പ്, ഹരിതം പ്രൊഡ്യൂസർ ഗ്രൂപ്പ്, പട്ടുവം കാർഷിക കർമസേന, വിദ്യാർഥികൾക്കായുള്ള 'പാഠം ഒന്ന് പാടത്തേയ്ക്ക്' പദ്ധതി എന്നിവ വിജയകരമായി നടപ്പിലാക്കി മികച്ച പ്രവർത്തനം കാഴ്ചവച്ചതിനാണ് പുരസ്കാരം.
കൂടാതെ കരിമ്പിന്റെ മൂല്യവർധിത ഉത്പന്നങ്ങൾക്ക് 'കേരള ഗ്രോ' ബ്രാൻഡിംഗ് നേടിയെടുക്കുകയും ചെയ്തു. സേവനമനുഷ്ഠിച്ച മേഖലകളിൽ കർഷകോത്തമ അവാർഡ് (2020), സംസ്ഥാന ജൈവ കാർഷിക മണ്ഡലം അവാർഡ് (2022), കർഷക തിലകം അവാർഡ് (2022) എന്നിവ ലഭ്യമാക്കുന്നതിൽ നിർണായക പങ്ക് വഹിച്ചിരുന്നു.
തളിപ്പറമ്പ പൂക്കോത്ത് തെരു സ്വദേശിനിയാണ്. കേരള ബാങ്ക് പഴയങ്ങാടി ശാഖയിലെ ഉദ്യോഗസ്ഥൻ രാമദാസ് -പരിയാരം മെഡിക്കൽ കോളജ് റിട്ട. നഴ്സ് സി. ഗായത്രി ദന്പതികളുടെ മകളാണ്. പുളിന്പറമ്പ് സ്വദേശി വിപിൻ ആണ് ഭർത്താവ്. മകൾ: സാൻവിക.