പ്രതീകാത്മക ചിത്രം
കൊല്ലം: കൊല്ലം റെയില്‍വേ സ്റ്റേഷനോട് ചേര്‍ന്നുള്ള മെമു ഷെഡിന് സമീപം മാലിന്യനിക്ഷേപ കേന്ദ്രമായി മാറുന്നു. റെയില്‍വേ കോമ്പൗണ്ടിന്റെ മതില്‍ക്കെട്ടുകള്‍ ഈ ഭാഗത്ത് തകര്‍ന്നുകിടക്കുന്നതും കാടുകയറിയതുമാണ് മാലിന്യം തള്ളാന്‍ സൗകര്യമൊരുക്കുന്നത്.
ട്രെയിനില്‍ നിന്ന് ശേഖരിക്കുന്ന മാലിന്യങ്ങള്‍ കൃത്യസമയത്ത് നീക്കം ചെയ്യാതെ ഇവിടെ കൂട്ടിയിടുന്നതും പതിവാണ്. ഭക്ഷണാവശിഷ്ടങ്ങള്‍ ഉള്‍പ്പടെയുള്ളവ പ്ലാസ്റ്റിക് കവറുകളിലാക്കിയാണ് ഇവിടെ തള്ളുന്നത്. തെരുവുനായ്ക്കളും മറ്റും ഇവ കടിച്ചുകീറി മാലിന്യം റോഡിലാകെ ചിതറിക്കിടക്കുന്ന നിലയിലാണ്.
ഇതിനുപുറമെ, സാമൂഹ്യവിരുദ്ധര്‍ രാത്രികാലങ്ങളില്‍ ദൂരസ്ഥലങ്ങളില്‍ നിന്ന് വാഹനങ്ങളിലെത്തി വന്‍തോതില്‍ മാലിന്യം തള്ളുന്നുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. മഴ പെയ്യുമ്പോള്‍ മാലിന്യം അഴുകി രൂക്ഷഗന്ധമാണ് വമിക്കുന്നത്. കൊതുകും ഈച്ചയും പെരുകിയതിനാല്‍ പകര്‍ച്ചവ്യാധി ഭീഷണിയും ഉയര്‍ത്തിയിട്ടുണ്ട്.
പ്രദേശത്തിന് സമീപത്തായി നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളും ബസ് സ്റ്റോപ്പും ഉള്ളതാണ്. റെയില്‍വേ സ്റ്റേഷനിലേക്ക് എളുപ്പത്തില്‍ പ്രവേശിക്കാനായി യാത്രക്കാര്‍ തെരഞ്ഞെടുക്കുന്ന വഴി കൂടിയാണിത്. അതുകൊണ്ടുതന്നെ മാലിന്യപ്രശ്നം വലിയ ആരോഗ്യപ്രശ്നങ്ങള്‍ക്കും കാരണമാകും.
മുമ്പ് കോര്പറേഷന് ഇടപെട്ട് പ്രദേശം വൃത്തിയാക്കിയിരുന്നെങ്കിലും ദിവസങ്ങള്‍ക്കുള്ളില്‍ മാലിന്യക്കെട്ടുകള്‍ വീണ്ടും പ്രത്യക്ഷപ്പെട്ടു. മാലിന്യം തള്ളുന്നവരെ കണ്ടെത്താനും ക്ാമറകള് സ്ഥാപിക്കാനുമുള്ള അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
ജനത്തിരക്കുള്ള സ്ഥലത്ത് ഇങ്ങനെയൊരു മാലിന്യക്കൂമ്പാരം അംഗീകരിക്കാനാവില്ല. മതില് തകര്‍ന്നുകിടക്കുന്നതും കുറ്റിക്കാടുകളും സാമൂഹ്യവിരുദ്ധര്‍ക്ക് താവളമാവുകയാണ്.