കൊല്ലം: ജില്ലയില്‍ ഇടിമിന്നലോടെയുള്ള മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാല്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ദുരന്തനിവാരണ അഥോറിറ്റി ചെയര്‍പേഴ്സണ്‍ കൂടിയായി കളക്ടര്‍ ആനി ജൂല തോമസ്.
നാലു വരെ ഇടിമിന്നലിനും മണിക്കൂറില്‍ 50 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. അതിനാല്‍ ജാഗ്രത നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്നും കളക്ടര്‍ അറിയിച്ചു.
ജാഗ്രതാ നിര്‍ദേശങ്ങള്‍
*ഇടിമിന്നല്‍ ഉണ്ടായാല്‍ ഉടന്‍ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറുക. തുറസായ സ്ഥലങ്ങളില്‍ തുടരരുത്.
*ജനലും വാതിലും അടച്ചിടുക. വാതിലിനും ജനലിനും അടുത്ത് നില്‍ക്കരുത്. കെട്ടിടത്തിനകത്ത് ഇരിക്കുക. ഭിത്തിയിലോ തറയിലോ സ്പര്‍ശിക്കരുത്.
*ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക. അവയുടെ സാമിപ്യം ഇടിമിന്നല്‍ സമയത്ത് ഒഴിവാക്കുക.
*അന്തരീക്ഷം മേഘാവൃതമാണെങ്കില്‍ തുറസായ സ്ഥലത്തും ടെറസിലും നില്‍ക്കരുത്.
*ഇടിമിന്നലുള്ള സമയത്ത് വൃക്ഷങ്ങളുടെ ചുവട്ടില്‍ നില്‍ക്കരുത്. വാഹനങ്ങള്‍ മരച്ചുവട്ടില്‍ പാര്‍ക്ക് ചെയ്യരുത്.
*ഇടിമിന്നല്‍ സമയത്ത് വാഹനത്തിനകത്ത് തന്നെ തുടരുക. കൈകാലുകള്‍ പുറത്തിടാതിരിക്കുക. സൈക്കിള്‍, ബൈക്ക്, ട്രാക്ടര്‍ തുടങ്ങിയ വാഹനങ്ങളിലുള്ള യാത്ര ഇടിമിന്നല്‍ സമയത്ത് ഒഴിവാക്കുക.
*വളര്‍ത്തു മൃഗങ്ങളെ തുറസായ സ്ഥലത്ത് കെട്ടരുത്.
*ഇടിമിന്നലുള്ള സമയത്ത് തുണികള്‍ എടുക്കാന്‍ ടെറസിലേക്കോ, മുറ്റത്തേക്കോ പോകരുത്.
*കാറ്റില്‍ മറിഞ്ഞു വീഴാന്‍ സാധ്യതയുള്ള വസ്തുക്കള്‍ കെട്ടി വെക്കുക.
*ഇടിമിന്നലുള്ള സമയത്ത് കുളിക്കുന്നത് ഒഴിവാക്കുക. ടാപ്പുകളില്‍നിന്ന് വെള്ളം ശേഖരിക്കുന്നതും ഒഴിവാക്കുക.
*ഇടിമിന്നല്‍ സമയത്ത് ജലാശയത്തില്‍ മീന്‍ പിടിക്കുകയോ കുളിക്കുകയോ ചെയ്യരുത്്. മത്സ്യബന്ധനം, ബോട്ടിംഗ് തുടങ്ങിയവ നടത്തരുത്.
*പട്ടം പറത്തുന്നത് ഒഴിവാക്കുക.
*ഇടിമിന്നലുള്ള സമയത്ത് ടെറസിലോ ഉയരമുള്ള സ്ഥലങ്ങളിലോ വൃക്ഷക്കൊമ്പിലോ ഇരിക്കരുത്.
*അടുത്തുള്ള കെട്ടിടത്തിലേക്ക് മാറാന്‍ സാധിക്കാത്ത വിധത്തില്‍ തുറസായ സ്ഥലത്താണെങ്കില്‍ പാദങ്ങള്‍ ചേര്‍ത്തുവച്ച് തല, കാല് മുട്ടുകള്‍ക്ക് ഇടയില്‍ ഒതുക്കി പന്തുപോലെ ഉരുണ്ട് ഇരിക്കുക.
*ഇടിമിന്നലില്‍ നിന്ന് സുരക്ഷാ നേടാന്‍ കെട്ടിടങ്ങള്‍ക്കു മുകളില്‍ മിന്നല്‍ രക്ഷാ ചാലകം സ്ഥാപിക്കണം. വൈദ്യുതോപകരണങ്ങളുടെ സുരക്ഷക്കായി സര്‍ജ് പ്രൊട്ടക്ടര്‍ ഘടിപ്പിക്കണം.
*മിന്നലിന്റെ ആഘാതത്തില്‍ പൊള്ളലേല്‍ക്കുക, കാഴ്ച-കേള്‍വി നഷ്ടമാവുക, ഹൃദയാഘാതം എന്നിവയുണ്ടാകാം. അതിനാല്‍ മിന്നലേറ്റ ആളിന് അടിയന്തര വൈദ്യസഹായം നല്‍കണം.
Tags : Local News Nattuvishesham Kollam