പാലക്കാട്: കാലവർഷത്തെ മുൻനിർത്തിയുള്ള പ്രതിരോധനടപടികൾ ശക്തമാക്കണമെന്ന് ജില്ലയുടെ ചുമതലയുളള പൊതുവിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ. കളക്ടറേറ്റ് കോണ്‍ഫറൻസ് ഹാളിൽ മഴക്കാല മുന്നൊരുക്ക പ്രവർത്തനങ്ങൾ അവലോകനം ചെയ്യുകയായിരുന്നു അദ്ദേഹം.
അടിയന്തരസാഹചര്യങ്ങളെ നേരിടാൻ തയ്യാറെടുപ്പുകൾ നടത്തിയിട്ടുണ്ട്. അപകടാവസ്ഥയിലുള്ള മരങ്ങൾ, ശിഖരങ്ങൾ മുറിച്ചുമാറ്റുന്നതിന് നടപടി സ്വീകരിച്ചു. മഴക്കാലപൂർവ പ്രവർത്തനങ്ങളുടെ ഭാഗമായി ജില്ലയിൽ തദ്ദേശസ്വയംഭരണവകുപ്പിന്റെ നേതൃത്വത്തിൽ 627 മരങ്ങൾ മുറിച്ചുമാറ്റിയിട്ടുണ്ട്. തുടർന്നും ശ്രദ്ധയിൽപ്പെട്ടാൽ ഇവ നീക്കം ചെയ്യണമെന്ന നിർദേശവും നൽകി. പൊതുമരാമത്ത്, തദ്ദേശസ്വയംഭരണം, കേരള വാട്ടർ അഥോറിറ്റി, ഇറിഗേഷൻ വകുപ്പുകളിലെ ഓരോ എക്സിക്യൂട്ടീവ് എൻജിനീയർമാരുടെയും കീഴിൽ റാപ്പിഡ് റെസ്പോണ്‍സ് ടീമുകൾ തയ്യാറാണ്. 24 മണിക്കൂറും പ്രവർത്തിക്കുന്ന കണ്ട്രോൾ റൂമുകളും ജില്ലയിൽ സജ്ജമായി.
ഡെങ്കിപ്പനി കൂടുതലായി റിപ്പോർട്ട് ചെയ്ത മണ്ണാർക്കാട് മുനിസിപ്പാലിറ്റി, കോട്ടോപ്പാടം, തെങ്കര, പാലക്കാട് നഗരസഭാ പരിധിയിലെ അകത്തേത്തറ, പുതുപ്പരിയാരം എന്നിവിടങ്ങളിൽ പ്രത്യേക ശ്രദ്ധ ചെലുത്തും. പകർച്ചവ്യാധി പ്രതിരോധത്തിന് പൊതുജനങ്ങളുടെ സഹകരണം അനിവാര്യമാണെന്ന് മന്ത്രി പറഞ്ഞു.
ജില്ലയിലെ 987 സ്കൂളുകളിൽ 963 എണ്ണത്തിനും ഫിറ്റ്നസ് ലഭിച്ചിട്ടുണ്ട്. ബാക്കി സ്കൂളുകളിൽ ബന്ധപ്പെട്ട അസിസ്റ്റന്റ് എൻജിനീയർമാർ നിർദേശിച്ച അറ്റകുറ്റപണി ഉടൻ പൂർത്തിയാക്കുന്ന മുറയ്ക്ക് ഫിറ്റ്നസ് അനുവദിക്കും. സ്കൂളുകളിൽ അപകടാവസ്ഥ പൂർണമായും ഇല്ലെന്ന് ഉറപ്പാക്കണമെന്നും മന്ത്രി കർശനമായി നിർദേശിച്ചു. മഴ തുടരുന്ന സാഹചര്യത്തിൽ മിക്കയിടങ്ങളിൽ വൈദ്യുതി തകരാർ, അനുബന്ധപ്രശ്നങ്ങൾ പരിഹരിക്കാൻ ക്വിക്ക് റെസ്പോണ്‍സ് ടീം രൂപീകരിച്ചിട്ടുണ്ട്.
വന്യമൃഗശല്യത്തെ ചെറുക്കാൻ ദ്രുത പ്രതികരണ സേന (ആർആർടി)യുടെ സേവനം ഉറപ്പാക്കിയിട്ടുണ്ട്. പട്രോളിംഗും ശക്തമാക്കി. റോഡുകളിലെ വെള്ളക്കെട്ട് പിഹരിച്ച് ഗതാഗതയോഗ്യമാക്കാനും ആവശ്യമായ അപകടസാധ്യതാ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കാനും പൊതുമരാമത്ത് വകുപ്പിനോട് നിർദേശിച്ചു.
യോഗത്തിൽ ജില്ലാ കളക്ടർ കെ. സുധീർ, എഡിഎം കെ. സുനിൽകുമാർ, ജില്ലാതല ഉദ്യോഗസ്ഥർ പങ്കെടുത്തു.
Tags : Nattuvishesham Local news Rain prevention Minister N. Shamsuddin