തൊടുപുഴ: ശക്തിപ്രാപിച്ച കാലവര്‍ഷം ഏതാനും ദിവസം മാത്രം പെയ്ത ശേഷം ജില്ലയില്‍നിന്നു പിന്‍വാങ്ങി. ഇന്നലെ ജില്ലയിലെമ്പാടും പകല്‍ സമയം കനത്ത ചൂടാണ് അനുഭവപ്പെട്ടത്. കഴിഞ്ഞ ഒരാഴ്ചയായി ജില്ലയില്‍ മഴയുടെ അളവില്‍ വലിയ കുറവാണ് രേഖപ്പെടുത്തിയത്.
ജൂണ്‍ ഒന്നു മുതല്‍ ആറു വരെ വിവിധ താലൂക്കുകളില്‍ ശരാശരി 27.59 മില്ലീമീറ്റര്‍ മഴ പെയ്തിരുന്നു. ഈ മാസം 12 മുതല്‍ 19 വരെ ഔദ്യോഗിക കണക്ക് പ്രകാരം 4.637 മില്ലീമീറ്ററാണ് ജില്ലയില്‍ ആകെ പെയ്ത ശരാശരി മഴ. തൊടുപുഴ താലൂക്കിലാണ് കൂടുതല്‍ മഴ ലഭിച്ചത്. ആകെ 72.6 മില്ലീമീറ്റര്‍. എട്ടുദിവസത്തെ ശരാശരി 9.075 മില്ലീ മീറ്ററാണ്. ഇടുക്കി താലൂക്കില്‍ ആകെ പെയ്തത് 44.8 മില്ലീ മീറ്റര്‍ മഴയാണ്. ശരാശരി 5.6 മില്ലീമീറ്റര്‍. കഴിഞ്ഞ എട്ടു ദിവസവും മഴ ലഭിച്ചത് ഇടുക്കി താലൂക്കില്‍ മാത്രമാണ്. തൊടുപുഴയില്‍ രണ്ടു ദിവസം മഴ പെയ്തില്ല.
ദിവസങ്ങളില്‍ ഏറ്റവും കുറവ് മഴ ലഭിച്ചത് ഉടുമ്പന്‍ചോല താലൂക്കിലാണ്. 0.5 മില്ലീമീറ്റര്‍ മഴ മാത്രമാണ് ലഭിച്ചത്. രണ്ടു ദിവസമാണ് മഴ ലഭിച്ചത്.
മുല്ലപ്പെരിയാര്‍ അണക്കെട്ട് സ്ഥിതിചെയ്യുന്ന പീരുമേട് താലൂക്കില്‍ 7.8 മില്ലീമീറ്ററാണ് ഈ ദിവസങ്ങളില്‍ ആകെ പെയ്ത മഴ. ഇവിടെയും രണ്ടു ദിവസമാണ് മഴ ലഭിച്ചത്. ദേവികുളത്ത് 11.4 മില്ലീമീറ്റര്‍ മഴ പെയ്തു, നാലു ദിവസമാണ് മഴ ലഭിച്ചത്.
തൊടുപുഴ താലൂക്കില്‍ 18ന് 42 മില്ലീമീറ്റര്‍ മഴ പെയ്തിരുന്നു. എന്നാല്‍, അന്നു പീരുമേടും ഉടുമ്പന്‍ചോലയും ഉള്‍പ്പെടുന്ന ഹൈറേഞ്ചില്‍ മഴ പെയ്തില്ല. 19ന് ഇടുക്കിയില്‍ പെയ്ത 4.8 മില്ലീമീറ്ററാണ് ജില്ലയിലാകെ ലഭിച്ച മഴ. ജൂണ്‍ ആദ്യവാരം ഹൈറേഞ്ച്, ലോറേഞ്ച് വ്യത്യാസമില്ലാതെ കനത്ത മഴയാണ് ലഭിച്ചതെങ്കില്‍ മൂന്നാം ആഴ്ചയില്‍ അതിനു നേരേ വിപരീതമായി മഴയുടെ അളവു നന്നേ കുറഞ്ഞു.
ജൂണ്‍ ഒന്നു മുതല്‍ ഇന്നലെ വരെയുള്ള കണക്കുകളില്‍ ജില്ലയില്‍ 48 ശതമാനം മഴ കുറവാണ്. 456 മില്ലീമീറ്റര്‍ ലഭിക്കേണ്ടയിടത്ത് 237.6 മില്ലീമീറ്റര്‍ മാത്രമാണ് പെയ്തത്. സമീപ ജില്ലകളായ കോട്ടയത്തും പത്തനംതിട്ടയിലും മഴ സാധാരണ നിലയില്‍ ലഭിക്കുമ്പോഴാണ് ജില്ലയില്‍ മഴ കുറഞ്ഞത്.
ഇന്നലെ ജില്ലയില്‍ ഗ്രീന്‍ അലര്‍ട്ടായിരുന്നു. ഇന്ന് മഞ്ഞ അലര്‍ട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. അടുത്ത മൂന്നു ദിവസം 22 മുതല്‍ 24 വരെ ഗ്രീന്‍ അലര്‍ട്ടും. ജില്ലയിലെ മലയോര മേഖലയിലൂടെയുള്ള രാത്രിയാത്രയ്ക്കുള്ള നിരോധനം തുടരുകയാണ്. മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍ സാധ്യത നിലനില്‍ക്കുന്നതിനാലാണ് കരുതല്‍ നടപടി.
അണക്കെട്ടുകളില്‍ വെള്ളം കുറവ്
ജില്ലയിലെ വിവിധ അണക്കെട്ടുകളില്‍ വെള്ളത്തിന്റെ അളവും കുറവാണ്. മുല്ലപ്പെരിയാറില്‍ 113.35 അടിയാണ് ഇന്നലെ പകല്‍ 11വരെയുള്ള ജലനിരപ്പ്. ഇടുക്കി -2320.84, മാട്ടുപ്പെട്ടി - 1571.35, ആനയിറങ്കല്‍ - 1194.32, പൊന്മുടി - 690.90, കുണ്ടള - 1744.50, കല്ലാര്‍കുട്ടി- 452.95, ഇരട്ടയാര്‍ - 746.30, ലോവര്‍പെരിയാര്‍ - 248.30, കല്ലാര്‍ - 820.10 അടി എന്നിങ്ങനെയാണ് മറ്റ് അണക്കെട്ടുകളിലെ ജലനിരപ്പ്.
ലോവര്‍ പെരിയാറിലും, കല്ലാര്‍കുട്ടിയിലും മാത്രമാണ് 50 ശതമാനത്തിലേറെ വെള്ളമുള്ളത്. കല്ലാര്‍കുട്ടിയില്‍ 65.21 ശതമാനവും ലോവര്‍ പെരിയാറില്‍ 57.74 ശതമാനവും വെള്ളമുണ്ട്.
മാട്ടുപ്പെട്ടിയിലും കുണ്ടളയിലും ജലനിരപ്പ് ഏറെ താഴെയാണ്. മാട്ടുപ്പെട്ടിയില്‍ 10.30 ശതമാനവും കുണ്ടളയില്‍ 10.98 ശതമാനവുമാണ് ജലനിരപ്പ്.
Tags : Rains Nattuvishesham Distric News